Image

ബീഫിന്റെ പേരില്‍ കൊല: ബിജെപി നേതാവുള്‍പ്പെടെ 11 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം

Published on 21 March, 2018
ബീഫിന്റെ പേരില്‍ കൊല: ബിജെപി നേതാവുള്‍പ്പെടെ 11 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം

റാഞ്ചി: ബീഫ് കടത്തുന്നുവെന്ന് ആരോപിച്ച് കൊല നടത്തിയ ബിജെപി നേതാവുള്‍പ്പെട്ട 11 ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം. ജാര്‍ഖണ്ഡില്‍ ബീഫ് കടത്തുന്നുവെന്നാരോപിച്ച് അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെയാണ് ബിജെപി പ്രാദേശിക നേതാവുള്‍പ്പെട്ട സംഘം  മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. രാംഗഡിലെ അതിവേഗ കോടതിയാണ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്

പതിനൊന്നു പേരില്‍ മൂന്നു പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി രാംഗഡ് കോടതി കണ്ടെത്തി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. 

പശുസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളില്‍ ഇത് ആദ്യമായി അക്രമികള്‍ക്കെതിരെ കോടതി വിധി. ജാര്‍ഖണ്ഡില്‍ പശു സംരക്ഷണത്തിന്റെ പേരില്‍ ഒരാളെ തല്ലിക്കൊന്ന സംഭവത്തില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ 11 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂണില്‍ രാംഗഢ് ജില്ലയില്‍ അലിമുദീന്‍ അന്‍സാരി എന്നയാളെ പശുവിന്റെ പേരില്‍ മര്‍ദ്ദിച്ചു കൊന്ന സംഭവത്തിലാണ് കോടതി വിധി. 

ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ചാണ് അന്‍സാരിയെ അക്രമികള്‍ മര്‍ദ്ദിച്ച് കൊന്നത്. ഇയാളുടെ കാറും അക്രമികള്‍ തീവച്ച് നശിപ്പിച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ബി.ജെ.പി നേതാവ് ഉള്‍പ്പെട്ട സംഘം അന്‍സാരിയെ അടിച്ചു കൊന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക