Image

വത്തിക്കാനില്‍ ഓശാന ഞായറിന്റെ ഓര്‍മപുതുക്കി ഫ്രാന്‍സിസ് മാര്‍പാപ്പാ

Published on 27 March, 2018
വത്തിക്കാനില്‍ ഓശാന ഞായറിന്റെ ഓര്‍മപുതുക്കി ഫ്രാന്‍സിസ് മാര്‍പാപ്പാ

വത്തിക്കാന്‍സിറ്റി:പതിനായിരക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാനില്‍ ഓശാന ഞായറിന്റെ ഓര്‍മ പുതുക്കി. നിരവധി കര്‍ദ്ദിനാളന്മാര്‍ക്കൊപ്പം തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിച്ച മാര്‍പാപ്പാ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്കു നല്‍കി.

ഞായറാഴ്ച രാവിലെ പ്രദേശിക സമയം രാവിലെ 9.30 ന് ചടങ്ങുകള്‍ തുടങ്ങി. ചുവന്ന തിരുവസ്ത്രങ്ങളിഞ്ഞ് എത്തിയ മാര്‍പാപ്പയ്‌ക്കൊപ്പം നടന്ന പ്രദക്ഷിണത്തില്‍ മലയാളി വൈദികരും പങ്കെടുത്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ മാര്‍പാപ്പാ ദിവ്യബലിയര്‍പ്പിച്ചു. ഒലിവു മരച്ചില്ലകളും കുരുത്തോലയും കുരിശിന്റെ ആകൃതിയില്‍ കൈയിലേന്തിയാണ് വിശ്വാസികള്‍ ഓശാനയുടെ ഓര്‍മകള്‍ പുതുക്കിയത്. മനോഹരമായി മെടഞ്ഞു കെട്ടിയ കുരുത്തോലയാണ് മാര്‍പാപ്പ വഹിച്ചത്. തടിയില്‍ കടഞ്ഞെടുത്തു സമ്മാനിച്ച കുരിശാണു മാര്‍പാപ്പ ഓശാനതിരുക്കര്‍മങ്ങള്‍ക്കായി ഉപയോഗിച്ചത്. ഇതോടെ ക്രിസ്തുവിന്റെ പീഡാനുഭവത്തിനു മുന്പുള്ള വലിയ ആഴ്ചയ്ക്കു തുടക്കം കുറിച്ചു. പേപ്പല്‍ പതാകയുടെ നിറമുള്ള കുടകളും വിശ്വാസികള്‍ കൈകളിലേന്തിയിരുന്നു. കാലാവസ്ഥയിലും ഓശാന ഞായറാഴ്ചയുടെ പ്രതിസ്ഫുരണങ്ങള്‍ വത്തിക്കാനില്‍ തെളിഞ്ഞിരുന്നു. 

യേശുവിനെ, വചനത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ ജറുസലേമിലേക്ക് പ്രവേശിച്ച യേശുവിനെ യഹൂദര്‍ സ്വീകരിച്ച അതേ സന്തോഷത്തോടെ ആര്‍ത്തുല്ലസിച്ച് യേശുവിനെ നമ്മുടെ ജീവിതത്തില്‍ പ്രവൃത്തികളില്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ ഉദ്‌ബോധിച്ചിച്ചു. പ്രിയമുള്ള യുവജനങ്ങളേ, നിങ്ങളുടെ സ്വരം ലോകം ശ്രവിക്കണം. അതു യേശുവിന്േ!റതായിക്കണം. ഈ വര്‍ഷം വേള്‍ഡ് യൂത്ത് ഡേ ആണ്. നിശബ്ദത പാലിക്കാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ നിങ്ങളാവണം, അമേരിക്കയിലുടനീളം നടന്ന തോക്കു നിരോധനറാലികളെ ഉദ്ധരിച്ചുകൊണ്ട് മാര്‍പാപ്പാ പറഞ്ഞു.

മറ്റുള്ളവരെപ്പോലെ നിങ്ങള്‍ മിണ്ടാതിരുന്നാലോ, പഴയ ആളുകളും നേതാക്കളും മിണ്ടാതിരിക്കുന്നത് അഴിമതിയിലൂടെ കടന്നു പോയവരായതു കൊണ്ടാണ്. അവര്‍ക്ക് ശബ്ദിക്കാന്‍ പരിമതികളുണ്ട്. എന്നാല്‍ നിങ്ങള്‍ക്കോ, നിങ്ങളെ, യുവജനങ്ങളെ നിശബ്ദരാക്കാന്‍ പ്രലോഭനമുണ്ടാകുന്നില്ലേ, യുവജനങ്ങളെ നിശബ്ദമാക്കാനും അദൃശ്യമാക്കാനും നിരവധി വഴികള്‍ അഴിമതിക്കാര്‍ തേടുന്നുണ്ട്. അതില്‍ നിന്നൊക്കെ വിടുതല്‍ നേടി നിങ്ങള്‍ ലോകത്തിന്റെ കരുത്തുറ്റ ശബ്ദമാവണം  മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിനു വിശ്വാസികള്‍ കുരുത്തോലകളും ഒലിവിന്റെ ശിഖരങ്ങളും വീശി ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.

തിരുക്കര്‍മങ്ങള്‍ക്കുശേഷം പാപ്പാ മൊബീലില്‍ കയറാതെ വത്തിക്കാന്‍ സ്‌ക്വയറിലൂടെ വിശ്വാസികളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് അജഗണങ്ങളുമായി സ്‌നേഹം പങ്കുവച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക