Image

വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം. എട്ടാം ഭാഗം: ജയന്‍ വര്‍ഗീസ്)

Published on 20 March, 2018
വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം. എട്ടാം ഭാഗം: ജയന്‍ വര്‍ഗീസ്)
VIII. ജീവന്‍.

ജീവന്‍ എന്ന സ്‌പെഷ്യല്‍ സ്റ്റാറ്റസ് ഉള്‍ക്കൊണ്ടു നില്‍ക്കുന്ന പ്രപഞ്ച വസ്തുക്കളില്‍ ഒന്ന് മാത്രമാണ് നമ്മള്‍. ആയിരമായിരം വ്യത്യസ്ത സ്റ്റാറ്റസുകള്‍ ഉള്‍ക്കൊണ്ട് നില്‍ക്കുന്ന അസംഖ്യങ്ങളായ പ്രപഞ്ച വസ്തുക്കളില്‍പ്പെട്ട കേവലം ഒന്ന്. ഈ അവസ്ഥയിലാണ് ഇപ്പോള്‍ നാം നില നില്‍ക്കുന്നത്. അല്ലെങ്കില്‍, ഈ അവസ്ഥ പേറുന്ന വര്‍ത്തമാനമേ നമ്മുടെ ചിന്തകളില്‍ ഇപ്പോള്‍ നില നില്‍ക്കുന്നുള്ളു എന്നതാണ് സത്യം? ഈ അവസ്ഥക്ക് മുന്‍പും നമ്മളുണ്ടായിരുന്നു? ഈ അവസ്ഥക്ക് ശേഷവും നമ്മളുണ്ട്? നമുക്കനുഭവേദ്യമാവുന്ന ഈ വര്‍ത്തമാനാവസ്ഥയില്‍ അല്ലെന്നു മാത്രം!

ആകാശം, അഗ്‌നി, വായു, ജലം,പൃഥ്വി എന്നീ പഞ്ച ഭൂതങ്ങളുടെ സമഞ്ജ സമ്മേളനത്തിലാണ് ജീവന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടതും, ശക്തി സ്വരൂപങ്ങളായ ജൈവ സ്രോതസ്സുകളുമാണ്. ഇവകളെ നിര്‍ജ്ജീവ വസ്തുക്കളായി എണ്ണിക്കൊണ്ടാണ് " അജൈവ വസ്തുക്കളിലുണ്ടായ രാസ പരിണാമമാണ് സജീവ വസ്തുക്കളുടെ ഉത്ഭവത്തിന് വഴി തെളിച്ചത് " എന്ന സിദ്ധാന്തം ശാസ്ത്രജ്ഞന്മാര്‍ രൂപപ്പെടുത്തിയതും, പൊതുജനത്തെ ബോധവല്‍ക്കരിക്കുന്നതും?

പഞ്ചഭൂതങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ അഭാവത്തില്‍ ജീവന് നിലനില്‍ക്കാനാവുന്നില്ല; വളരാനാവുന്നില്ലാ; പ്രത്യുല്‍പ്പാദനം നടത്താനാവുന്നില്ലാ. ഇത് കൊണ്ട് തന്നെ ജീവന്റെ പ്രധാന ചോദന സംവിധാനം പഞ്ചഭൂതങ്ങള്‍ തന്നെ എന്ന് വരുന്നു. ഈ ചോദന സംവിധാനത്തിന്റെ തണലിലാണ് നാം കാണുന്ന ജീവലോകം ഇതുപോലെ കൊഴുത്തു തടിക്കുന്നത്. ഇതില്‍ നിന്നുള്ള വേര്‍പെടല്‍ നാശമാണ്, മരണമാണ്‍

ഈ ജൈവ കാലാവസ്ഥ ഇവിടെ ഇത് പോലെ രൂപപ്പെടുന്നതിനുള്ള കാരണങ്ങള്‍ അന്വേഷിച്ചു പോകുന്ന ഒരാള്‍ക്ക് അതി സങ്കീര്‍ണ്ണങ്ങളായ ആയിരമായിരം സാദ്ധ്യതകളുടെ അനന്ത മേഖലകള്‍ ഇനിയും കണ്ടെത്താനാവും. ഒരുവേള ഇതിന് നഗ്‌ന നേത്രങ്ങള്‍ മാത്രം മതിയാകും എന്നും തോന്നുന്നില്ല. കേവല മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും അപ്രാപ്യമായ ഒരു തലം തന്നെ ആയിരിക്കണം അത്. അവിടെ രൂപപ്പെട്ട അനുപമവും, അനിര്‍വ്വചനീയവുമായ ഒരു മാസ്റ്റര്‍പ്ലാനിന്റെ പ്രായോഗിക പരിപാടിയായിരിക്കണം നമുക്ക് ചുറ്റുമുള്ള ഈ സര്‍ഗ്ഗ സാഹചര്യങ്ങള്‍!

നമ്മുടെ പരീക്ഷണ നിരീക്ഷണങ്ങള്‍ ഇപ്പോഴും പാതിവഴിയില്‍ എത്തി നിക്കുന്നതേയുള്ളു. ഈ പാതിവഴിയില്‍പ്പോലും നമുക്കാര്‍ജ്ജിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ വളരെ വലുതാണെന്ന് സമ്മതിക്കാം. ഈകണ്ടെത്തലുകള്‍ കണ്ടെത്തലുകളുടെ ഫൈനല്‍ ആണെന്നും, ഇനിയൊന്നും ഇതിന്റെ അപ്പുറം ഇല്ലന്നും നാം പറയരുത്. ആണവ വിസ്‌പോടനം കൊണ്ട് ഉണ്ടാക്കാനാവുന്ന ശക്തിയാണ് മനുഷ്യന്‍ കണ്ടെത്തിയ ഏറ്റവും വലിയ ശക്തിയെന്ന് നമ്മള്‍ പറയുകയും, പഠിപ്പിക്കുകയും ചെയ്തു. ഈ പ്രിക്രിയയിലൂടെ പുറത്തേക്ക് തെറിപ്പിക്കാനാവുന്ന ശക്തി തുലോം തുച്ഛമായ ഒന്നര ( 1.5 ) ശതമാണെങ്കില്‍, നൂറ് ( 100 ) ശതമാനം ശക്തി പുറപ്പെടുവിക്കാനാകുന്ന പുത്തന്‍ ദ്രവ്യം (മാറ്റര്‍ ) സ്വിറ്റ്‌സര്‍ലണ്ടിലെ ഊര്‍ജതന്ത്ര പരീക്ഷണ വേദിയായ സേണ്‍ (ഇഋഞച) ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു! ' ആന്റിമാറ്റര്‍ ' എന്ന് അറിയപ്പെടുന്ന ഈ ദ്രവ്യം പതിവിനു വിപരീതമായി എതിര്‍ ദിശയിലുള്ള ഇലക്ട്രിക് ചാര്‍ജ് വഹിക്കുന്നത് കൊണ്ടാണ് ഇതിനെ ആന്റിമാറ്റര്‍ എന്ന് വിളിക്കുന്നത്.

ഇപ്പോള്‍ പരീക്ഷണ ശാലയില്‍ മാത്രം വേര്‍തിരിക്കപ്പെട്ട ഈ കണങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനാവുന്‌പോള്‍ ഒരു ചെറു മാത്ര കൊണ്ട് മാത്രം ന്യൂയോര്‍ക്ക് സിറ്റിക്ക് ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനാവും. റേഡിയേഷനോ, പൊലൂഷനോ സൃഷ്ടിക്കാത്ത ' ആന്റിമാറ്റര്‍ ' ഒരു ഗ്രാം ഉപയോഗപ്പെടുത്തിക്കൊണ്ട് ഇരുപത് കിലോ ടണ്‍ പ്രഹര ശേഷിയുള്ള ഒരു ' ഹിരോഷിമ ' ബോംബും നിര്‍മ്മിക്കാനാവുമെങ്കിലും ഏതാണ് വേണ്ടതെന്ന് മനുഷ്യന്‍ തന്നെ തീരുമാനിക്കട്ടെ? ഈ സംഗതി ഇപ്പോള്‍ ഇവിടെ പറയാന്‍ കാരണം, മനുഷ്യന്റെ അറിവുകളോ, നിഗമനങ്ങളോ, കാഴ്ചകളോ, കണ്ടെത്തലുകളോ ഒരിടത്തും എത്തിയിട്ടില്ലാ എന്ന് പറഞ്ഞു വയ്ക്കാന്‍ മാത്രമാണ്.

പ്രപഞ്ചം ഒരു വന്‍ സാഗരമാണെങ്കില്‍, അതില്‍ നിന്ന് ശേഖരിച്ചു വേര്‍തിരിക്കപ്പെട്ട ഒരു തുള്ളിയാകുന്നൂ നമ്മള്‍. നമ്മള്‍ ശേഖരിക്കപ്പെട്ട പാത്രത്തിന്റെ ആകൃതിയില്‍ നാം രൂപം ധരിക്കുന്നുവെന്നേയുള്ളു. ഇപ്പോള്‍ നാം ശേഖരിക്കപ്പെട്ടിരിക്കുന്നത് ആറടി നീളവും, രണ്ടടി വീതിയും, ഒരടി ഘനവുമുള്ള ' മനുഷ്യന്‍' എന്ന കുപ്പിയിലാകുന്നു. ഈ കുപ്പിക്കുള്ളിലായിരിക്കുന്‌പോള്‍ നമുക്ക് നമ്മുടേതായ രൂപമുണ്ട്, ആസ്തിത്വമുണ്ട്, നമ്മെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളുണ്ട്. ഈ കുപ്പിയില്‍ ആകുന്നതിനു മുന്‍പ് നമുക്കീ രൂപവും, അസ്തിത്വവും, അടയാളവും ഉണ്ടായിരുന്നില്ല. പ്രപഞ്ച സാഗരത്തിലെ, വന്യമായ അതിന്റെ ജലശേഖരത്തിലെ, വേര്‍തിരിക്കപ്പെടാനാവാത്ത ഒരു ഭാഗം മാത്രമായിരുന്നു നമ്മള്‍. ഇപ്പോഴത്തെ ഈ പ്രത്യേക രൂപത്തില്‍ നിന്നും നാളെ നാം തിരികെ ഒഴിക്കപ്പെടും. അപ്പോള്‍ നമുക്ക് നമ്മുടെ രൂപവും, അടയാളവും ഇല്ലാതാവും. പക്ഷെ, നാമുണ്ട്. കുപ്പിയിലാവുന്നതിനു മുന്‍പ് നമ്മള്‍ എന്തായിരുന്നുവോ, അതായിട്ട് നാമുണ്ട്. വേര്‍തിരിക്കപ്പെടാത്ത ജലശേഖരമായി നമ്മളുണ്ട്. പ്രപഞ്ചമായി നമ്മളുണ്ട്." അഹം ബ്രഹ്മാസ്മി " എന്ന് പാടിയ ആചാര്യന്‍ ഇത് വഴി ആയിരിക്കുമോ ചിന്തിച്ചിരിക്കുക?

നിരന്തരമായി ശേഖരിക്കപ്പെടുകയും, നിരന്തരമായി തിരിച്ചൊഴിക്കപ്പെടുകയും ചെയ്യുന്ന മഹായാനമാണ് നാം കാണുന്ന ലോകം. ഇപ്പോള്‍ നാം ഘടിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. ഇനി വിഘടിപ്പിക്കപ്പെടുന്ന അവസ്ഥ വരും. രണ്ടവസ്ഥകളിലും നാമുണ്ട്; രണ്ടു രൂപങ്ങളില്‍ ആണെന്നേയുള്ളൂ?

നാം വിഘടിപ്പിക്കപ്പെട്ട ശേഷം ഘടിപ്പിക്കപ്പെടുന്നവയില്‍ നമ്മളുണ്ടോ? ഉണ്ടാവും ഉണ്ടാവണം! അപ്പോള്‍ നമുക്ക് നമ്മുടേതായിരുന്ന പഴയ ആസ്തിത്വമില്ല. പുതുതായി ഘടിപ്പിക്കപ്പെടുന്നവയില്‍ പുതിയ ആസ്തിത്വമാവും ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. ഈ പുതിയ ആസ്തിത്വത്തിലും നമ്മളുണ്ട്. പക്ഷെ, അത് നമ്മുടേതു മാത്രമായിരുന്ന പഴയ ആസ്തിത്വമല്ല. ഇവിടെ പുതിയതും, സ്വതന്ത്രവുമായ ആസ്തിത്വത്തിലെ ഒരംശമായി നമ്മളും പങ്ക് ചേരുന്നുവെന്നേയുള്ളു. നാം വിഘടിപ്പിക്കപ്പെട്ടതിനു ശേഷം ഘടിപ്പിക്കപ്പെടുന്ന ജന്മാന്തരങ്ങളിലൂടെ നാം തിരിച്ചു വരും.! അത് നമ്മളായിട്ടല്ല; നമ്മളും കൂടി ആയിട്ട്. പുതിയതിന്റെ ഭാഗമായിട്ട്. അവിടെ നമ്മള്‍ നമ്മളായിട്ടില്ല; പക്ഷെ, നമ്മളുണ്ട്. കുപ്പിയിലായിരുന്നപ്പോള്‍ സ്വന്തം ആസ്തിത്വമുണ്ടായിരുന്ന ജലം കടലിലേക്ക് തിരിച്ചൊഴിച്ചു വീണ്ടും ശേഖരിക്കുന്‌പോള്‍, അതില്‍ എപ്രകാരം ഒഴിക്കപ്പെട്ട മുന്‍ജലം ഉള്‍ക്കൊള്ളുന്നുവോ, അതുപോലെ,? പുനര്‍ജ്ജന്മത്തിന്റെ പുല്‍ക്കൊടിത്തുന്പില്‍ തൂങ്ങി ഭാരതീയാചാര്യന്മാര്‍ തല കറങ്ങി വീഴുന്നത് ഇത്തരം അന്തമില്ലാത്ത ചിന്തകളുടെ അവസാനമായിട്ടായിരിക്കണം??

നാമെന്നും പ്രപഞ്ചത്തിലുണ്ടായിരുന്നു എന്നും ഉണ്ടായിരിക്കുകയും ചെയ്യും! എന്നും പ്രപഞ്ചം ഉണ്ടായിരുന്നത് പോലെ? ഇനിയും എന്നെന്നും പ്രപഞ്ചം ഉണ്ടായിരിക്കുന്നത് പോലെ !!

' ഡോക്ടര്‍ ഖൊരാന ' എന്ന ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ രാസ വസ്തുക്കളെ സംയോജിപ്പിച് അതില്‍ നിന്ന് ജീവന്റെ മോളീക്യൂള്‍ സൃഷ്ടിച്ചെടുത്തു എന്നൊരു വാര്‍ത്ത രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് വായിച്ചിരുന്നതായി ഓര്‍ക്കുന്നു. സുദീര്‍ഘമായ ഇത്രയും കാലത്തിനിടക്ക് ആ രംഗത്ത് ഏതെങ്കിലും പുരോഗതി ഉണ്ടായതായോ, ഖൊരാനയുടെ മോളീക്യൂള്‍ വളര്‍ന്ന് ഒരമീബയുടെ അവസ്ഥയെങ്കിലും നേടിയതായോ അറിവില്ല. അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ എന്തായിയെന്നോ, എന്തെങ്കിലും പുരോഗതി ആ രംഗത്തുണ്ടായോ എന്നും അറിയുവാന്‍ ഇന്നും അളവറ്റ ആഗ്രഹമുണ്ട്

അജൈവ വസ്തുക്കളില്‍ നിന്ന് ജീവ വസ്തുക്കള്‍ ഉരുത്തിരിയാനുള്ള സാദ്ധ്യത അശേഷമില്ല. സജീവ വസ്തുക്കളെ അജൈവ വസ്തുക്കള്‍ എന്ന് എണ്ണി വേര്‍തിരിക്കുന്നതായിരിക്കണം ഇവിടെ യദാര്‍ത്ഥ പ്രശ്‌നം. കല്ലിലും, മണ്ണിലും മനുഷ്യന്റേതു പോലെ സ്പന്ദിക്കുന്ന ഹൃദയവുമായി ജീവനെ അന്വേഷിച്ചാല്‍ നമുക്ക് തെറ്റും? സര്‍വ പ്രപഞ്ചത്തിലും സജീവമായിരുന്ന് അതിനെ ചലിപ്പിക്കുകയും, നിയന്ത്രിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന ശക്തി സര്‍വ്വസ്വമായ പ്രപഞ്ചാത്മാവ് കല്ലിലും, മണ്ണിലും, പുല്ലിലും, പുഴുവിലും സജീവമാണ്. ജീവന്റെ പുത്തന്‍ എഡീഷനുകള്‍ എവിടെയും വിരിയിച്ചെടുക്കപ്പെടുന്നത് സര്‍വ ശക്തമായ ആ സജീവതയുടെ സര്‍ഗ്ഗ ചോദനകളെ ഏറ്റു വാങ്ങിക്കൊണ്ടാകുന്നു. അതായത്, തങ്ങളില്‍ അര്‍പ്പിതമായ ധര്‍മ്മം അതിസമര്‍ഥമായി അവ നിര്‍വഹിക്കപ്പെടുന്നതിലൂടെയാകുന്നു!?

മുറ്റത്തെ ചെറുമുല്ലയില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു കൊച്ചുപൂവ് അതിന്റെ നിറവും, മണവും രൂപപ്പെടുത്തുന്നതിന് വേണ്ടി സ്വീകരിച്ചിട്ടുള്ള പ്രചോദന ഖനി ആ പൂവ് കാലുറപ്പിച്ചു നില്‍ക്കുന്ന മുല്ലച്ചെടി മാത്രമല്ലാ, മുല്ല നില്‍ക്കുന്ന ഭൂമിയും, ഭൂമി നില്‍ക്കുന്ന സൗരയൂഥവും സൗരയൂഥം നില്‍ക്കുന്ന ക്ഷീരപഥവും, ക്ഷീരപഥം നില്‍ക്കുന്ന പ്രപഞ്ചവും ആ കൊച്ചു പൂവിനു വേണ്ടി ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു!

നാമും, നാം കാണുന്ന ലോകവും നശിക്കാതിരിക്കുന്നത് ആ ജീവവ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാകുന്നു. അദ്വൈത സിദ്ധാന്തകാരന്‍ ആദിശങ്കരന്‍ കണ്ടെത്തുകയും, സര്‍വലോക സര്‍വജ്ഞരോടും വ്യാഖ്യാനിക്കുകയും ചെയ്ത ആ ജീവവ്യവസ്ഥയാണ്, പ്രപഞ്ചത്തിലെ അല്‍പ്പമെങ്കിലും നാമറിയുന്ന ഈ ചെറുഗോളത്തിലെ സത്യ സൗന്ദര്യങ്ങളുടെ സാക്ഷാല്‍ക്കാരമായ ജീവവ്യവസ്ഥ അത്യതിശയകരമായി ഉരുത്തിരിയിച്ചതും; നിത്യ സത്യമാക്കി അതിനെ നില നിര്‍ത്തുന്നതും!?

നമ്മുടെ കാഴ്ച കേവലമായ നൂറു വര്‍ഷങ്ങള്‍ക്ക് ഉള്ളിലുള്ളതാകയാല്‍ മഹായാനത്തിന്റെ ഒരു വളപ്പൊട്ട് മാത്രമേ നാം കാണുന്നുള്ളൂ. ആഴ്ചകള്‍ക്കുള്ളില്‍ ഘടിപ്പിക്കപ്പെട്ട് വിഘടിപ്പിക്കപ്പെടുന്ന ജീവിയാണ് പൂന്പാറ്റയായെങ്കില്‍, നൂറു വര്‍ഷങ്ങള്‍ കൊണ്ട് ഇത് സാധിക്കുന്ന ജീവിയാണ് മനുഷ്യന്‍. ആമകളില്‍ ഈ പ്രിക്രിയ പൂര്‍ത്തയാക്കാന്‍ നൂറ്റാണ്ടുകള്‍ സമയമെടുക്കുന്നു. ഗൃഹങ്ങളിലും, നക്ഷത്രങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. അതിന് വേണ്ടിവരുന്ന കാലം കോടാനുകോടി വര്‍ഷാന്തരങ്ങളുടെ മഹാകാലമാണ്. ആ പ്രിക്രിയയുടെ അവശേഷിക്കുന്ന അടയാളങ്ങളെയാണ് തമോഗര്‍ത്തങ്ങള്‍ എന്നും, സൂപ്പര്‍നോവകള്‍ എന്നും, ധൂമകേതുക്കള്‍ എന്നുമൊക്കെ ശാസ്ത്രജ്ഞന്മാര്‍ പേരിട്ടു വിളിക്കുന്നത്!? ശാസ്ത്രത്തിന്റെ കാഴ്ച്ചക്കണ്ണുകളും അപൂര്‍ണ്ണമായ മനുഷ്യന്റെ ഉള്ളിലിരിക്കുന്നതിനാല്‍, അത്തരം കാഴ്ച്ചകളും ഒരിക്കലും പൂര്‍ണ്ണതയെ പ്രാപിക്കുന്നില്ല.

തുടരും.
അടുത്തതില്‍: മനസ്സുകളുടെ മായാലോകം.
Join WhatsApp News
തത്രപ്പാട് 2018-03-20 17:28:40
എന്തൊക്കെയോ വിഡ്ഢിത്തങ്ങൾ തട്ടിക്കൂട്ടി ഒരു പുസ്തകമിറക്കാനുള്ള തത്രപ്പാടാണെന്നു തോന്നുന്നു. 
Ninan Mathullah 2018-03-20 22:05:28
Please define 'foolishness' and point out the foolishness here for readers.
Ninan Mathullah 2018-03-21 03:48:40
Thanks for the response. Now it is clear to the readers that a  foolish mind is behind it.
ജ്ഞാനി 2018-03-21 00:05:00
വിഡ്ഢി എന്നു പറഞ്ഞാൽ പമ്പര വിഡ്‌ഡിയുടെ അനിയൻ . ഇവരുടെ ഒക്കെ  അച്ഛൻ വിഡ്ഢി കുഷ്മാണ്ഡു

Dr. Know 2018-03-21 14:43:46
ഇല്ലാത്ത  ഒന്നിനെ കുറിച്ചിങ്ങെനെ എഴുതിക്കൊണ്ടിരിക്കുന്നവനും അവനും  അതെന്താണെന്നു അറിയാക്കാത്തവന്മാരും  പരമ    വിഡ്‌ഢികൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക