Image

ചൈനയിലെ കോഴിക്കോടിന്റെ (ഗുലി) മക്കളുമായി ഡോ. ജോ തോമസ്

Published on 26 March, 2018
ചൈനയിലെ കോഴിക്കോടിന്റെ (ഗുലി) മക്കളുമായി ഡോ. ജോ തോമസ്
ചൈനീസ് ഭാഷയില്‍ ഗുലി എന്നു പറഞ്ഞാല്‍ കോഴിക്കോട്. ഗുലിസ് ചില്‍ഡ്രന്‍ കോഴിക്കോടിന്റെ മക്കള്‍. 

എഴുന്നൂറ് വര്‍ഷം മുമ്പ് കോഴിക്കോട് നിന്ന് ചൈനയില്‍ പോയി സ്ഥിരതമാസമാക്കിയ മലയാളിയേയും ഇരുപത് തലമുറകളേയും പറ്റി നിര്‍മിച്ച ഡോക്യുമെന്ററിയാണ് ഗുലിസ് ചില്‍ഡ്രന്‍ (43 മിനിറ്റ്).

ചിത്രമെടുത്ത ഡോ. ജോ തോമസ് കാരക്കാട്ട് ചെന്നൈ ഐ.ഐ.ടിയില്‍ ഹ്യൂമാനിറ്റീസ് പ്രൊഫസറാണ്. സിനിമയുമായി ബന്ധമൊന്നുമില്ല.

ചൈനയുടെ കോഴിക്കോട് ബന്ധം വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ അതില്‍ താത്പര്യമായി. കൂടുതല്‍ ഗവേഷണം നടത്തി. 20,000 കിലോമാറ്റര്‍ സഞ്ചാരത്തിനും വഴിയൊരുക്കി. അവസാനം ഇരുപതാം തലമുറയിലുള്ള മാ സുങ്കായിയേയും ബന്ധുക്കളേയും കണ്ടെത്തി.

കാഴ്ചയില്‍ ചൈനക്കാരന്‍. ഇരുപത് തലമുറകൊണ്ട് മലയാളി ജീനുകളെല്ലാം മാറിപ്പോയി. എങ്കിലും ഒരു മലയാളിയെ കണ്ട സന്തോഷത്തില്‍ അയാള്‍ കരഞ്ഞുപോയി.

വികാരനിര്‍ഭരമായ കൂടിക്കാഴ്ച അടക്കമുള്ള അന്വേഷണ വിവരങ്ങള്‍ സാധാരണ ഡി.എസ്.എല്‍.ആര്‍ കാമറയില്‍ ചിത്രീകരിക്കുകയായിരുന്നു. ഒരു ലേഖന പരമ്പരയേക്കാള്‍ ശക്തമാണ് ദൃശ്യമാധ്യമമാണെന്ന തിരിച്ചറിവിലായിരുന്നു അത്.

ഫിലിം ഈമാസം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് ബിംഗാമ്പ്ടണിലും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലും പ്രദര്‍ശിപ്പിച്ചു. നാളെഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ (നോര്‍ത്ത് കരോളിന) പ്രദര്‍ശിപ്പിക്കും.

കുടിയേറ്റം എന്ന മനുഷ്യയാത്രയുടെ ചിത്രീകരണമായതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നിടത്തൊക്കെ നല്ല പ്രതികരണമാണെന്നു ഡോ. ജോ തോമസ് പറഞ്ഞു.

മാ സുങ്കായിയുടെ വീട്ടില്‍ പഴയ തലമുറയുടെ വിവരങ്ങളടങ്ങിയ ചരിത്രമുണ്ട്. ജിയാവോ പു എന്നാണതിനു പേര്. അതില്‍ കോഴിക്കോട് നിന്നും വന്ന മാ-ലി-കി ആണ് തങ്ങളുടെ പൂര്‍വ്വ പിതാവ് എന്നു വ്യക്തമാക്കിയിരിക്കുന്നു. മലകി അല്ലെങ്കില്‍ മാലിക്കി എന്നായിരിക്കാം ശരിയായ പേര് എന്നു കരുതുന്നു.

കേരളത്തിന്റെ ചൈനാ ബന്ധത്തില്‍ അതിശയോക്തിയില്ലെന്നു ഡോ. ജോ തോമസ്. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ കൊച്ചിയും കോഴിക്കോടും കൊല്ലവും കേന്ദ്രീകരിച്ച് ചൈനക്കാരുമായി വലിയ തോതിലുള്ള വാണിജ്യബന്ധം ഉണ്ടായിരുന്നു.

അക്കാലത്ത് കോഴിക്കോട് സാമൂതിരി ശക്തനായ ഭരണാധികാരിയായിരുന്നു. പോര്‍ച്ചുഗീസുകാരുടെ വരവിന് മുമ്പുള്ള കാലമായിരുന്നു.

മാലികി കച്ചവടത്തിനോ അല്ലെങ്കില്‍ നയതന്ത്ര ആവശ്യത്തിനോ ആയിരിക്കാം ചൈനയില്‍ പോയത്. പിന്നീടവിടെ തങ്ങി. പക്ഷെ 700 വര്‍ഷം പിന്നിട്ടിട്ടും കുടുംബം പഴയ കോഴിക്കോട് ബന്ധം മറന്നില്ല. 13- 14 നൂറ്റാണ്ടുകളില്‍ യുവാന്‍ രാജവാഴ്ചയുടെ കാലത്തായിരുന്നു മാലികിയുടെ കുടിയേറ്റം.

മാ കുടുംബത്തിലെ ആരും കേരളത്തില്‍ വന്നിട്ടില്ല. വരാന്‍ ഏറെ ആഗ്രഹമുണ്ടെങ്കിലും. ഇന്ത്യയിലെ സ്ഥിതിഗതികളെപ്പറ്റി അവര്‍ക്ക് സാമാന്യത്തിലേറെ ജ്ഞാനമുണ്ട്.

യുവാന്‍- മിങ്ങ് രാജവംശങ്ങളുടെ കാലത്ത് കോഴിക്കോടിന്റെ അംബാസഡര്‍മാരായിരുന്ന പലരേപ്പറ്റിയും ചരിത്രഗ്രന്ഥങ്ങളിലുണ്ട്. പക്ഷെ അവരുടെ പിന്‍തലമുറയെപ്പറ്റി വിവരമില്ല. മാലികിയുടെ കുടുംബത്തേപ്പറ്റിയാണ് വ്യക്തമായ വിവരങ്ങളുള്ളത്. കൃത്യമായ ജിയാവോ പുസൂക്ഷിച്ചിട്ടുള്ളതും. അവര്‍ തന്നെ.

ഗുവാംഗ്‌സി പ്രോവിന്‍സിലാണ് അവര്‍ താമസിക്കുന്നത്. മായും ഭാര്യയും എണ്‍പതുകള്‍ പിന്നിട്ട വൃദ്ധരാണ്. മക്കളും കൊച്ചുമക്കളുമൊക്കെയുണ്ട്.

ജോ തോസിനെ ലാവോ സിയാംഗ് എന്നു പറഞ്ഞാണ് അവര്‍ സ്വാഗതം ചെയ്തത്.- സ്വന്തം നാട്ടുകാരന്‍ എന്നര്‍ത്ഥം.

പതിനാറാം നൂറ്റാണ്ടില്‍ കോഴിക്കോടിന്റെ അംബാസഡര്‍ ആയിരുന്ന 'ജി' ഫ്യൂജിയാനില്‍ ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ മറ്റു വിവരമൊന്നും ലഭ്യമല്ല.

ചീനവല, ചീനച്ചട്ടി, ചൈനീസ് പാത്രങ്ങള്‍ എന്നിവയെല്ലാം ചൈനയുമായുള്ള പഴയകാല ബന്ധം വെളിവാക്കുന്നു. പക്ഷെ പുതിയ തലമുറയ്ക്ക് ഇവയെപ്പറ്റി വലിയ ധാരണയില്ല.

മുന്‍ ഗാമി ചൈനക്കു പോയി അവിടെ തങ്ങിയ ചരിത്രം കോഴിക്കോട്ട്ഉള്ള ഒരു കുടുംബവും പറയുന്നില്ല എന്നതിനാല്‍കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

ചിത്രം ആദ്യം പ്രദര്‍ശിപ്പിച്ചത് കോഴിക്കോട്ടാണ്. ചരിത്രകാരന്‍ പ്രൊഫ. എം.ജി.എസ് നാരായണന്‍ അടക്കമുള്ളവര്‍ ഫിലിം കണ്ടു. വലിയ പ്രതികരണമാണ് അവിടെയും പിന്നീടുള്ള സദസുകളിലും ലഭിച്ചത്. ചൈനയെപ്പറ്റിയുള്ള നമ്മുടെ ധാരണ തിരുത്തുന്നതാണ് ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ടു.

ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഡോ. ജോ തോമസ് ജെ.എന്‍.യുവില്‍ നിന്നാണ് പി.എച്ച്.ഡി എടുത്തത്. യേല്‍ യൂണിവേഴ്‌സിറ്റിയുടെ ഫോക്‌സ് ഫെല്ലോഷിപ്പ്, ന്യൂയോര്‍ക്കിലെ ന്യൂ സ്‌കൂള്‍ യൂണിവേഴ്‌സിറ്റിയുടെ ചൈന ഇന്ത്യ സ്‌കോളര്‍ ലീഡര്‍, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്റെ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഗവേഷണം പുസ്തക രൂപത്തിലാക്കാനും മുപ്പത്തഞ്ചുകാരായ ഡോ. ജോ തോമസിനു പദ്ധതിയുണ്ട്.

വാഴൂര്‍ കാരക്കാട്ട് കെ.ജെ. തോമസിന്റേയും പിട്ടാപ്പള്ളില്‍ റോസി തോമസിന്റേയും പുത്രനാണ്. നാലു പതിറ്റാണ്ട് മുമ്പ് ഡല്‍ഹിയില്‍ കുടിയേറിയതാണ് കുടുംബം.

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രദര്‍ശനത്തിനു കവിയും ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറുമായ മീന അലക്‌സാണ്ടര്‍, മേ ജോസഫ്, പ്രൊഫ. റിറ്റി ലൂക്കോസ് എന്നിവരും എത്തിയിരുന്നു.
ചൈനയിലെ കോഴിക്കോടിന്റെ (ഗുലി) മക്കളുമായി ഡോ. ജോ തോമസ്ചൈനയിലെ കോഴിക്കോടിന്റെ (ഗുലി) മക്കളുമായി ഡോ. ജോ തോമസ്ചൈനയിലെ കോഴിക്കോടിന്റെ (ഗുലി) മക്കളുമായി ഡോ. ജോ തോമസ്ചൈനയിലെ കോഴിക്കോടിന്റെ (ഗുലി) മക്കളുമായി ഡോ. ജോ തോമസ്ചൈനയിലെ കോഴിക്കോടിന്റെ (ഗുലി) മക്കളുമായി ഡോ. ജോ തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക