Image

ഭൂതബാധയകറ്റാന്‍ കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന പാസ്റ്റര്‍ക്ക് 99 വര്‍ഷം തടവ്

പി.പി.ചെറിയാന്‍ Published on 25 March, 2018
ഭൂതബാധയകറ്റാന്‍ കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന പാസ്റ്റര്‍ക്ക് 99 വര്‍ഷം തടവ്
മസ്‌കിറ്റ്:  ഭൂതബാധയകറ്റാന്‍ രണ്ടുവയസുകാരനെ പട്ടിണിക്കിട്ടു കൊന്ന കേസില്‍ പാസ്റ്റര്‍ അറസെല്ലി മെസയെ 99 വര്‍ഷത്തെ ജയില്‍ വാസത്തിനു വിധിച്ചു. 10,000 ഡോളര്‍ പിഴയടക്കാനും ഡാലസ് കോടതി വിധിച്ചു. കുട്ടിയെ മാരകമായി പരുക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയ കുറ്റമാണു പാസ്റ്റര്‍ക്കെതിരെ തെളിയിക്കപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബഞ്ചമിന്‍ എന്ന രണ്ടുവയസുകാരന്റെ മാതാപിതാക്കളും പാസ്റ്ററും ഒരുപോലെ വിശ്വസിച്ചിരുന്നതു കുട്ടിക്കു ഭൂതബാധയുണ്ടെന്നാണ്. ഭൂതത്തെ അകറ്റാന്‍ പട്ടിണിക്കിടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് അവര്‍ വിശ്വസിച്ചിരുന്നു. പാസ്റ്റര്‍ ദൈവത്തിന്റെ ആജ്ഞ അനുസരിക്കുകയായിരുന്നു എന്നാണു കോടതിയില്‍ വാദിച്ചത്. മൂന്നാഴ്ച പട്ടിണിക്കിട്ടതോടെ എല്ലും തോലുമായ കുട്ടി 2015 മാര്‍ച്ച് 22നാണു മരിച്ചത്.

മരിച്ചതിനു ശേഷം കുട്ടിയെ ഉയിര്‍പ്പിക്കുന്നതിനുള്ള ശ്രമവും പാസ്റ്ററുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഡാലസ് സാള്‍ച്ച് സ്പ്രിംഗിലുള്ള ചര്‍ച്ചിലാണു സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസ് നിലവില്‍ ഉണ്ടെങ്കിലും ഇരുവരും മെക്‌സിക്കോയിലാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

മൂന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുമാസം മാത്രം ശേഷിക്കെയാണു കുട്ടിയുടെ മരണം. പട്ടിണികിടന്നു ശോഷിച്ച കുട്ടിയെ പാസ്റ്റര്‍ തല്ലുന്ന വിഡിയോ കോടതിയില്‍ വാദം നടക്കുന്നതിനിടെ പ്രദര്‍ശിപ്പിച്ചിരുന്നു. പാസ്റ്ററുടെ പ്രവര്‍ത്തി മതപരമായ ഒന്നാണെന്ന വാദം കോടതി തള്ളി.
ഭൂതബാധയകറ്റാന്‍ കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന പാസ്റ്റര്‍ക്ക് 99 വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക