Image

മാണിക്ക് എന്‍ഡിഎയിലേക്ക് സ്വാഗതമെന്ന് കുമ്മനം, പിന്തുണ തേടിയതില്‍ ബിജെപിയില്‍ ഭിന്നത

Published on 18 March, 2018
മാണിക്ക് എന്‍ഡിഎയിലേക്ക് സ്വാഗതമെന്ന് കുമ്മനം, പിന്തുണ തേടിയതില്‍ ബിജെപിയില്‍ ഭിന്നത
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കെ.എം. മാണിയുടെ സഹായം തേടിയതിന് പിന്നാലെ കേരള കോണ്‍ഗ്രസിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍ഡിഎയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്ന് കുമ്മനം പറഞ്ഞു. അതേസമയം, മാണിയുടെ പിന്തുണ തേടിയതിനെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നായിരുന്നു മാണിയുടെ പിന്തുണ തേടിയതിനോട് വി മുരളീധരന്റെ പ്രതികരണം. എന്നാല്‍ വി. മുരളീധരന്റെ നിലപാട് സംസ്ഥാന അധ്യക്ഷന്‍ തള്ളി. എന്‍.ഡി.എയുടെ നയപരിപാടികള്‍ അംഗീകരിച്ചാല്‍ മാണിക്ക് സ്വാഗതമെന്ന് കുമ്മനം ആവര്‍ത്തിച്ചു. നേരത്തെ ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച വി മുരളീധരന്റെ നിലപാടിന് പാര്‍ട്ടിയില്‍ വലിയ പിന്തുണ കിട്ടിയിരുന്നില്ല. മാണിയുമായി നേരത്തെ നടന്ന ചര്‍ച്ചക്കും സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത് കൃഷ്ണദാസിനെയായിരുന്നു. ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതും പി കെ കൃഷ്ണദാസാണ്.

എന്‍ഡിഎയുടെ വാതില്‍ എല്ലാവരുടെയും മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. മാണിയുടെ അനുകൂല തീരുമാനം ഉണ്ടായാല്‍ ഘടകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനം കൈകൊള്ളുമന്നും കുമ്മനം വ്യക്തമാക്കി. ബിഡിജെഎസുമായുള്ള തര്‍ക്കം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പരിഹരിക്കുമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിചേര്‍ത്തു. ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്നാണ് വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. ബി ഡി ജെ എസ് വിട്ടുപോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. 

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയുറപ്പിക്കാന്‍ പി.കെ കൃഷണദാസ് ദൂതനായത്. എന്നാല്‍ ഈ നീക്കത്തില്‍ മുരളീധരവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. എല്ലാവരുടെയും വോട്ട് വേണമെന്നും കെ.എം മാണിയുമായി പി.കെ കൃഷ്ണദാസ് ചര്‍ച്ച നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും കുമ്മനം പറഞ്ഞു.

മുരളീധരപക്ഷത്തെ പ്രചാരണ രംഗത്തേക്ക് അടുപ്പിക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെ കൂടിയാണ് അവരുടെ പ്രതിഷേധം മറനീക്കി പുറത്ത് വരുന്നത്. കൃഷ്ണദാസ്മുരളീധര പക്ഷങ്ങള്‍ തമ്മിലുള്ള പോര് ചെങ്ങന്നൂരിലെ പ്രചാരണ രംഗത്തും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക