Image

ഭൂമിയിടപാട് വിഷയം ഒത്തുതീര്‍പ്പിലേക്ക്; കര്‍ദിനാള്‍ തെറ്റ് ഏറ്റുപറഞ്ഞു; ഈസ്റ്ററിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മാര്‍ ക്ലിമ്മീസ് ബാവ

Published on 23 March, 2018
ഭൂമിയിടപാട് വിഷയം ഒത്തുതീര്‍പ്പിലേക്ക്; കര്‍ദിനാള്‍ തെറ്റ് ഏറ്റുപറഞ്ഞു; ഈസ്റ്ററിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മാര്‍ ക്ലിമ്മീസ് ബാവ

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് വിഷയം ഒത്തുതീര്‍പ്പിലേക്കെന്നു സൂചന. സ്ഥലമിടപാടില്‍ ധന നഷ്ടം വന്നതായും ഇത് പരിഹരിക്കാമെന്നും കര്‍ദിനാള്‍ കെസിബിസിയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ അറിയിച്ചു.തെറ്റ് പറ്റിയതായും കര്‍ദിനാള്‍ സമ്മതിച്ചു. തീരുമാനങ്ങള്‍ക്കായി നാളെ അടിയന്തര വൈദിക സമിതി യോഗം കൊച്ചിയില്‍ ചേരും. വൈദിക സമിതിയിലും കര്‍ദിനാള്‍ മാപ്പ് പറഞ്ഞേക്കുമെന്നാണ് സൂചന.

ഭൂമി വിവാദം പരിഹരിക്കാന്‍ കെസിബിസി നടത്തിയ രണ്ടാംവട്ട മധ്യസ്ഥ ശ്രമത്തിലാണ് ഫലം അനുകൂലമായത്. കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ സൂസപാക്യം, മലങ്കര സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. 

തനിക്കു തെറ്റ് പറ്റിയെന്നും നഷ്ടം നികത്താനുള്ള നടപടികള്‍ എടുക്കാമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മധ്യസ്ഥ ചര്‍ച്ചയില്‍ അറിയിച്ചു. കര്‍ദിനാളിന്റെ നിലപാട് ചര്‍ച്ച ചെയ്യാന്‍ അടിയന്തര വൈദിക സമിതി യോഗം കൊച്ചിയില്‍ നാളെ ചേരും.

പ്രശ്‌നപരിഹാരത്തിന് നല്ല തുടക്കമാണിതെന്ന് വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. ഈസ്റ്ററിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മാര്‍ ക്ലിമ്മീസ് ബാവയും പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാനുളള ശ്രമം നടക്കില്ലെന്ന് അല്‍മായ സംഘടനയായ ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പറന്‍സിയും വ്യക്തമാക്കി. വൈദികരുടെ പരസ്യമായ വിമര്‍ശനങ്ങള്‍ക്ക് വിലങ്ങിട്ട് പ്രശ്‌നം സഭയ്ക്കുളളില്‍ ഒതുക്കി തീര്‍ക്കാനാണ് സഭാ നേതൃത്വത്തിന്റെ ശ്രമമെന്നും അല്‍മായ സംഘടന ആറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക