Image

നോമ്പ് ചിന്തകള്‍ - റെവ: ഫാ.ബാബു .കെ.മാത്യു

Published on 25 March, 2018
നോമ്പ് ചിന്തകള്‍ - റെവ: ഫാ.ബാബു .കെ.മാത്യു
'നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു'
വിശുദ്ധ മത്തായി (5 :14 )

യേശുനാഥന്‍ മലമുകളില്‍ കയറി അവിടെ തടിച്ചു കൂടിയ പുരുഷാരത്തോടു പ്രഭാഷണം നടത്തുന്ന വേളയില്‍ അവരോട് പറഞ്ഞ സുപ്രധാന വചനമാണ് 'നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു'. വിശുദ്ധ മത്തായി (5 :14 )


ഇത് കേട്ട മാത്രയില്‍ കേള്‍വിക്കാര്‍ തികച്ചും പരിഭ്രാന്തരായി. അവര്‍ അന്യോന്യം തുറിച്ചുനോക്കി. ഈ ലോകം ഇരുട്ട് നിറഞ്ഞതാണ്. അനേകം വര്‍ഷങ്ങളായി നമ്മള്‍ റോമന്‍ ഭരണത്തിന് കീഴിലാണ്. ഏറെ കാലമായി റോമന്‍ സീസറിനും കൊള്ള നികുതി കൊടുക്കുന്നുണ്ട്. നികുതി പിരിക്കുന്നവര്‍ എപ്പോഴും ചൂഷണം ചെയുന്നു. റോമാ ചക്രവര്‍ത്തിമാര്‍ക്കു കീഴില്‍ നമ്മള്‍ക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല , ഭാവിയില്‍ ഒരു പ്രതീക്ഷയും ഇല്ല. ഈ അവസരത്തിലാണ് യേശുതമ്പുരാന്‍ അവരോടു പറയുന്നത് ''നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു' എന്ന്

യെശയ്യാപ്രവാചകന്‍ (1:16), 'നിങ്ങളുടെ പ്രവര്‍ത്തികളുടെ ദോഷത്തെ എന്റ്‌റെ കണ്മുന്‍പില്‍ നിന്നും നീക്കിക്കളവിന്‍' എന്ന വലിയ അര്‍ഥവത്തായ വാചകം ഇവിടെ വലിയ പ്രസക്തമാണ് . യഹൂദജനം തങ്ങളുടെ പാപത്തിന്റെ തടവറയില്‍ അകപ്പെട്ടു ആത്മീയഉന്നമനത്തിനു അശക്തരായിരുന്നു. മോശയുടെ ന്യായപ്രമാണത്തിന്റെ ആഴങ്ങള്‍ അവര്‍ക്കു അജ്ഞരായിരുന്നു .ഉപരിപ്ലവമായ ആചാരങ്ങള്‍, യഹൂദര്‍ പഠിപ്പിച്ച പതിവ് രീതികള്‍ മാത്രം പിന്തുടര്‍ന്ന് പ്രതീക്ഷ അറ്റു നിരാശയും നിസ്സഹായതയും നിറഞ്ഞ ജീവിതമായിരുന്നു ഇസ്രായേല്‍ ജനത നയിച്ച് കൊണ്ടിരുന്നത് . ഈ അവസരത്തിലാണ് യേശുതമ്പുരാന്‍ അവരെ ആശ്ഛിര്യചകിതരാക്കികൊണ്ടു അവരോടു പറയുന്നത് 'നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു'

നമ്മുടെ ജീവിതം ആത്മാര്‍ഥമായി നമ്മള്‍ അവലോകനം ചെയ്താല്‍ എത്ര പേര്‍ക്ക് പറയാന്‍ പറ്റും നമ്മള്‍ ലോകത്തിന്റെ വെളിച്ചമാണ് എന്ന് ? ഓരോ ദിവസവും എത്രയോ മോശപ്പെട്ട വാര്‍ത്തകളാണ് നമ്മള്‍ കേള്‍ക്കുന്നത് . ചാവേര്‍ ആക്രമണം , വംശഹത്യ, വംശീയ ഉന്മൂലനം, മതപരമായ പീഡനങ്ങള്‍, സ്‌കൂളുകളില്‍ വെടിവെയ്പ്പ് അങ്ങനെ പലതും . ആധ്മീയമായ അന്ധകാരത്തില്‍ നടന്നു സാത്താനെയും അവന്റെ വേലകളെയും അടിമപ്പെട്ടു മനുഷ്യന്‍ തിന്മകള്‍ ചെയ്തുകൂട്ടുന്നു

നാം ജീവിക്കുന്ന ലോകത്തില്‍ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെയും , ഇന്റര്‍നെറ്റ് പോലെയുള്ള മാധ്യമങ്ങള്‍ വഴി നടക്കുന്ന അനേകം തെറ്റുകള്‍ , മയക്കുമരുന്ന്, വിവാഹേതര ബന്ധങ്ങള്‍ , വിവാഹമോചനം ഇവയെല്ലാം നിത്യസംഭവമാണ് .ഇതെല്ലാം കാണുമ്പോള്‍ നമ്മള്‍ എങ്ങനെയാണു ലോകത്തിന്റെ പ്രകാശമാണ് എന്ന് പറയാന്‍ കഴിയുക . നമ്മള്‍ സഹജീവികളുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടോ , മറ്റുള്ളവരുടെ ക്ഷേമം അന്വേഷിക്കാറുണ്ടോ, നമ്മുടെ കൂട്ടുകെട്ട് തെറ്റാണോ, ഇതൊക്കെ നമ്മള്‍ ഗഹനമായി തന്നെ ചിന്തിക്കേണ്ടതുണ്ട് .

ഈ അവസരത്തില്‍ ഞാന്‍ കൗമാരക്കാരനായിരിക്കുമ്പോള്‍ ക്രിസ്തുമസ് കരോളിംഗിന് പോയിരുന്നത് ഓര്‍മയില്‍ വരുന്നു. ഇത് ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഭവമാണ്. ഞാന്‍ താമസിക്കുന്ന സ്ഥലത്തു അപ്പോള്‍ വൈദ്യുതി എത്തിയിട്ടില്ലായിരുന്നു . പെട്രോള്‍ വാതകം ഉപയോഗിച്ചുള്ള വിളക്കുകള്‍ (പെട്രോള്‍-മാക്‌സ് വിളക്ക് ) ആയിരുന്നു ക്രിസ്തുമസ് കരോളിംഗിന് ഉപയോഗിച്ചിരുന്നത് . ദിവസവും അഞ്ചു മൈല്‍ ഒക്കെ നടന്നാണ് ഇടവകയിലെ നൂറില്‍ പരം വീടുകളില്‍ കരോളിംഗിന് പോയിരുന്നത് . പലപ്പോഴും ഇരുട്ടില്‍ കണ്ണ് കാണാതെ ഞാന്‍ തട്ടി വീണിട്ടുണ്ട് , അത് കൊണ്ട് ഇരുട്ടത്ത് എവിടെയും തട്ടി നിലത്തു വീണു പോകാതിരിക്കാന്‍ പെട്രോള്‍-മാക്‌സ് വിളക്കിന്റ്‌റെ അടുത്ത് കൂടി നടക്കുമായിരുന്നു.

നമ്മള്‍ക്കറിയാം ഇരുട്ടില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. സാന്‍ഡി ചുഴലിക്കാറ്റ് മൂലം 2012 ല്‍ നമ്മുടെ ജീവിതം ദുസ്സഹമായ സംഭവം എല്ലാവരുടെയും ഓര്‍മയില്‍ ഉണ്ടാവുമല്ലോ , കമ്പ്യൂട്ടറുകള്‍, സെല്‍ ഫോണുകള്‍ കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒക്കെ അപ്പോള്‍ നിശ്ചലമായി . കാരണം വൈദൃതി ഇല്ലായിരുന്നു . നമ്മുടെ ആത്മീയ ജീവിതവും പലപ്പോഴും ഇങ്ങനെയാണ് . പ്രധാന ആത്മീയ സ്രോതസ്സുകളായ ദിവ്യ വെളിച്ചം ഇല്ലാതെ നാം പലപ്പോഴും ഇരുട്ടിലാണ് ജീവിക്കുന്നത് . ഗലാത്യര്‍ 5 (19 - 21 ) 'ജഡത്തിന്റെ പ്രവൃത്തികളോ, ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്‌കാമം , വിഗ്രഹാരാധന,ആഭിചാരം ,പക ,പിണക്കം ,ജാരശങ്ക ,ക്രോധം ,ശാഠ്യം,ഭിന്നത, അസ്സോയ , മദ്യപാനം , വെറിക്കൂത്തു മുതലായവ എന്ന് വെളിവാകുന്നു. ഈ വക പ്രവൃത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് മുന്‍പേ പറഞ്ഞത് പോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു ' ആധ്മീയമായ കൂരിരുട്ടില്‍ പെട്ട് അലയുന്നവര്‍ക്കു ഗലാത്യര്‍ 5 (19 - 21 ) വലിയ ഒരു സന്ദേശമാണ് നല്‍കുന്നത്

ലോകത്തിന്റെ മഹത് വെളിച്ചമായ ദൈവപുത്രനായ യേശുനാഥന്‍ മാനവരാശിയെ ആദമീയപ്രകാശത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് വേണ്ടിയാണു ഈ ഭൂമിയില്‍ ഭൂജാതനായത്. ദൈവിക പ്രകാശത്തിന്റെ ഉറവിടമായ യേശുവില്‍ നിന്നാണ് പാപികളായ നമ്മള്‍ക്കു ആത്മീയരക്ഷയുടെയും പ്രകാശത്തിന്ന്‌റെ പാതയിലേക്കുമുള്ള പ്രത്യാശയും , പ്രതീക്ഷയും . (യോഹ .1: 9) 'ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു' . യേശുതമ്പുരാന്‍ കുഷ്ഠരോഗികളെ സൌഖ്യമാക്കി, കുരുടരുടെ കണ്ണുകള്‍ക്കു കാഴ്ച കൊടുത്തു, മരിച്ചവരെ ഉയിര്‍പ്പിച്ചു, രോഗികളെയും ഉപേക്ഷിച്ചുപോയവരെയും,ദരിദ്രരെയും , താഴേത്തട്ടുകാരെയും സംരക്ഷിച്ചു . യേശു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി വലിയ കഷ്ടം സഹിച്ചു ക്രൂശില്‍ മരിച്ചു മാനവരാശിയുടെ പാപങ്ങള്‍ക്കായി പാപപരിഹാരബലിയായി മാറി. യേശു സ്വന്തം മുറിവുകള്‍കൊണ്ടു നമ്മുടെ മുറിവുകളെ കെട്ടി . യേശുവിന്റെ നമ്മോടുള്ള നിരുപാധികമായ സ്‌നേഹം കരുണാസമ്പന്നനായ ഒരു പിതാവ് തന്റെ മക്കള്‍ക്കുവേണ്ടി കരുതുന്ന സ്‌നേഹത്തിനു സമമാണ്

നാം ക്രിസ്തുവില്‍ ആയിരിക്കുമ്പോള്‍ നമ്മള്‍ ദിവ്യ വെളിച്ചത്തിന്റെ പ്രകാശകിരണങ്ങളുടെ ഭാഗമായിത്തീരുന്നു.ക്രിസ്തു നമ്മോടു പറഞ്ഞു
'ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു. എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന്‍ ആകും ' യോഹന്നാന്‍ (8 : 12 ).

പത്രോസ് (2 :9 ) പറയുന്നു 'നിങ്ങളോ അന്ധകാരത്തില്‍ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സത് ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തെരഞ്ഞെടുക്കപെട്ട ഒരു ജാതിയും, രാജകീയ പുരോഹിതവര്‍ഗവും,വിശുദ്ധ വംശവും, സ്വന്തജനവും ആകുന്നു '

ക്രിസ്തുവിന്റെ ജീവിതം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയിലൂടെ മാനവരാശിക്കു കൈവരിച്ച വലിയ അനുഗ്രഹവും , പാപമോചനവും വിശുദ്ധ സ്‌നാപനത്തിലൂടെ തന്റെ മക്കളായിരിക്കുന്ന സര്‍വജനത്തിനു ലഭിച്ച ദിവ്യ കാരുണ്യാനുഗ്രഹങ്ങളാണ് . ദിവ്യജ്ഞാനത്തിന്റെ ഉറവിടം നമ്മുടെ ഉള്ളിലുള്ള ആത്മീയ വെളിച്ചമാണ്. പ്രാര്‍ത്ഥന, ഉപവാസം, ധ്യാനം മുതലായ ആത്മീയ വ്യായാമങ്ങളിലൂടെ കൈവരിക്കുന്ന ആത്മീയവെളിച്ചം ലഭ്യമായത് കൊണ്ടാണ് സീനായി പര്‍വതത്തില്‍വെച്ച് മോശക്ക് ദിവ്യനീതികള്‍ ലഭ്യമായത് . ദൈവം മോശക്ക് നല്‍കിയ ആത്മീയ ശക്തിയുടെ പിന്‍ബലത്തിലാണ് മോശക്ക് ഇസ്രായേല്‍ ജനതയെ ചുവപ്പുകടല്‍ കടന്നു വാഗ്ദത്തദേശത്തു എത്തിക്കാനായത്. ഇതേ ആത്മീയ വെളിച്ചം നിമിത്തം തന്നെയാണ് പൗലോസിനെ ഒരു പുതിയ വ്യക്തിയാക്കി അനേകര്‍ക്ക് രക്ഷയുടെ പാത കാണിക്കാന്‍ അവസരമൊരുങ്ങിയത് . വിദ്യാഭ്യാസം നന്നേ കുറഞ്ഞ മത്സ്യത്തൊഴിലാളികളായിരുന്ന അപ്പൊസ്തലന്മാര്‍ക്കും ആത്മീയ വെളിച്ചം ലഭ്യമായത് കാരണമാണ് അനേകര്‍ക്ക് രക്ഷയുടെ കാരണമായ വിശുദ്ധ സുവിശേഷം ലോകത്തിന്റെ നാനാഭാഗത്തും പഠിപ്പിക്കാന്‍ പറ്റിയത് .

'നിങ്ങള്‍ വെളിച്ചം ആകുന്നു' എന്ന മഹത് വചനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഓരോരുത്തര്‍ക്കും ഒരു വലിയ സന്ദേശം ആണ് ഈ വചനം നല്‍കുന്നത്. ദൈവത്തിന്റെ സൃഷ്ടിയുടെയും സാദൃശ്യത്തിലൂടെയും ആണല്ലോ മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത്.

യോഹന്നാന്‍ (1 , 4 : 5 ) പറയുന്നു 'അവനില്‍ ജീവന്‍ ഉണ്ടായിരുന്നു , ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു, വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു ,ഇരുളോ അതിനെ പിടിച്ചടക്കിയില്ല'

നാം ക്രിസ്തുവിനോടുകൂടെ ചേര്‍ന്ന് ജീവിച്ചാല്‍ , നമ്മെ ഒരു ഇരുട്ടും അലട്ടുകയില്ല .നിത്യമായ വെളിച്ചത്തിലൂടെ നമ്മെത്തന്നെ പ്രകാശിപ്പിച്ച് നമ്മളുടെ കുടുംബത്തിനും , കുട്ടികള്‍ക്കും , സമൂഹത്തിനും, നമ്മുടെ സഭയ്ക്കും മൊത്തമായി നല്ല ഒരു മാതൃക യായി വചനം, പ്രവൃത്തി,ചിന്തകളില്‍ ആത്മീയ പ്രകാശം ചൊരിഞ്ഞു ജീവിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്

ഗലാത്യര്‍ (5 : 22 ) പറയുന്നു 'ആത്മാവിന്റെ ഫലമോ , സ്‌നേഹം,സന്തോഷം ,സമാധാനം,ദീര്‍ഘക്ഷമ,ദയ,പരോപകാരം,വിശ്വസ്തത,സൗമ്യത,ഇന്ദ്രിയ ജയം '

ഏവരും ലോകത്തിന്റെ പ്രകാശമായി യേശുതമ്പുരാന്‍ പ്രതിധാനം ചെയ്ത ഉത്തമ ക്രിസ്തീയ ജീവിതം നയിക്കുമാറാകട്ടെ . അനുഗ്രഹാശംസകളോടെ

റെവ: ഫാ.ബാബു .കെ.മാത്യു
(വികാരി - സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയം മിഡ് ലാന്‍ഡ് പാര്‍ക്ക്)

വാര്‍ത്ത അയച്ചത് - ജിനേഷ് തമ്പി 
നോമ്പ് ചിന്തകള്‍ - റെവ: ഫാ.ബാബു .കെ.മാത്യു
Join WhatsApp News
Rev. Dr. Abraham 2018-03-25 09:17:14
YASH  ANNA  is all about Yash deliver, and Anna we beg. From Greek. So, Lord, we beg to deliver us from EVIL thoughts about our ancestry ,or David s descendant .

George 2018-03-25 19:36:18
 ഈ മലയാളിയിൽ ലേഖനങ്ങൾ എഴുതുന്ന പള്ളീലച്ചന്മാരെ, എല്ലാ ബഹുമാനത്തോടെ പറയട്ടെ ഞായറാഴ്ച കളിൽ നിങ്ങൾ നടത്തുന്ന കസർത്തുകൾ ഞങൾ സഹിക്കുന്നുണ്ട്. അത് ഞങ്ങടെ വിധി എന്ന് കരുതി സമാധാനിച്ചു. എന്തിനാ  ഈ കഷ്ടാനുഭവ ആഴ്ചയിൽ മറ്റുള്ളവരെക്കൂടെ വെറുപ്പിക്കുന്നത്. 
Johny 2018-03-26 09:47:10
എഴുത്തും വായനയും അറിയാത്ത ബഹുഭൂരിപക്ഷം ആളുകൾ ഉള്ള കാലത്തു ഉണ്ടായിരുന്ന ഒരു ഏർപ്പാട് ആയിരുന്നു  ബൈബിളിനെ കുറിച്ച് പുരോഹിതർ വിശ്വാസികൾക്കു വിവരിച്ചു കൊടുക്കുക എന്നത്. ഇന്നിപ്പോൾ ഈ പുരോഹിതരെക്കാൾ വിദ്യാഭ്യാസവും അറിവും ഉള്ള നൂറു ശതമാനം വായിക്കാൻ അറിയുന്ന ജനങ്ങൾ ഉള്ളപ്പോൾ ഇവർ എന്തിനാണ് ഞായറാഴ്ചകളിൽ  കഷ്ടപ്പെട്ട് ബൈബിൾ മൊത്തം ചുരുങ്ങിയ സമയം കൊണ്ട് വിവരിച്ചു ജനത്തെ കൺഫ്യൂസ് ചെയ്യുന്നത് എന്ന് ചിന്തിക്കാറുണ്ട്. ചില വൈദികരോട് ഇത് നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവർ അത് മനസ്സിലാക്കുന്നില്ല. കിട്ടുന്ന അവസ്സരത്തിലെല്ലാം വിശ്വാസികളെ വെറുപ്പിക്കുന്ന പ്രസംഗം ആണ് നടത്തുന്നത്. അവസാനം കുറെ പള്ളി പൊളിറ്റിക്സ് കൂടെ പറയാതെ പറയും. പള്ളി പ്രസംഗം റേഡിയോ കേൾക്കുന്നപോലെ ആണല്ലോ അങ്ങോട്ട് ഒന്നും ചോദിക്കരുത്. പറയുന്നത് തൊള്ള തൊടാതെ വിഴുങ്ങണം എന്നതാണ് ഒരു അലിഖിത നിയമം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക