Image

ബാലചന്ദ്രനൊപ്പം: സുഭാഷ് ചന്ദ്രന്‍

Published on 27 March, 2018
ബാലചന്ദ്രനൊപ്പം: സുഭാഷ് ചന്ദ്രന്‍
സുഭാഷ് ചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

ബാലചന്ദ്രനൊപ്പം

ജൂലിയസ് സീസര്‍ കൊല്ലപ്പെട്ടപ്പോള്‍ ആള്‍ക്കൂട്ടം ചെയ്തതും ഇതുതന്നെ. ബ്രൂട്ടസ്സെന്നും കാസ്‌കയെന്നും സിന്നയെന്നും പേരുള്ള ചിലരാണ് വധത്തിനുപിന്നില്‍ എന്നുമാത്രമേ ആള്‍ക്കൂട്ടത്തിനു തിരിഞ്ഞുള്ളൂ. ആ പേരുകളുള്ള സകലരേയും തിരഞ്ഞുപിടിച്ച് വധിക്കാന്‍ ഒരുമ്പെട്ടു ഹാലിളകിയ ആള്‍ക്കൂട്ടം. അങ്ങനെയവരുടെ കയ്യില്‍ സിന്ന എന്നു പേരുള്ള ഒരു പാവം വന്നുപെട്ടു. 'ഞാന്‍ നിങ്ങളന്വേഷിക്കുന്ന ഗൂഢാലോചകനല്ല; ഒരു പാവം കവി മാത്രം!' അടികൊണ്ട് അയാള്‍ നിലവിളിച്ചു.

'എങ്കില്‍ അവന്റെ പൊട്ടക്കവിതകളുടെ പേരില്‍ അവനെ കൊന്നേക്കുക!', ആള്‍ക്കൂട്ടത്തിന്റെ മൂപ്പന്‍-ജീവിതത്തില്‍ നല്ലതോ ചീത്തയോ ആയ ഒരൊറ്റക്കവിതപോലും വായിച്ചിട്ടില്ലാത്ത ആ ഭ്രാന്തന്‍ നായ- കല്‍പ്പിച്ചു.
ആള്‍ക്കൂട്ടം സിന്നയെ അടിച്ചുകൊന്നു.

പ്രിയ ബാലചന്ദ്രന്‍! ഇവിടെ ആള്‍ക്കൂട്ടം നിങ്ങളേയും പിടികൂടിയിരിക്കുന്നു. ചീത്തക്കവിതകളുടെ പേരില്‍ നിങ്ങളെ കൊല്ലാന്‍ അവര്‍ക്കു സാധിക്കായ്കയാല്‍ ചീത്ത സീരിയലുകള്‍ എന്നവര്‍ മാറ്റിപ്പറയുന്നു. ഇനി നിങ്ങള്‍ നല്ല സീരിയലില്‍ മാത്രം അഭിനയിക്കുന്ന ഒരാളാണെന്നു വന്നാല്‍ അവര്‍ നിങ്ങളുടെ കക്കൂസ് മാന്താന്‍ വരും. നിങ്ങള്‍ മേധത്തിനുകൊള്ളാത്ത മാലിന്യം വിസര്‍ജ്ജിച്ചു ടാങ്കില്‍ സംരക്ഷിക്കുന്നയാളാണെന്നു വിധിയെഴുതും.

അതുകൊണ്ട് ആള്‍ക്കൂട്ടത്തെ നോക്കി ദൈവത്തെപ്പോലെ മന്ദഹസിക്കൂ. അവരുടെ വോട്ട് വേണ്ടെന്നു പറയൂ. അവരത് ഉമ്മന്‍ ചാണ്ടിക്കോ പിണറായിക്കോ നരേന്ദ്രമോദിക്കോ ചെയ്ത് രസിച്ചോട്ടെ. താങ്കള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന കാലത്ത് എന്നെപ്പോലെ ചിലര്‍ താങ്കളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെന്നു മനസ്സിലാക്കി ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കൂ!

സ്വന്തം
സുഭാഷ് ചന്ദ്രന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക