Image

വൈദികസമിതി യോഗത്തില്‍ കര്‍ദ്ദിനാള്‍ അനുകൂലികളും ട്രാന്‍സ്‌പെരന്‍സി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

Published on 24 March, 2018
വൈദികസമിതി യോഗത്തില്‍ കര്‍ദ്ദിനാള്‍ അനുകൂലികളും ട്രാന്‍സ്‌പെരന്‍സി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന വൈദികസമിതി  യോഗത്തിനിടയില്‍  സംഘര്‍ഷം. കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയ്ക്കിടെ കര്‍ദ്ദിനാള്‍ ഇറങ്ങിപോയി.

ആര്‍ച്ച് ഡയോയിസ് മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി അംഗങ്ങളെ ചര്‍ച്ചക്കായി വൈദികസമിതി  യോഗത്തിനിടയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം കടന്നുകൂടിയ കര്‍ദ്ദിനാള്‍ അനുകൂല സംഘടനയിലെ പ്രതിനിധിയെ ചര്‍ച്ചയില്‍ നിന്ന് പുറാത്താക്കി. ഇത് യോഗത്തിനിടയില്‍  സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ചര്‍ച്ചയില്‍ അനധികൃതമായി കടന്നുകൂടാന്‍ ശ്രമിച്ചയാളെ പോലീസില്‍ ഏല്‍പ്പിച്ചു. 48 വൈദികരാണ് വൈദികസമിതിയില്‍ പങ്കെടുക്കാനായി എത്തിയത്. കര്‍ദ്ദിനാള്‍ എത്തിയത് പിന്‍വാതിലിലൂടെയെന്ന് ആക്ഷേപമുണ്ട്.  വൈദികര്‍ മുന്‍ വാതിലിലൂടെ ബിഷപ്പ് ഹൗസിലേക്ക് എത്തിയെങ്കിലും കര്‍ദ്ദിനാള്‍ പിന്‍വാതിലിലൂടെയാണ് ബിഷപ്പ് ഹൗസിലേക്ക് എത്തിയത്.

കര്‍ദ്ദിനാളിനെ തടയാനായി  ആര്‍ച്ച് ഡയോയിസ് മൂമെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി എന്ന സംഘടന പുറത്ത് കാത്തു നിന്നെങ്കിലും കര്‍ദ്ദിനാള്‍ എത്തിയില്ല. കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യുക, പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനയുടെ പ്രതിഷേധം. 

കര്‍ദ്ദിനാളും രൂപതയിലെ വൈദികരും കൂടിയാലോചിച്ച് ഒരു സമവായത്തിലെത്തിയേക്കാമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും അത് നടക്കില്ലെന്ന് ആര്‍ച്ച് ഡയോയിസ് മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി സംഘടന പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

(മാതൃഭൂമി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക