Image

മൃദുംഗത്തില്‍ മാന്ത്രിക വിരലുകള്‍ ചലിപ്പിക്കുന്ന ടി.എസ്. നന്ദകുമാറിന് നാമം 2018 എക്സലന്റ് പുരസ്‌കാരം

ഫ്രാന്‍സിസ് തടത്തില്‍ Published on 27 March, 2018
മൃദുംഗത്തില്‍ മാന്ത്രിക വിരലുകള്‍ ചലിപ്പിക്കുന്ന ടി.എസ്. നന്ദകുമാറിന് നാമം 2018 എക്സലന്റ് പുരസ്‌കാരം
ന്യൂജേഴ്സി : അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ നൈവേദ്യമായി കാണിക്കയര്‍പ്പിച്ചു തുടങ്ങിയ കലാസപര്യയില്‍ നിന്ന് ലോകത്തിലെ തന്നെ അറിയപ്പെടുന്ന കര്‍ണാട്ടിക്ക് പെര്‍ക്കഷനിസ്റ്റ് ആയി മാറിയ ടി.എസ്. നന്ദകുമാറിന് നോര്‍ത്ത് അമേരിക്കന്‍ മലയാളി ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്സ് (NAMAM= നാമം) ന്റെ ആദരം. നാദസ്വരത്തിലെ അനുഗ്രഹീത കലാകാരന്മാരായ അമ്പലപ്പുഴ സഹോദരന്മാര്‍ എന്ന പേരിലറിയപ്പെടുന്ന ശങ്കരനാരായണ പണിക്കാരുടെയും ഗോപലകൃഷ്ണപ്പണിക്കാരുടെയും അന്തരവനായി ജനിച്ച ടി.എസ്. നന്ദകുമാര്‍ മൃദംഗവായനയിലൂടെ ലോകത്തെ അതിശയിപ്പിച്ച വ്യക്തിയാണ്. ലോകമെമ്പാടും ശിഷ്യഗണങ്ങളുള്ള നന്ദകുമാര്‍ താന്‍ സായത്തമാക്കിയ എല്ലാ പെര്‍ക്കഷന്‍ സംഗീത ഉപകരണങ്ങളുടെയും സര്‍വ്വജ്ഞാനിയാണ്. അമേരിക്കയില്‍ കര്‍ണ്ണാട്ടിക് പെര്‍ക്കന്‍ഷന്‍ സംഗീതരംഗത്ത് നല്‍കിയ അതുല്യമായ സംഭാവനകള്‍ കണക്കിലെടുത്ത് ഈ വര്‍ഷത്തെ മികച്ച കലാകാരനുള്ള നാമം 2018 എക്സലന്റ് അവാര്‍ഡിന് ടി.എസ്. നന്ദകുമാര്‍ അര്‍ഹനായി. ഏപ്രില്‍ 28-ന് വൈകുന്നേരം അഞ്ചിന് ന്യൂജേഴ്സിയിലെ എഡിസണില്‍ നടക്കുന്ന വര്‍ണ്ണാഭമായ നാമം 2018 എക്സലന്റ് അവാര്‍ഡ് നൈറ്റില്‍ അദ്ദേഹത്തിനു അവാര്‍ഡ് സമ്മാനിക്കും.

കര്‍ണ്ണാട്ടിക് സംഗീതത്തിലെ ലോകം അറിയപ്പെടുന്ന പെര്‍ക്കഷനിസ്റ്റ് ആയി മാറിയ ടി.ശങ്കരനാരായണന്‍ നന്ദകുമാര്‍ എന്ന ഈ അനുഗ്രഹീത കലാകാരന്‍ സംഗീതലോകത്തേക്കുള്ള പടവുകള്‍ ചവിട്ടിക്കയറിയത് നാലാം വയസു മുതലാണ്. ഒരുകൊച്ചുബാലനായിരിക്കുമ്പോള്‍ മുതല്‍ സംഗീതം ജീവിതചര്യയാക്കിയ നന്ദകുമാറിന് അമ്മാവന്മാരുടെ സ്വാധീനം തന്നിലെ കലയെ പരിപോഷിപ്പിക്കുന്നതിനു ഉപോല്‍ഘടകമായി മാറി. വളരെ ചെറുപ്പത്തില്‍ തന്നെ മുംബൈയിലേക്ക് കുടിയേറിയ അദ്ദേഹം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സംഗീത കോളേജ് ആയ മുംബൈയിലുള്ള ഷണ്‍മുഖാനന്ദ ഫൈന്‍ ആര്‍ട്ട്സ് ആന്‍ഡ് സംഗീത സഭയില്‍ 28 വര്‍ഷം സംഗീത അദ്ധ്യാപകനായിരുന്നു. 39 വര്‍ഷത്തെ മുംബൈ ജീവിതത്തിനിടെ സംഗീതലോകത്തെ കുലപതികളായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, എം. ഡി. രാമനാഥന്‍, എസ്. രാമനാഥന്‍, ആര്‍.കെ. ശ്രീകാന്ത്, വി. ദക്ഷിണാമൂര്‍ത്തി, ഭീമസണ്‍ ജോഷി, എം. ബാലമുരളീകൃഷ്ണ, ടി.എന്‍.കൃഷ്ണന്‍, എല്‍. സുബ്രഹ്മണ്യന്‍, എന്‍.രമണി, ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസ്, എന്‍.രാജ, ടി.കെ. ഗോവിന്ദറാവു, നെടുങ്കുറി കൃഷ്ണമൂര്‍ത്തി, ടി.വി.ഗോപാലകൃഷ്ണന്‍ തുടങ്ങി നിരവധി സംഗീതജ്ഞര്‍ക്കു വേണ്ടി മൃദംഗം വായിക്കാന്‍ അദ്ദേഹത്തിന്റെ അനുഗ്രഹീത വിരലുകള്‍ക്ക് കഴിഞ്ഞു.

ജൂണ്‍ 11 നു 60 വയസ് തികയുന്ന ടി.എസ്. നന്ദകുമാറിനുള്ള ജന്മ ദിന സമ്മാനമായിരിക്കും ഈ അവാര്‍ഡ് എന്ന് നാമം സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവന്‍ ബി.നായര്‍, പ്രസിഡന്റ് മാലിനി നായര്‍, അഡ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഗീതേഷ് തമ്പി, സെക്രട്ടറി സജിത്ത് ഗോപിനാഥ്, വൈസ് പ്രസിഡന്റ് ആശാ നായര്‍, ട്രഷറര്‍ അനിത നായര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രീയ സുബ്രഹ്മണ്യം, വര്‍ഗ്ഗീസ് ആന്റണി, രഞ്ജിത്ത് പിള്ള, തുമ്പി അന്‍സൂദ്, വിനി നായര്‍, സുനില്‍ നമ്പ്യാര്‍, ഡോ. പദ്മജ നായര്‍ എന്നിവര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു. ലോകം മുഴുവനുമുള്ള മലയാളികളുടെ അഭിമാനമായി മാറിയ നന്ദകുമാര്‍ എന്ന ഈ അപൂര്‍വ കലാപ്രതിഭയെ ആദരിക്കുന്നതിലൂടെ നാമം ലോകം മുഴുവനുമുള്ള മലയാളികള്‍ക്കുള്ള ആദരം സമര്‍പ്പിക്കുകയാണെന്ന് മാധവന്‍ ബി. നായര്‍ അഭിപ്രായപ്പെട്ടു.


പ്രസിദ്ധിയാര്‍ന്ന അമ്പലപ്പുഴ പാല്‍ പായസത്തിന്റെ നാട്ടില്‍ ശുദ്ധ സംഗീതത്തിന്റെ അന്തരീക്ഷത്തില്‍ പരേതരായ ബാലകൃഷ്ണപണിക്കരുടെയും സരസ്വതിയുടെയും പുത്രനായി ജനിച്ചു സംഗീതപാരമ്പര്യത്തില്‍ വളര്‍ന്ന നന്ദകുമാറിന് ഊണിലും ഉറക്കത്തിലും കല്ലിലും തുരുമ്പിലും സമസ്ത ലോകങ്ങളിലും സംഗീതം മാത്രമായിരുന്നു ഉപാസന. പിതാവ് ബാലകൃഷ്ണപ്പണിക്കര്‍ വിവിധ ദേവസ്വം ബോര്‍ഡുകളില്‍ ശ്രീകാര്യസ്ഥന്‍ (മാനേജര്‍) ആയിരുന്നു. ഗുരുകുലസമ്പ്രദായ പ്രകാരം കൈതവന മാധവദാസില്‍ നിന്നും മൃദംഗം അഭ്യസിച്ച നന്ദകുമാര്‍ 'ലയ വിദ്വാന്‍' പദവി കരസ്ഥമാക്കി.
വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതവാസനയുണ്ടായിരുന്ന നന്ദകുമാര്‍ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. മൃദംഗവായനയില്‍ മാജിക്കുകള്‍ സൃഷ്ടിച്ച് താളമേളങ്ങളിലൂടെ ആസ്വാദകരെ ലയിപ്പിച്ച് ഒരു അത്ഭുതലോകത്തേക്ക് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. താളഭേദങ്ങള്‍ക്കൊപ്പം വിരലുകളുടെ ചലനം സൃഷ്ടിക്കുന്ന സ്വരമാധുര്യം കണ്ണിനും കാതിനും വിസ്മയമൊരുക്കുന്ന അപൂര്‍വ്വ വിരുന്നു തന്നെയാണ്. ആദിതാളത്തില്‍ തുടങ്ങികൊട്ടിക്കയറുമ്പോള്‍ ഒരു പെരുമഴ പെയ്തിറങ്ങിയോ എന്ന അനുഭൂതി തോന്നിക്കും വിധമാണ് [പ്രകടനം.

ചെറുപ്പം മുതല്‍ സായത്തമാക്കിയ സംഗീതത്തിലെ തന്റെ അറിവുകള്‍ മറ്റുള്ളവര്‍ക്കു പങ്കുവെയ്ക്കാന്‍ പ്രതിജ്ഞാബന്ധനായിരുന്ന നന്ദകുമാര്‍ പ്രാചീന ഇന്ത്യന്‍ കലാരൂപങ്ങളെ പ്രചരിപ്പിക്കാന്‍ ഇന്ത്യക്കാരും വിദേശികളുമൊക്കെയായി ലോകം മുഴുവനുമുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയാണ് അദ്ദേഹം ഈ കലാരൂപങ്ങള്‍ പഠിപ്പിച്ച് പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നത്. 'Guru of all musical things', 'King of percussion in suburbs' and 'The Master Of Rhythm' എന്നിങ്ങനെയാണ് മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
മുംബൈയില്‍ ആയിരുന്നപ്പോള്‍ നിരവധി സംഗീത ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഫൈന്‍ ആര്‍ട്ട്സ് സംഗീത സഭകളിലും അദ്ദേഹം പഠിപ്പിക്കുകയും പരിശീലനം നടത്തുകയും ചെയ്തിട്ടുണ്ട്.

പരിശീലനത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. തന്റെ ശിഷ്യന്മാര്‍ക്ക് പെര്‍ഫോര്‍മ് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. ടി.എസ്.എന്‍സ് പേര്‍ക്കഷന്‍ ആര്‍ട്ട്സ് സെന്റര്‍ ആയിരുന്നു അതില്‍ പ്രധാനം. അദ്ദേഹം പരിശീലിപ്പിച്ച കൗമാരക്കാര്‍ നടത്തുന്ന പ്രകടനം കാണാന്‍ നിരവധി പേര്‍ എത്തുമായിരുന്നു.
മൃംദംഗത്തിനു പുറമേ കൊന്നക്കോല്‍, തവില്‍, ഘടം, ഖജ്ഞീരം, മോര്‍സിംഗ് തുടങ്ങിയവയിലും ആഗാതമായ പാണ്ഡിത്യമുള്ള അദ്ദേഹം ഈ ഉപകരമങ്ങള്‍ വായിക്കുന്നതിനും പരിശീലനം നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാര്‍ ഇന്ന് ആകാശവാണിയിലെ ഗ്രേഡ് ആര്‍ട്ടിസ്റ്റുകളും വിവിധ മേഖലയിലെ അറിയപ്പെടുന്ന പെര്‍ക്കഷനിസ്റ്റ് ആര്‍ട്ടിസ്റ്റുകളുമാണ്.

സംഗീത ലോകം അദ്ദേഹത്തിനു സമ്മാനിച്ച പുരസ്‌കാരങ്ങള്‍ എണ്ണമറ്റതാണ്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിനു നല്‍കിയ സംഭാവനയെ പരിഗണിച്ച് ചെന്നൈയിലെ ശാന്തി ഫൗണ്ടേഷന്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ക്ലീവ്ലാന്‍ഡ് ത്യാഗരാജ ഗ്രൂപ്പിന്റെ മികച്ച സംഗീത അദ്ധ്യാപകനുള്ള അവാര്‍ഡായിരുന്നു മറ്റൊരു മികച്ച അംഗീകാരം. ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവു മുഖ്യതിഥി ആയിരുന്നു ചടങ്ങില്‍. കൂടാതെ മുംബൈ ഷണ്മുഖാനന്ദ ഫൈന്‍ ആര്‍ട്ട്സ് ആന്‍ഡ് സംഗീതസഭയുടെ മികച്ച അദ്ധ്യാപകനുള്ള എം.എസ്. സുബ്ബുലക്ഷ്മി പുരസ്‌കാരവും നന്ദകുമാറിനു ലഭിച്ചിരുന്നു. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷമണില്‍ നിന്നായിരുന്നു അവാര്‍ഡ് സ്വീകരിച്ചത്.
പിറ്റ്സ്ബര്‍ഗ് സര്‍വ്വകലാശാല പെര്‍ക്കഷന്‍ ആര്‍ട്ട്സിനു വേണ്ടി സംഘടിപ്പിക്കുന്നു. പ്രത്യേക ക്ലാസ്സുകള്‍ നടത്തുവാന്‍ നന്ദകുമാറിനു ക്ഷണം ലഭിച്ചിട്ടുണ്ട്. പിറ്റ്സ്ബര്‍ഗിലെ വിവേകാന്ദക്ഷേത്രത്തിലും ന്യൂജേഴ്സിയിലെ അക്കാദമി ഓഫ് ഇന്ത്യന്‍ മ്യൂസിക്കിലും സ്വിറ്റസര്‍ലാന്‍ഡ് ഉള്‍പ്പെടെ മറ്റു നിരവധി രാജ്യങ്ങളിലും അദ്ദേഹം പെര്‍ക്കഷന്‍ വാദ്യോപകരണങ്ങള്‍ പഠിപ്പിക്കുന്നു.

സുനാമിദുരന്തത്തില്‍പെട്ടവരെ സഹായിക്കാനായി തന്റെ ശിഷ്യന്മാരേയൊപ്പം നന്ദകുമാര്‍ മുംബൈയില്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ നീണ്ടുനിന്ന അഖണ്ഡ സേവാഭജന്‍ ഏറെ പ്രശസ്തി പിടിച്ചുപറ്റിയിരുന്നു. ഭാരതീയ വിദ്യ ഭവന്റെ സര്‍വ്വസദന രത്ന പുരസ്‌കാരം, സൂര്യഡാന്‍സ് ഫെസ്റ്റിവല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ച ടി.എസ്. നന്ദകുമാറിനെ മുംബൈയിലുള്ള ഷണ്‍മുഖാനന്ദ ഫൈന്‍ ആര്‍ട്ട്സ് ആന്‍ഡ് സംഗീത സഭ, മ്യൂസിക് ട്രയാന്‍ഗില്‍ , നാദലയ, സ്വരസദന സമിതി എന്നിവയും ചെന്നൈയിലെ മുദ്രയും ടി.വി.ജി. അക്കാദമിയും പ്രത്യേക അംഗീകാരം നല്‍കിയിരുന്നു.

ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത കച്ചേരികള്‍ നടത്തിയിട്ടുള്ള നന്ദകുമാര്‍ പെര്‍ക്കഷന്‍ ആര്‍ട്ട്സുമായി ബന്ധപ്പെട്ട് ക്ലാസുകളും വര്‍ക്ക്ഷോപ്പുകളും വിവിധ യൂണിവേഴ്സിറ്റികളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്‍ഡിയാനയിലെ ലാമര്‍ യൂണിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റണ്‍, യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ എന്നിവിടങ്ങളിലായിരുന്നു പ്രത്യേകക്ലാസുകളും വര്‍ക്ക്ഷോപ്പും സംഘടിപ്പിച്ചത്. ജൂണ്‍ 11 നെജേഴ്‌സിയിലെ ബ്രിഡ്ജ് വാട്ടറിലുള്ള സര്വതി ക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ചേര്‍ന്ന് നന്ദകുമാറിന്റെ ഷഷ്ട്യപൂര്‍ത്തി വിപുലമായി ആഘോഷിക്കുന്നു. അന്നേ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ സംഗീത കച്ചേരിയും ഉണ്ടായിരിക്കും.

1998 മുതല്‍ അമേരിക്കയിലും യൂറോപ്പിലും പര്യടനം നടത്തുന്ന നന്ദകുമാര്‍ 2009 മുതലാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയത്. അക്കാദമി ഓഫ് ഇന്ത്യന്‍ മ്യൂസിക്കിന്റെ ക്ഷണം സ്വീകരിച്ചാണ് അമേരിക്കയില്‍ എത്തുന്നത്. ഇപ്പോള്‍ നോര്‍ത്ത് ബ്രണ്‍സ് വിക്കില്‍ ടി. എസ്.നന്ദകുമാര്‍സ് പെര്‍ക്കഷന്‍ സെന്റെര്‍ (TSNs PERCUSSION CENTER ) എന്ന പേരില്‍ ഒരു സംഗീത പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

എല്‍.ഐ. സി. ഉദ്യോഗസ്ഥയായിരുന്ന ഷൈല നന്ദകുമാര്‍ ആണ് ഭാര്യ. മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഐ.ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥ ലക്ഷ്മി, മുംബൈയില്‍ ഇന്‍ഫോമാറ്റിക്‌സില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അഖില്‍ നന്ദകുമാര്‍ എന്നിവര്‍ മക്കളാണ്. മുംബൈയില്‍ ഇന്‍ഫോമാറ്റിക്‌സില്‍ വൈസ് പ്രസിഡന്റ് ആയ ആദര്‍ശ് വാസുദേവ് മരുമകന്‍ ആണ്.
മൃദുംഗത്തില്‍ മാന്ത്രിക വിരലുകള്‍ ചലിപ്പിക്കുന്ന ടി.എസ്. നന്ദകുമാറിന് നാമം 2018 എക്സലന്റ് പുരസ്‌കാരംമൃദുംഗത്തില്‍ മാന്ത്രിക വിരലുകള്‍ ചലിപ്പിക്കുന്ന ടി.എസ്. നന്ദകുമാറിന് നാമം 2018 എക്സലന്റ് പുരസ്‌കാരംമൃദുംഗത്തില്‍ മാന്ത്രിക വിരലുകള്‍ ചലിപ്പിക്കുന്ന ടി.എസ്. നന്ദകുമാറിന് നാമം 2018 എക്സലന്റ് പുരസ്‌കാരംമൃദുംഗത്തില്‍ മാന്ത്രിക വിരലുകള്‍ ചലിപ്പിക്കുന്ന ടി.എസ്. നന്ദകുമാറിന് നാമം 2018 എക്സലന്റ് പുരസ്‌കാരംമൃദുംഗത്തില്‍ മാന്ത്രിക വിരലുകള്‍ ചലിപ്പിക്കുന്ന ടി.എസ്. നന്ദകുമാറിന് നാമം 2018 എക്സലന്റ് പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക