Image

കീഴാറ്റൂര്‍ സമരം വികസന വിരുദ്ധരുടെ രാഷ്ട്രീയ സമരം (എം.വി ജയരാജന്‍)

Published on 27 March, 2018
കീഴാറ്റൂര്‍ സമരം  വികസന വിരുദ്ധരുടെ രാഷ്ട്രീയ സമരം (എം.വി ജയരാജന്‍)
ദേശീയപാതാ വികസനത്തിന് കീഴാറ്റൂരിലെ ഭൂരിപക്ഷവും സ്ഥലം നല്‍കിക്കഴിഞ്ഞു. മാത്രമല്ല, സ്ഥലം വിട്ടുകൊടുത്തകാര്യം വ്യക്തമാക്കി സ്ഥലമുടമകള്‍ തന്നെ ബോര്‍ഡും സ്ഥാപിച്ചുകഴിഞ്ഞു. വികസനം വേണമെന്നാണ് കീഴാറ്റൂര്‍ ജനതയും പ്രഖ്യാപിച്ചത്. വില്ലേജ് റോഡിന്റെ വീതിമാത്രമുള്ള ദേശീയപാത വികസിക്കേണ്ടത് അപകടം ഉള്‍പ്പടെ ഒഴിവാക്കുന്നതിനും വാഹനങ്ങള്‍ കൂടുന്നസാഹചര്യത്തില്‍ ഭാവിയിലേക്കും അനിവാര്യമാണെന്ന് കീഴാറ്റൂരുകാരും തുറന്നുസമ്മതിക്കുന്നു. അതുകൊണ്ടുതന്നെയാണ് ആകെയുള്ള 60 പേരില്‍ 56 പേരും ഭൂമിവിട്ടുകൊടുത്ത് സമരത്തില്‍ നിന്നും പിന്‍വാങ്ങിയത്. വികസനവിരുദ്ധരുടെ രാഷ്ട്രീയ സമരമാണ് കീഴാറ്റൂരിലേതെന്ന് ജനം തിരിച്ചറിഞ്ഞതുകൊണ്ടാണ് സ്വന്തം ഭൂമിയില്‍ സ്ഥലം വിട്ടുകൊടുത്തകാര്യം വ്യക്തമാക്കി അവര്‍തന്നെ ബോര്‍ഡുവെച്ചത്. എന്തുകൊണ്ടാണ് സമരരംഗത്തുണ്ടായിരുന്ന, എന്നാല്‍ തങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് പ്രഖ്യാപിച്ച് ഇപ്പോള്‍ ഭൂമി വിട്ടുകൊടുത്ത 56 പേരെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്തത്. അവര്‍ക്കിപ്പോഴും സര്‍ക്കാരിനെതിരെ വാര്‍ത്തനല്‍കി അത് വിറ്റഴിക്കാനുള്ള വെപ്രാളമാണ്.

വികസനവിരുദ്ധര്‍ക്കാണെങ്കിലും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ഗെയ്ല്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ സന്നദ്ധതയില്ലെന്നറിയിച്ചവര്‍ പ്രതിഷേധിച്ചിരുന്നു. മതിയായ നഷ്ടപരിഹാരം ഗെയ്ല്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഒടുവില്‍ അവര്‍ സ്ഥലം വിട്ടുകൊടുത്തിരുന്നു. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് വേണ്ടത് മതിയായ നഷ്ടപരിഹാരം ലഭിക്കുകയാണ്. ഉപജീവനത്തിനുള്ള മാര്‍ഗം അവര്‍ക്ക് ലഭ്യമാക്കുക. അതിനൊരിക്കലും സര്‍ക്കാര്‍ തടസ്സം നിന്നിട്ടില്ല. വീടുപോകുന്നവര്‍ക്ക് വീടിന് സൗകര്യമുണ്ടാവുക, കടകള്‍ പോകുന്നവര്‍ക്ക് കടകള്‍ക്ക് സൗകര്യമുണ്ടാവുക ഇതൊക്കെയാണ് അവരുടെ പുനരധിവാസത്തിന്റെ പ്രശ്നം. അതിനാണ് ശ്രമിക്കുന്നത്.

കീഴാറ്റൂരിലാണെങ്കില്‍ തണ്ണീര്‍ത്തടമോ, തോടുകളോ, നീരുറവകളോ നഷ്ടപ്പെടുന്നില്ല. 250 ഏക്കര്‍ വയല്‍ ഭൂമിയില്‍ വര്‍ഷങ്ങളായി നെല്‍ക്കൃഷി ചെയ്യുന്നില്ലെങ്കിലും നെല്‍ക്കൃഷി ചെയ്യാനും മറ്റ് കൃഷി ചെയ്യാനും കഴിയത്തക്ക നിലയില്‍ 240 ഏക്കര്‍ ഭൂമിയും ഭൂമി ഏറ്റെടുത്തശേഷവും ലഭ്യമാണ്. അവിടെ കൃഷിചെയ്യാനുള്ള പശ്ചാത്തല സൗകര്യം നിലനിര്‍ത്തിക്കൊണ്ടാണ് വികസന പദ്ധതി നടപ്പാക്കുന്നത്. മാത്രമല്ല, ദേശീയപാതാ വികസന അതോറിറ്റിയാണ് മണ്ണിട്ടുയര്‍ത്തി ദേശീയപാത തീരുമാനിച്ചത്. അവരോടുതന്നെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എലിവേറ്റഡ് ഹൈവേ ആലോചിക്കണമെന്നാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നതിന്റെ വ്യക്തതകൂടിയാണിത്. മണ്ണിട്ടുയര്‍ത്തിയായാലും എലിവേറ്റഡ് ഹൈവേയായാലും തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. മണ്ണിട്ടുയര്‍ത്തിയുള്ള ഹൈവേ വികസനം പ്രശ്നമാണെങ്കില്‍, എലിവേറ്റഡ് ഹൈവേ തീരുമാനിച്ചാല്‍ മതിയല്ലോ. അങ്ങനെ വേണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് പ്രശ്നം തീര്‍ക്കാന്‍ സാധിക്കുമല്ലോ.

ചുരുക്കത്തില്‍, ദേശീയപാതാ വികസനം സംബന്ധിച്ച വിഷയത്തില്‍ സമരം നിര്‍ബന്ധമാണെങ്കില്‍ അത് ചെയ്യേണ്ടത് ഡല്‍ഹിയിലാണ്. അങ്ങനെ പാര്‍ലമെന്റിന് മുന്നില്‍ സമരം ചെയ്യുമ്പോള്‍ ദേശീയപാതാവികസനം വേണ്ടെന്ന് മാത്രം പറയരുത്. നിലവിലെ വില്ലേജ് റോഡിന്റെ വലിപ്പം മാത്രമുള്ള മലബാറിലെ നാഷണല്‍ ഹൈവേ വികസിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരും സമ്മതിക്കും. തൃശൂരിലെ വി.എം സുധീരന്റെ നാട്ടിലും സുരേഷ് ഗോപി എം.പിയായ നാട്ടിലുമെല്ലാം ഉള്ള ദേശീയപാതാവികസനം തളിപ്പറമ്പില്‍ മാത്രം അരുതെന്ന് പറയരുതേ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക