Image

വിശ്വവിജയിയായി ആര്‍ .ശ്രീകണ്ഠന്‍ നായര്‍

അനില്‍ പെണ്ണുക്കര Published on 19 March, 2018
വിശ്വവിജയിയായി ആര്‍ .ശ്രീകണ്ഠന്‍ നായര്‍
ലോക ടോക് ഷോ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ടെലിവിഷന്‍ അവതാരകന്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് ഇനി ആര്‍. ശ്രീകണ്ഠന്‍ നായര്‍ക്ക് സ്വന്തം. അദ്ദേഹത്തിന്റെ ജന്മ നാടായ കൊട്ടാരക്കരയില്‍ നടന്ന ലൈവ് ഷോയില്‍ തുടര്‍ച്ചയായി 6 മണിക്കൂര്‍ ടോക്ക് ഷോ ചെയ്ത് 675 ചോദ്യങ്ങള്‍ ചോദിച്ചാണ് ഗിന്നസ് റെക്കാര്‍ഡിലേക്ക് അദ്ദേഹം സവിനയം നടന്നു കയറിയത് .

താന്‍ വന്ന വഴികളൊന്നും മറക്കാത്ത ഒരു നല്ല മനുഷ്യനാണ് ശ്രീകണ്ഠന്‍ നായര്‍ എന്നതിന്ന് ഏറ്റവും നല്ല തെളിവ്, ഈ പരിപാടി അദ്ദേഹത്തിന്ന് എവിടെ വെച്ച് നടത്താമായിരുന്നിട്ടും, ജന്‍മനാടായ കൊട്ടാരക്കരയില്‍ വെച്ച് തന്നെ നടത്തി എന്നതുതന്നെ .

വാര്‍ത്തകളുടെ ലോകത്തെ വിഷയങ്ങളുടെ കാഠിന്യം അവയെ പൊതുജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് പരിഹാരമായാണ് ശ്രീകണ്ഠന്‍ നായര്‍ എന്ന പ്രക്ഷേപകന്‍ ആകാശവാണിയില്‍ നിന്നും ദൃശ്യ മാധ്യമലോകത്തേക്ക് കടന്നു വന്നത്. അത് ഒരു വെറും വരവായിരുന്നില്ല എന്ന് കാലം തെളിയിക്കുന്നു. പൊതു ജനം ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങള്‍ തൊടുത്തു വിടുന്ന ഒരു സാധാരണക്കാരന്‍ എന്ന നിലയിലാണ് ആര്‍ ശ്രീകണ്ഠന്‍ നായര്‍ നമ്മുടെയൊക്കെ മനസിലേക്ക് ചേക്കേറിയത് എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല .

ആറ് മണിക്കൂര്‍ സമയത്തില്‍ 675ചോദ്യങ്ങളിലായി ആറ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ്ഗിന്നസ്‌റെക്കോര്‍ഡ് എന്ന വലിയ വാര്‍ത്തയ്ക്കപ്പുറം അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നത്.മലയാള ടെലിവിഷന്‍ ഇന്ന് നേരിടുന്ന മൂല്യ ച്യുതിക്ക് ഒരു വലിയ പരിഹാരം കൂടിയാണ് ഈ മനുഷ്യന്‍.മാധ്യമ സംസ്കാരത്തില്‍ കാലോചിതമായി വരുത്തേണ്ട തിരുത്തലുകളുടെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ് ആര്‍ ശ്രീകണ്ഠന്‍ നായരും അദ്ദേഹത്തിന്റെ ചോദ്യങ്ങളും പ്രസക്തമാകുന്നത്.അവിടെയാണ് നെഞ്ചും വിരിച്ചു ആയിരം എപ്പിസോഡുകള്‍ തികയ്ക്കുന്ന ശ്രീകണ്ഠന്‍ നായരുടെ ചോദ്യാവലി ലോക റെക്കോഡിലേക്ക് കടന്നത്.
മലയാളിയുടെ സ്വകാര്യ അഹംകാരം കൂടിയായി മാറിയ ആര്‍ .ശ്രീകണ്ഠന്‍ നായര്‍ക്ക് ഇത്രയും ചോദ്യങ്ങള്‍ ചോദിച്ചു ലോക റിക്കാര്‍ഡ് നേടുക എന്നത് അത്ര അത്ഭുതമൊന്നുമുള്ള കാര്യമല്ല .

അദ്ദേഹം ഇത്രയും നാളിനോടകം നമ്മോടു ചോദിച്ച ചോദ്യങ്ങള്‍ എത്രയാണെന്ന് നമുക്കറിയില്ല.ഇവിടുത്തെ പൊതു സമൂഹത്തിനു മുന്നില്‍,രാഷ്ട്രീയക്കാര്‍ക്ക് മുന്‍പില്‍,ബ്യുറോക്രസിക്ക് മുന്‍പില്‍ ചില ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചു ഗുഡ്‌ബൈ പറഞ്ഞു ഒരു ചെറിയ സ്ക്രീനില്‍ നിന്ന് അദ്ദേഹം മായുമ്പോള്‍ കാണികള്‍ ഇതേ സമൂഹത്തോട് ആ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും .അതാണ് ശ്രീകണ്ഠന്‍ നായര്‍ എന്ന മനുഷ്യ സ്‌നേഹിയായ മാധ്യമ പ്രവര്‍ത്തകനെ ലോക മലയാളികള്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം.

വര്‍ഷങ്ങളായി മലയാളികള്‍ കണ്ടും കേട്ടും ആസ്വദിച്ചുകൊണ്ടിരിക്കുന്ന രൂപവും ഭാവവും ശബ്ദവുമാണ് ആര്‍. ശ്രീകണ്ഠന്‍ നായര്‍. നാടകകൃത്ത്, നടന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍, ഹാസ്യ സാഹിത്യകാരന്‍, ചാനല്‍ മേധാവി, അവതാരകന്‍, നല്ല സംഘാടകന്‍, കോളജ് അധ്യാപകന്‍, ആകാശവാണി ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ നിരവധി രംഗങ്ങളിലാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ മുഴുവന്‍ സമയം ടെലിവിഷന്‍ ചാനല്‍ മേധാവിയും അവതാരകനായും ചാനല്‍ ഷോകളില്‍ നിറഞ്ഞുനില്‍ക്കുന്ന അപൂര്‍വ വ്യക്തിത്വം. നമ്മള്‍ തമ്മില്‍, സമദൂരം, ശ്രീകണ്ഠന്‍ നായര്‍ ഷോ എന്നീ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ തെരഞ്ഞെടുക്കുന്ന വിഷയത്തിനും അതിനു പറ്റിയ അതിഥികളെ പങ്കെടുപ്പിക്കുന്നതിലും പാളിച്ചകള്‍ പറ്റാത്ത അവതാരകന്‍.
ആകാശവാണിയുടെ എല്ലാമായി നില്‍ക്കുമ്പോള്‍ ആണ് അദ്ദേഹം ഏഷ്യാനെറ്റിലേക്ക് വരുന്നത് .

ആകാശവാണിയില്‍ ജോലി ചെയ്യുമ്പോള്‍തന്നെ ഏഷ്യാനെറ്റില്‍ 'നമ്മള്‍ തമ്മില്‍' പ്രോഗ്രാം ചെയ്തിരുന്നു. അതിന്റെ വിജയസാധ്യതയും അവതാരകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംസാരവും ചാട്ടവും കണ്ട് ഏഷ്യാനെറ്റ് ചെയര്‍മാന്‍ ഡോ. രജിമേനോന്‍ ഏഷ്യാനെറ്റിലേക്ക് ക്ഷണിച്ചു. അന്ന് ശ്രീകണ്ഠന്‍ നായര്‍ അത്ര താല്പര്യം കാട്ടിയില്ല. ആറുമാസം കഴിഞ്ഞപ്പോള്‍ ഡോ. രജിമേനോന്‍ വിളിച്ചു. "ഏഷ്യാനെറ്റിന് എന്റെ സേവനം അത്യാവശ്യമാണെങ്കില്‍ മാത്രം വിളിച്ചാല്‍ ഞാന്‍ വരാം. എന്തായാലും ഇപ്പോള്‍ വേണ്ട" മൂന്നുദിവസം കഴിഞ്ഞ് ഡോക്ടര്‍ വിളിച്ചുപറഞ്ഞു. 'യൂ ആര്‍ അപ്പോയിന്റഡ് ഇന്‍ പുളിയറക്കോണം".

മുന്തിയ ശമ്പളത്തില്‍ നാഗര്‍കോവില്‍ സ്‌റ്റേഷന്‍ ഡയറക്ടറുടെ ചാര്‍ജില്‍ ഇരിക്കുകയായിരുന്നു അപ്പോള്‍ . ഡോ. രജിമേനോന്റെ നിര്‍ബന്ധത്തിനു വഴങ്ങി കാണാമെന്ന് സമ്മതിച്ചു. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു 'നിങ്ങള്‍ ഇപ്പോള്‍ വരുന്നില്ലെങ്കില്‍ പിന്നെ ഒരിക്കലും വരണ്ട.' അതിന്റെ അര്‍ത്ഥം ശ്രീകണ്ഠന്‍ നായര്‍ക്ക് മനസിലായില്ല. പിന്നീടാണ് മനസിലായത്. 15 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് ഏഷ്യാനെറ്റ്. എന്തായാലും മുങ്ങുന്ന കപ്പലിലേക്ക് അദ്ദേഹം പോകാന്‍ തീരുമാനിക്കുകയായിരുന്നു . ആകാശവാണിയില്‍ 18 വര്‍ഷത്തെ സര്‍വീസും മൂന്നുവര്‍ഷത്തെ ലീവും ബാക്കിയുണ്ടായിന്ന അദ്ദേഹത്തിന്റെ തീരുമാനം പലരെയും ഞെട്ടിച്ചു. ഭ്രാന്താണെന്നുവരെ പറഞ്ഞുപരത്തി.പക്ഷെ മുങ്ങുന്ന കപ്പലായ ഏഷ്യാനെറ്റിനെ ഇന്ന് കാണുന്ന അതികായനാക്കി വളര്‍ത്തിയെടുത്തതില്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന സാധാരണ മനുഷ്യന്റെ ചാട്ടത്തിനും ഗുഡ് ബൈക്കും വലിയ പങ്കുണ്ട്.

അദ്ദേഹം പിന്നീട ജോലി ചെയ്ത മനോരമയുടെ വളര്‍ച്ചയിലും ,ഇപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനമനസ് കീഴടക്കിയ ഫഌവഴ്‌സ് ചാനലിന്റെ വളര്‍ച്ചയ്ക്ക് പിന്നിലും ഈ സാധാരണക്കാരന്റെ നിശയദാര്‍ഢ്യവും ,പ്രവര്‍ത്തനമികവും മാത്രമാണ് എന്ന് പറഞ്ഞാല്‍ ആരും വിയോജിക്കുകയില്ല.

സ്വന്തം പ്രയത്‌നം കൊണ്ട് റിക്കാര്‍ഡുകള്‍ ഭേദിക്കുന്നവരാണ് ഗിന്നസില്‍ കടന്നു കൂടുക.പക്ഷെ പണ്ടേയ്ക്കു പണ്ടേ മലയാളിയുടെ ഗിന്നസ് ബുക്കില്‍ ഓടിക്കയറിയ അദ്ദേഹത്തെ ഇനി അവിടെ നിന്ന് പുറത്താക്കാന്‍ പുതിയ പ്രതിഭകള്‍ വരേണ്ടിയിരിക്കുന്നു.അങ്ങനെ ഒരാള്‍ വന്നാല്‍ അദ്ദേഹത്തെ രണ്ടുകൈകളും നീട്ടി സ്വീകരിക്കുന്നതും,അല്ലങ്കില്‍ അങ്ങനെ ഒരാളെ മലയാളിക്ക് പരിചയപ്പെടുത്തുന്നതും ശ്രീകണ്ഠന്‍ നായര്‍ സാര്‍ ആയിരിക്കും.
വിശ്വവിജയിയായി ആര്‍ .ശ്രീകണ്ഠന്‍ നായര്‍
Join WhatsApp News
Ponmelil Abraham 2018-03-19 17:13:38
A unique personality in Malayalam T. V. field. Sri Kantan Nair has a very magical touch in every episode he does as well as in attracting viewers and to keep a stream of genuine followers. Wish you all the best.
Vijay Kumar, New York 2018-03-20 20:25:47
A highly respectable//intellectual personality "KING" that is Mr. Sreekandan Nair.  Here it is very
difficult/ignorant for me to find a word or I don't know """how to praise/appreciate on Mr.. S. Nair
because HE is such a  GOD blessed personality. My prayer always for his ""long live with admirations""
Vijaykumar, New York
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക