Image

സെല്‍ഫോണ്‍ തോക്കാണെന്ന് തെറ്റിദ്ധരിച്ചു പോലീസ് യുവാവിനു നേരെ നിറയൊഴിച്ചത് 20 തവണ

പി.പി. ചെറിയാന്‍ Published on 23 March, 2018
സെല്‍ഫോണ്‍ തോക്കാണെന്ന് തെറ്റിദ്ധരിച്ചു പോലീസ് യുവാവിനു നേരെ നിറയൊഴിച്ചത് 20 തവണ
സാക്രമെന്റൊ: രാത്രി ഒമ്പതു മണിക്ക് വീടിനു പുറകിലുള്ള ഫെന്‍സിനകത്ത് കാണപ്പെട്ട സ്റ്റീഫന്‍ ക്ലാര്‍ക്ക് എന്ന ഇരുപത്തിമൂന്നുകാരന്റെ കയ്യിലുണ്ടായിരുന്ന സെല്‍ഫോണ്‍ കൈതോക്കാണെന്ന് തെറ്റിദ്ധരിച്ച് രണ്ടു പോലീസ് ഓഫീസര്‍മാര്‍ 20 തവണ വെടിവെച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം കാലിഫോര്‍ണിയാ സാക്രമെന്റോയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഭവത്തിന്റെ വിശദാംശങ്ങള്‍ മാര്‍ച്ച് 21 ബുധനാഴ്ച പോലീസ് ചീഫ് ഡാനിയേല്‍ ഹാന്‍ പുറത്തുവിട്ടു.

മാര്‍ച്ച് 18 ഞായറാഴ്ച സാക്രമെന്റോയിലെ വീട്ടുകാര്‍ ആരോ കാറിന്റെ ചില്ല് അടിച്ചു തകര്‍ക്കുന്നു എന്ന വിവരം പോലീസിനെ അറിയിച്ചു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ പോലീസ് സംഭവസ്ഥലത്തെത്തി. പോലീസിനെ കണ്ട ഉടനെ സ്റ്റീഫന്‍ അവിടെ നിന്നും ഓടി ഒരു വീടിന്റെ ഫെന്‍സിനകത്തു ഒളിച്ചു.(ഈ വീട് മുത്തശ്ശന്റേതായിരുന്നുവെന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി). ഹെലികോപ്റ്ററില്‍ നിന്നുള്ള വെളിച്ചത്തില്‍ പ്രതി ഇരിക്കുന്ന സ്ഥലം പോലീസ് മനസ്സിലാക്കി. പ്രതിയുടെ കയ്യില്‍ എന്തോ കണ്ട് തോക്കാണെന്ന് തെറ്റിദ്ധരിച്ചു തൈഴെയിടുന്നതിനും, കൈ ഉയര്‍ത്തുന്നതിനും പോലീസ് ആവശ്യപ്പെട്ടു. പോലീസിന്റെ ഉത്തരവ് മാനിച്ച് സ്റ്റീഫന്‍ കൈ ഉയര്‍ത്തിയത്  സെല്‍ ഫോണ്‍ കയ്യില്‍ വച്ചായിരുന്നു. പിന്നെ പോലീസ് ഒന്നും ആലോചിച്ചില്ല. രണ്ടുപേരുടേയും തോക്കില്‍ നിന്നും വെടിയുണ്ടകള്‍ ചീറി പാഞ്ഞു. സംഭവസ്ഥലത്തു പിടഞ്ഞു വീണ പ്രതിയുടെ കയ്യില്‍ വിലങ്ങണിയിച്ചു പോലീസ് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു. സ്റ്റീഫന്റെ പേരില്‍ പല കേസ്സുകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നല്ല ജീവിതം നയിക്കുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. മൂന്നു കുട്ടികളുടെ പിതാവായ ആഫ്രിക്കന്‍ അമേരിക്കന്‍ യുവാവിന്റെ മരണത്തില്‍ പ്രതിഷേധം ആളിപടരുകയാണ്.


സെല്‍ഫോണ്‍ തോക്കാണെന്ന് തെറ്റിദ്ധരിച്ചു പോലീസ് യുവാവിനു നേരെ നിറയൊഴിച്ചത് 20 തവണസെല്‍ഫോണ്‍ തോക്കാണെന്ന് തെറ്റിദ്ധരിച്ചു പോലീസ് യുവാവിനു നേരെ നിറയൊഴിച്ചത് 20 തവണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക