Image

കീഴാറ്റൂര്‍ വയല്‍ക്കിളികളെ കല്ലെറിയുന്നതിനു പിന്നില്‍

Published on 25 March, 2018
കീഴാറ്റൂര്‍ വയല്‍ക്കിളികളെ കല്ലെറിയുന്നതിനു പിന്നില്‍
കീഴാറ്റൂര്‍ എന്ന തളിപ്പറമ്പിലെ ഗ്രാമം ഇന്നു കേരളത്തിന്റെ മുഴുവന്‍ നിലവിളിയായിരിക്കുന്നു. സ്വന്തം ഭൂമിക്കു വേണ്ടിയുള്ള ഈ നിലവിളിക്കു പക്ഷേ വാദങ്ങളും എതിര്‍വാദങ്ങളും ഉയരുന്നു. അതു രാഷ്ട്രീയ സമവാക്യങ്ങളായി മാറിയതോടെ, സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലായി കീഴാറ്റൂര്‍ മാറുന്നു. വയല്‍ക്കിളി സമരം ദിശമാറ്റി രാഷ്ട്രീയവത്കരിക്കാനുള്ള കളിക്ക് കൂട്ടുനില്‍ക്കാന്‍ തങ്ങളില്ലെന്നു വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ വ്യക്തമാക്കുന്നുണ്ട്. വയല്‍ സംരക്ഷിക്കാനുള്ള സമരമാണിത്. സമരക്കാര്‍ രാഷ്ട്രീയക്കളികളില്‍ വീണു പോകില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. 

കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സമരം നടന്നത് ആറന്‍മുളയിലാണ്. സി.പി.എമ്മാണ് ഈ സമരം നയിച്ചത്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തങ്ങളും സമരത്തിനിറങ്ങിയതെന്നും സുരേഷ് അറിയിച്ചു. മുപ്പതില്‍ താഴെ വീടുകളേ ഈ അലൈന്‍മെന്റില്‍ പൊളിക്കേണ്ടിവരൂ എന്നതായിരുന്നു അനുകൂലഘടകം. കീഴാറ്റൂര്‍ വയല്‍ പ്രശ്‌നത്തിലൂടെ ഞങ്ങള്‍ കുറച്ചാളുകളുടെ ഭൂമിപോകുന്നതിന്റെ എതിര്‍പ്പല്ല ഉയര്‍ത്തുന്നത്. ഒരു പ്രദേശത്തിന്റെ പാരിസ്ഥിതികതകര്‍ച്ചയെയും കുടിവെള്ളം ഇല്ലാതാകുന്നതിനെയുമാണ് ഞങ്ങള്‍ പ്രതിരോധിക്കുന്നതെന്നു സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. 
കീഴാറ്റൂരിലെ ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവെച്ച് സി.പി.എം. ജനറല്‍ബോഡി വിളിച്ചുചേര്‍ത്തെങ്കിലും സമരത്തിനൊപ്പമുള്ള പാര്‍ട്ടി അംഗങ്ങള്‍ ഇതില്‍ പങ്കെടുത്തില്ല. അതേസമയം, മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുരേഷ് കീഴാറ്റൂരിന്റെ നിരാഹാരസമരവും വീടിനു നേരെയുള്ള അക്രമം എന്നിവ സര്‍ക്കാരിന്റെ പാര്‍ട്ടിയായ സിപിഎമ്മിനെ വെട്ടിലാക്കി. വയല്‍ക്കിളികളെ വികസനവിരോധികളെന്നും ബൈപ്പാസ് നിശ്ചയിച്ച സ്ഥലത്തു കൂടി തന്നെ നിര്‍മ്മിക്കുമെന്നും സിപിഎം പറയുന്നു. 

സിപിഎമ്മിന് ഏറ്റവും കൂടുതല്‍ വേരൊട്ടമുള്ള സ്ഥലമാണ് കീഴാറ്റൂരെന്നതും ശ്രദ്ധേയം. 
വയല്‍ക്കിളികള്‍ എന്നപേരിലുള്ള കൂട്ടായ്മയാണ് സമരം നടത്തുന്നത്. സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള ഗ്രാമമാണ് കീഴാറ്റൂര്‍. കീഴാറ്റൂരില്‍ സിപിഎം കത്തിച്ച സമരപന്തല്‍ ബഹുജന മാര്‍ച്ചിന്റെ അകമ്പടിയോടെ പുനഃസ്ഥാപിച്ച് വയല്‍ക്കിളികള്‍ മറുപടി നല്‍കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ രംഗത്തു വന്നിരുന്നു. ഒന്നേ രണ്ടോ പേരുടെ പ്രതിഷേധത്തിനു വഴങ്ങി വലിയൊരു വികസനത്തില്‍ നിന്നു പിന്നോട്ടു പോകാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയില്ലെന്നായിരുന്നു അവരുടെ വാദം. അതേസമയം, തളിപ്പറമ്പ് ടൗണില്‍ നിന്ന് കീഴാറ്റൂര്‍ പാടം വരെ മാര്‍ച്ച് നടത്തി വയല്‍ക്കിളികള്‍ അവരുടെ പാരിസ്ഥിതിക യുക്തി മുന്നോട്ടു വച്ചു. ഈ മാര്‍ച്ചില്‍ വന്‍ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. 
അതേസമയം, കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ ഐഎന്‍ടിയുസി തള്ളിപ്പറഞ്ഞെങ്കിലും കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരനും രമേശ് ചെന്നിത്തലയും അനുകൂലിച്ച് മുന്നോട്ടു വന്നു. കീഴാറ്റൂരില്‍ സമരം നടത്തുന്നത് വികസനവിരുദ്ധരാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞതു മുഖവിലക്കെടുക്കാതെയായരുന്നു ഇരുവരുടെയും വാദം. ദേശീയപാത ബൈപ്പാസ് നിര്‍മാണത്തിനെതിരായ വയല്‍ക്കിളികളുടെ സമരത്തിനോട് യാതൊരു താല്‍പര്യവുമില്ലെന്നായിരുന്നു ചന്ദ്രശേഖരന്റെ നിലപാട്.

എന്താണ് കീഴാറ്റൂര്‍ പ്രശ്‌നം
കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂര്‍ എന്ന സ്ഥലത്ത് നെല്‍വയല്‍ നികത്തി ബൈപാസ് പാത നിര്‍മ്മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ അരംഭിച്ച പ്രതിഷേധ സമരമാണ് കീഴാറ്റൂര്‍ സമരം അല്ലെങ്കില്‍ വയല്‍ക്കിളി സമരം എന്നറിയപ്പെടുന്നത്. തളിപ്പറമ്പിലൂടെ കടന്നുപോകുന്ന നിലവിലുള്ള ദേശീയപാത 45 മീറ്ററാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടവും, എതിര്‍പ്പും ഒഴിവാക്കാനാണ് കുപ്പം-കീഴാറ്റൂര്‍-കൂവോട്-കുറ്റിക്കോല്‍ ബൈപാസ് ഉണ്ടാക്കാന്‍ നിര്‍ദ്ദേശമുയര്‍ന്നത്. ഈ നിര്‍ദ്ദേശപ്രകാരം പാത നിര്‍മ്മിക്കുമ്പോള്‍ ഏതാണ്ട് നൂറോളം വീടുകള്‍ പൊളിക്കേണ്ടി വരുമെന്നായപ്പോള്‍ പ്രതിഷേധമുയരുകയും, കീഴാറ്റൂരിലൂടെ അലൈന്‍മെന്റ് നിര്‍മ്മിക്കാന്‍ ബദല്‍ നിര്‍ദ്ദേശം വന്നു, ഇപ്രകാരം നടപ്പിലാക്കിയാല്‍ മുപ്പതോളം വീടുകള്‍ മാത്രമേ പൊളിക്കേണ്ടി വരൂ എന്നതായിരുന്നു അനുകൂലഘടകം. വീടുകള്‍ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിച്ചേക്കാമെന്ന രീതിയിലുള്ള ദേശീയപാത നിര്‍മ്മാണത്തിനെതിരേ ഗ്രാമീണവാസികള്‍ തന്നെ രംഗത്തെത്തി. 

രാഷ്ട്രീയത്തിനുപരിയായി തുടങ്ങിയ സമരത്തെ അനുകൂലിച്ച് ഇപ്പോള്‍ പ്രമുഖപാര്‍ട്ടികളെല്ലാം രംഗത്തെത്തികഴിഞ്ഞു. ദേശീയ പാത വരുമ്പോള്‍ തളിപ്പറമ്പിലെ പാര്‍ട്ടി വ്യവസായങ്ങള്‍ പലതും നഷ്ടപ്പെടുമെന്നതും ഇതിനു വേണ്ടി പ്രത്യേകമായ ബൈപ്പാസ് നിര്‍മ്മിക്കാമെന്ന ആശയത്തെ എല്ലാവരും സ്വാഗതം ചെയ്തത് ഏതാണ്ട് രണ്ടു വര്‍ഷം മുന്നേയാണ്. അതോടെ, ദേശീയപാത 45 മീറ്ററാക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ ദേശീയപാത അഥോറിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും അതിന്‍പ്രകാരം സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ ഇതു വീതി കൂട്ടുമ്പോള്‍, ധാരാളം കടകമ്പോളങ്ങള്‍ പൊളിക്കേണ്ടിവരുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ കണക്കിലെടുത്ത് കുപ്പംകീഴാറ്റൂര്‍-കൂവോട്-കുറ്റിക്കോല്‍ ബൈപാസ് ഉണ്ടാക്കാന്‍ ബദല്‍ നിര്‍ദ്ദേശമുയര്‍ന്നു. എന്നാല്‍ ഇത്തരത്തില്‍ ബൈപാസ് നിര്‍മ്മിച്ചാല്‍ നൂറോളം വീടുകള്‍ പൊളിക്കേണ്ടി വരുമെന്ന് ഇതിനുവേണ്ടി പഠനം നടത്തിയ കണ്‍സള്‍ട്ടന്‍സി പറയുന്നു. ഈ നിര്‍ദ്ദേശത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നു. പ്രതിഷേധം ശക്തമായതോടെ, കീഴാറ്റൂരിലൂടെ പുതിയ അലൈന്‍മെന്റിനു നിര്‍ദ്ദേശം ഉയര്‍ന്നു. മുപ്പതോളം വീടുകള്‍ മാത്രമേ പൊളിക്കേണ്ടി വരൂ എന്നതായിരുന്നു അനുകൂലഘടകം. വീടുകള്‍ പൊളിക്കുന്നതു മാത്രമേ കണ്‍സള്‍ട്ടന്‍സി കണക്കിലെടുത്തിരുന്നുള്ളൂ. ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയുടെ ഭാഗമായ നെല്‍വയലുകളും, തണ്ണീര്‍ത്തടവും നശിപ്പിക്കപ്പെടുമെന്നത് അവര്‍ പരിഗണിച്ചതേയില്ല.

വയല്‍ക്കിളികളുടെ വരവ്
സി.പി.ഐ. (എം) നേതൃത്വം നല്‍കിയ വയല്‍ക്കിളികള്‍ എന്ന സംഘടനയാണ് സമരരംഗത്തേക്ക് ആദ്യം വന്നത്. കീഴാറ്റൂരിലെ ഗ്രാമീണരായിരുന്നു ഇവരെല്ലാം. എന്നാല്‍ വികസനത്തിനു എതിരു നില്‍ക്കരുതെന്നും, ദേശീയപാത അലൈന്‍മെന്റ് ഒഴിവാക്കാനാവില്ലെന്നുമാണ് സി.പി.ഐ. (എം) നിലപാടെന്നു വ്യക്തമായതോടെ, ഒരു വിമതവിഭാഗം അവിടെ ഉടലെടുത്തു. സമരത്തെ അനുകൂലിക്കുന്നവരും, സമരത്തെ എതിര്‍ക്കുന്നവരും എന്ന രണ്ടു ഗ്രൂപ്പുണ്ടായി. എന്നാല്‍ സി.പി.ഐ. (എം)നെ തള്ളി പതിനൊന്നുപേര്‍ സമരത്തോടൊപ്പം ഉറച്ചു നിന്നു. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെ, ഈ സമരം ജനവിരുദ്ധ, സര്‍ക്കാര്‍വിരുദ്ധ, വികസനവിരുദ്ധ സമരമായി മുദ്രകുത്തപ്പെട്ടു. വയല്‍ക്കിളി സമരപന്തല്‍ തീവച്ചു നശിപ്പിക്കപ്പെട്ടു. ഇതു ചെയ്തത് സി.പി.ഐ.എം പ്രവര്‍ത്തകാണെന്ന് സമരക്കാര്‍ ആരോപിക്കുമ്പോള്‍, സി.പി.ഐ.എമ്മിനു പങ്കില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. കേരള പൊതുമരാമത്ത് വകുപ്പു മന്ത്രിയായ ജി. സുധാകരന്‍ സമരക്കാരെ കഴുകന്മാര്‍ എന്നു വിശേഷിപ്പിച്ചത് വിവാദമായി. കീഴാറ്റൂരിനെ സര്‍ക്കാര്‍ വിരുദ്ധഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ നിലപാട്. സമരപന്തല്‍ കത്തിച്ചതോടു കൂടി സമരരംഗത്തേക്ക്, ഭാരതീയ ജനതാ പാര്‍ട്ടി, കോണ്‍ഗ്രസ്സ് എന്നീ രാഷ്ട്രീയസംഘടനകളും എത്തിച്ചേര്‍ന്നു.

സമരക്കാരുടെ വാദം ഇങ്ങനെ
250 ഏക്കറോളം നെല്‍വയല്‍ നശിപ്പിക്കപ്പെടും. കുറ്റിക്കോല്‍, കൂവോട്, കീഴാറ്റൂര്‍ പാടശേഖരസമിതികളിലായി 400ല്‍പ്പരം കര്‍ഷകരാണുള്ളത് അവര്‍ ഒറ്റപ്പെടും. വെള്ളക്കെട്ടുള്ളതിനാല്‍ ഒന്നാം കൃഷി എല്ലായിടത്തും സാധിക്കാറില്ല. രണ്ടാം വിള കൃഷി കഴിഞ്ഞ മൂന്നാലുവര്‍ഷമായി കൃത്യമായി ഭൂരിഭാഗം കര്‍ഷകരും ചെയ്യുന്നു. പിന്നീട് പച്ചക്കറി കൃഷിയും, അതും ഇല്ലാതാകും. മുനിസിപ്പല്‍ പ്രദേശത്തെ ഏറ്റവും താഴ്ന്ന ഭൂപ്രദേശമാണിത്. കീഴാറ്റൂര്‍ എന്ന പേര് വന്നതിനു കാരണവും അതാണ്. വയലിന് മൂന്നുഭാഗത്തും കുന്നുകളാണ്. കുന്നുകളില്‍ നിന്നെത്തുന്ന വെള്ളം ശേഖരിക്കപ്പെടുന്നത് കുറ്റിക്കോല്‍ നീര്‍ത്തടത്തിലാണ്. ഇതിലൂടെ സംഭരിക്കുന്ന വെള്ളമാണ്, ഇരുകരകളിലെ കിണറുകളിലും വെള്ളമെത്തിക്കുന്നത്. പാതക്കുവേണ്ടി 19 ഹെക്ടര്‍ വയല്‍ നികത്തും എന്നതും പ്രതിഷേധത്തിനു കാരണമായി. ആകെയുള്ള നൂറ്മീറ്റര്‍ വീതിയില്‍ 60 മീറ്ററോളം നികത്തപ്പെട്ടാല്‍ ബാക്കി വയല്‍ കൂടി അപ്രത്യക്ഷമാകുമെന്നത് ജനങ്ങളെ ഇതിനു വിരുദ്ധരാക്കി.

സര്‍ക്കാര്‍ വാദം
സമരക്കാര്‍ പറയുന്നപോലെ, 250 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നില്ല മറിച്ച് 11 ഏക്കര്‍ മാത്രമേ ദേശീയപാതക്കുവേണ്ടി ഏറ്റെടുക്കുന്നുള്ളു. 11 ല്‍ ആറേക്കറില്‍മാത്രമേ നെല്‍വയല്‍ ഉള്ളുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തോടുകള്‍ നികത്തുന്നില്ല, സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചത് തോടിനു പുറത്താണ്. ദേശീയപാത വരുന്നതോടുകൂടി അവിടെയുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രം ഇല്ലാതാവുന്നില്ല. 350 ഓളം വീടുകളും 1800 ല്‍ അധികം ജനസംഖ്യയുമുള്ള കീഴാറ്റൂരില്‍ 30 ല്‍ താഴെ വരുന്ന ജനങ്ങള്‍ മാത്രമാണ് ഇപ്പോഴും ബൈപ്പാസിന് എതിരെ സമരം ചെയ്യുന്നത്. സമരനായികയായ നമ്പ്രാടത്ത് ജാനകിക്ക് പോലും കീഴാറ്റൂര്‍ വയലില്‍ ഒരു തുണ്ട് ഭൂമി ഇല്ല. ഭൂമിയുടെ ഉടമസ്ഥരായ 58 പേരില്‍ 52 പേര്‍ ഭൂമി വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് കളക്ടര്‍ക്ക് സമ്മതപത്രം നല്‍കിയിട്ടുണ്ട് 

ബദല്‍ നിര്‍ദ്ദേശം
ദേശീയപാതാവികസനമെന്ന രീതിയില്‍ ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ കല്ലും മണ്ണും ഇട്ട് മൂടി നശിപ്പിക്കുന്നത് ജനേ്രേദാഹമായ നടപടിയാണെന്നാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടത്. നിലവിലുള്ള ദേശീയപാത ഇരുവശത്തും വീതി കൂട്ടുകയും നഗരഭാഗത്ത് ചിറവത്ത് മുതല്‍ തൃച്ചംബരം വരെ ഒരു മേല്‍പ്പാലം സ്ഥാപിക്കുകയും ചെയ്താല്‍ പ്രശ്‌നം ഏറ്റവും കുറഞ്ഞ സാമൂഹികപാരിസ്ഥിതിക പ്രത്യാഘാതത്തോടെ പരിഹരിക്കാനാകും. എന്നാല്‍ ഇതിനോടു ദേശീയപാത വികസന അഥോറിട്ടി യോജിക്കുന്നില്ല. 45 മീറ്റര്‍ വീതി എന്ന ദേശീയ ശരാശരി നിലനിര്‍ത്താന്‍ ഇതു കൊണ്ടാകില്ലെന്നാണ് ഇവരുടെ വാദം.
കീഴാറ്റൂര്‍ വയല്‍ക്കിളികളെ കല്ലെറിയുന്നതിനു പിന്നില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക