Image

കാക്കിയുടുപ്പ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനുള്ള അധികാരമല്ലെന്ന് മുഖ്യമന്ത്രി

Published on 22 March, 2018
കാക്കിയുടുപ്പ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനുള്ള അധികാരമല്ലെന്ന് മുഖ്യമന്ത്രി
കാക്കിയിട്ടാല്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാനുള്ള അധികാരമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തികരിച്ച 381 പോലീസ് ഡ്രൈവര്‍മാരുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസുകാരുടെ ഭാഗത്തുനിന്നും ചെറിയ തെറ്റുണ്ടായാല്‍ അതു പോലീസ് സേനയുടെ തെറ്റായി കാണുമെന്നും അതു സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇത്തരം രീതിക്കു മാറ്റം വേണമെന്നും പോലീസ് സേനയുടെ യശസ് ഉയര്‍ത്തുന്ന രീതിയിലായിരിക്കണം ഓരോരുത്തരുടെയും പ്രവൃത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡ്രൈവര്‍മാരുടെ കുറവുമൂലം നാളിതുവരെ അത്തരം ജോലികള്‍ പോലീസുകാര്‍ ചെയ്യേണ്ട അവസ്ഥയായിരുന്നു. അതിനു മാറ്റം വരുത്തുകയെന്ന ലക്ഷ്യവച്ചാണ് 1,160 പുതിയ തസ്തിക അനുവദിച്ചത്. അതിന്റെ ഭാഗമായി 400 പേരെയാണ് ഇപ്പോള്‍ നിയമിച്ചതെന്നും ആധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന കന്പനികളില്‍ എത്തി തൊഴില്‍ശാലകള്‍ സന്ദര്‍ശിച്ച് പരിശീലനം ലഭ്യമാക്കന്‍ സാധിച്ചതു നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വരുണ്‍, വജ്ര, ഹെവി റിക്കവറി വാന്‍, ക്രെയിന്‍ എന്നിവയില്‍ അടക്കം ഉന്നത പരീശിലനവും ഉന്നത വിദ്യാഭ്യാസവും ഉള്ളവരാണ് പുതിയതായി പുറത്തിറങ്ങുന്നവരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബെസ്റ്റ് ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ട കെ.യുഅനിഷ്, ബെസ്റ്റ് ഓള്‍റൗണ്ടര്‍ കെ.ഹരി, ബെസ്റ്റ് ഔട്ട് ഡോര്‍ പി.സുരാജ്, ഇന്‍ഡോറായി കെ.ജിനിഷ് എന്നിവര്‍ക്കു മുഖ്യമന്ത്രി അവര്‍ഡുകള്‍ നല്‍കി. 
ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി ബി.സന്ധ്യ, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക