Image

ഷാജി (കവിത: അഡ്വ :റോജന്‍)

Published on 18 March, 2018
ഷാജി (കവിത: അഡ്വ :റോജന്‍)
തന്‍റെ ഇരുപത്തിരണ്ടാമത്തെ
വയസ്സില്‍ ആദ്യപ്രേമം
പൊളിഞ്ഞു പാളീസായ
ദിവസം ഷാജി കവിതയെഴുത്ത്
നിര്‍ത്തി അവസാനമായി
കളളുകുടിച്ചു.

പിറ്റേന്ന് മുതല്‍
സെയില്‍സ് റെപ്പിന്‍റെ കോട്ടൂരി അവന്‍
കരിങ്കല്ല് പണിക്ക് പോയി.
പിന്നീട് അവന്‍റെ പെങ്ങമ്മാരോട്
ഒഴിച്ച് ഒരു പെണ്ണിനോടും
അവന്‍ മിണ്ടി കണ്ടിട്ടില്ല.

വന്മരങ്ങളുടെ തുമ്പിലേറി
അവന്‍ മരം മുറിച്ചു.
മുഖം ചുളിയാതെ
കക്കൂസ് ടാങ്ക് ക്ലീനാക്കി.
പഴുകിയഴുകിയ ശവങ്ങളെ
കിണറ്റില്‍ നിന്നെടുത്ത്
പോലീസുകാരെ സഹായിച്ചു.

അവന് ടൗണിലാണ്
പണിയെന്ന്
ആടിനെ തീറ്റാന്‍ വന്ന
ഓന്‍റെ പെങ്ങള് പറഞ്ഞു.

നാല്‍പ്പത്തിയൊന്ന് ഡിഗ്രി
ചൂടില്‍ ബസ്സിലിരുന്ന്
ഞാന്‍ വിയര്‍ക്കുകയായിരുന്നു.
ട്രാഫിക് ബ്ലോക്കായിരുന്നു.
തൊട്ടടുത്ത ഫ്‌ലാറ്റില്‍
ഇരുപതാം നിലയില്‍
നാലു പേര്‍ പെയിന്‍റടിക്കുന്നുണ്ടായിരുന്നു.
കൃഷ്ണമണികള്‍ പൊട്ടിത്തെറിക്കുന്ന
വെയിലായിരുന്നു.

നില കെട്ടിയ മുളയില്‍
കാല്‍ വഴുതി ഒരാള്‍
വീഴുകയായിരുന്നു.
കെട്ടിവെച്ച മുളകളില്‍
പലവട്ടം അയാളുടെ തലയിടിച്ചു.
നെഞ്ചും കാലും മുഖവും
നിലകളില്‍ തട്ടി അയാള്‍
സ്ലോമോഷനില്‍ താഴേക്ക്
പതിക്കുകയായിരുന്നു.
എവിടെയോ തട്ടി അയാളുടെ
കൈ ഒടിയുന്ന ശബ്ദം കേട്ടു.

തക്കാളിപ്പെട്ടി മറിഞ്ഞ മാതിരി
കോണ്‍ക്രീറ്റ് തറയില്‍
അയാള്‍ കിടന്നു.

ഷാജി...ഷാജിയെന്ന്
വിളിച്ച് താഴെ ആരോ
ഓടി വന്നു.
മുകളില്‍ അവനൊപ്പം
പെയിന്‍റടിച്ചിരുന്നവര്‍
മുളയിലും കയറിലും
പിടിച്ച് അന്തംവിട്ട്
താഴേക്ക് നോക്കി.

അന്തിക്ക്
ഓന്‍റെ രണ്ട് പെങ്ങമാരും
" പണിക്ക് പോണ്ടാന്ന്
പറഞ്ഞതല്ലേ...
പുറം പൊളളി
പഴുത്തൊലിച്ചതല്ലേ..."
എന്ന് മാത്രം
ആവര്‍ത്തിച്ചാവര്‍ത്തിച്ച്
അലമുറയിട്ടു.
Join WhatsApp News
വിദ്യാധരൻ 2018-03-19 00:00:43
ഒരു നല്ല വക്കീലാകുക സുഹൃത്തേ
പറന്നടുക്കും പെൺകിടാങ്ങൾ
മധു തേടിയെത്തും തേനീച്ചപോലെ  
കവിതയെഴുത്തെന്ന
ആവാത്ത പണിക്കുപോയ്
കാവ്യാംഗന അപമാനിതയായി
പ്രേമം പൊളിഞ്ഞു പാളീസായ്
മരംമുറിക്കലായ്
കക്കൂസ് കഴുകലായി
കിണറ്റിൽ നിന്ന് ശവമെടുക്കലായ്
എന്നിട്ടും പഠിക്കുന്നില്ല പാഠം
പിന്തുടരുന്നതെന്തേ  പിന്നെയും
കാവ്യാംഗനയെ പീഡിപ്പിക്കുവാൻ?

ഡോ.ശശിധരൻ 2018-03-19 14:28:08

തന്‍റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ആദ്യപ്രേമം പരാജയപെട്ട് എല്ലാം അഴിച്ചു വെച്ച് കുടുംബം പോറ്റാൻ താഴന്ന ജോലി തിരഞ്ഞെടുത്തത്‌ തന്നെ സമൂഹത്തിനുള്ള നല്ലൊരു സന്ദേശമാണ്.ഒരു നേരത്തിനു ആഹാരത്തിനു പോലും കഴിവില്ലാതെ പണകാരിയായ പെണ്ണിനെ മോഹിച്ചു  പ്രേമിച്ചു പരാജയപെട്ടു ഷാജി ആത്മഹത്യചെയ്തിരിന്നുവെങ്കിൽ ഒന്ന് കരയാൻ പോലും ആരുമുണ്ടാകുമായിരുന്നില്ലഇപ്പോൾ കരയാൻ സ്വന്തം പെങ്ങമാരുമെങ്കിലുമുണ്ട്പ്രേമത്തിനുവിലയുണ്ടാകണമെങ്കിൽ ജീവിതത്തിനു വിലയുണ്ടണം .അതുകൊണ്ടു നാം കാണുകയും കേൾക്കുകയും ചെയ്യുന്ന ജീവിത സാഹചര്യങ്ങളിൽ നിന്നും മെനഞ്ഞെടുത്ത  ഈകവിത ഷാജിയയുടെ കുടുംബ ജീവിതത്തിനു വിലയുണ്ടെന്നും അതുകൊണ്ടു ഷാജിയുടെ മരണത്തിനും വിലയുണ്ടെന്നും ചൂണ്ടിക്കാണിച്ച അഡ്വക്കേറ്റ് റോജൻ നല്ലൊരു കവി തന്നെ.

(ഡോ.ശശിധരൻ)

വെറുംധരൻ 2018-03-19 16:05:10
പ്രേമത്തിൽ പരാജയപ്പെട്ട് അതുപേക്ഷിച്ച് പണിചെയ്ത് ജീവിച്ചവൻ കെട്ടിടത്തിൽ നിന്ന് താഴെവീണ് ചത്തുപോയെന്ന സന്ദേശത്തിൽ കവിതയുണ്ട്? വേണെങ്കിൽ ഒരു കൊച്ചു കഥയാക്കാമായിരുന്നു. കവിത എന്ന ലേബലൊട്ടിച്ചാൽ മതിയോ, ഇച്ചിരി കവിത്വത്തിന്റെ ഗുമ്മുകൂടി വേണ്ടേ?
വായനക്കാരൻ 2018-03-19 16:47:07
നിങ്ങൾ ചുള്ളിക്കാടിന്റെ ശിഷ്യനായിരിക്കും ?. ചുള്ളിക്കാടിന് അവസാനം ബോധോദയം ഉണ്ടായിരിക്കുന്നു . അദ്ദേഹത്തിൻറെ കവിത സാധനം പഠിച്ച് വിദ്യാർത്ഥികൾ വഴിതെറ്റുന്നു അതുകൊണ്ട് അത് പഠിപ്പിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു .  ഗുരു അങ്ങനെ ചെയ്ത സ്ഥിതിക്ക് നിങ്ങളും അങ്ങനെ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം . ഒരു ചെറുകഥയായിരുന്നെങ്കിൽ എത്ര നന്നായേനെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക