Image

പ്രേക്ഷകര്‍ നെഞ്ചിലേറ്റും ഈ സുഡാനിയെ

Published on 27 March, 2018
പ്രേക്ഷകര്‍ നെഞ്ചിലേറ്റും ഈ സുഡാനിയെ
ചില സിനിമകള്‍ അങ്ങനെയാണ്‌. താരരാജാക്കന്‍മാരും താരമൂല്യമൂല്യമുള്ള യുവനടന്‍മാരും നടിമാരും ഒന്നുമില്ലെങ്കിലും അവതരണത്തിലെ മികവു കൊണ്ട്‌ പ്രേക്ഷക ഹൃദയം കീഴടക്കിക്കളയും. മൈതാനത്തിന്റെ ഒരു കോണില്‍ നിന്ന്‌ കാലില്‍ കൊരുത്ത പന്തുമായി അപ്രതീക്ഷിത മുന്നേറ്റം നടത്തി ഗോളടിക്കുന്ന കളിക്കാരനെ പോലെയാണ്‌ സുഡാനി ഫ്രം നൈജീരിയ എന്ന കൊച്ചു ചിത്രത്തിന്റെ വിജയം.

ഭാഷയ്‌ക്കും ദേശത്തിനും സംസ്‌കാരത്തിന്റെ വ്യത്യസ്‌തതയ്‌ക്കും ഒക്കെ അപ്പുറത്താണ്‌ മനുഷ്യര്‍ തമ്മിലുള്ള ആത്മബന്ധം എന്ന്‌ ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഹൃദയം കൊണ്ടു തിരിച്ചറിയുന്ന മനുഷ്യരുടെ മുന്നില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ മാഞ്ഞു പോകുന്ന കാഴ്‌ച ഓരോ പ്രേക്ഷകനും ഹൃദയം കൊണ്ടു തന്നെ അനുഭവിക്കാന്‍ കഴിയുന്നു. പലപ്പോഴും കണ്ണുകള്‍ നനഞ്ഞു പോകുന്ന അവസരങ്ങളും ഉണ്ട്‌ ഈ ചിത്രത്തില്‍.
നവാഗതനായ സക്കറിയയുടെ ഈ ചിത്രത്തിന്റ കഥ കളിക്കളത്തില്‍ നിന്നും ആരംഭിക്കുന്നെങ്കിലും ജീവിതവുമായി അഗാധമായി ഇഴചേര്‍ന്നിരിക്കുന്നു. ഏറ്റവും സത്യസന്ധമായ അവതരണശൈലി പുറത്തെടുത്ത ഈ ചലച്ചിത്രം സമീപകാലത്തൊന്നും പ്രേക്ഷകര്‍ക്ക്‌ അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു കാഴ്‌ചയാണ്‌. മജീദ്‌(സൗബിന്‍) എന്ന മലപ്പുറംകാരനും സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന സുഡാനിയും തമ്മിലുള്ള കളിക്കളത്തിനപ്പുറത്തേക്കു നീളുന്ന ആത്മബന്ധത്തിന്റെ കഥയാണ്‌ സുഡാനി ഫ്രം നൈജീരിയ. മലബാറിലെ സെവന്‍സ്‌ ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയമെങ്കിലും അത്‌ ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിതാവസ്ഥകള്‍ പങ്കു വയ്‌ക്കുന്നു.

പ്രത്യേകിച്ചു ജോലിയൊന്നുമില്ലാത്തതിനാല്‍ സെവന്‍സ്‌ ഫുട്‌ബോള്‍ ക്‌ളബ്‌ നടത്തുന്ന ആളാണ്‌ മജീദ്‌. മജീദിന്റെ ടീമിനു വേണ്ടി കളിക്കാനെത്തുന്ന ആഫ്രിക്കന്‍ കളിക്കാരനാണ്‌ സുഡാനിയും അവന്റെ കൂടെയുള്ളവരും.

എന്നാല്‍ ഒരു ദിവസം അപ്രതീക്ഷിതമായി സുഡാനിക്ക്‌ ഒരു അപകടം സംഭവിക്കുന്നു. ഇത്‌ മജീദിനെ വല്ലാത്തൊരു പ്രതിസന്ധിയില്‍ എത്തിക്കുന്നു. മറ്റൊരു ജോലിയും അറിയാത്ത മജീദിന്‌ ഫുട്‌ബോള്‍ നടത്തിപ്പു മാത്രമാണ്‌ പരിചയം.

അങ്ങനെ ഒരേ സമയം സാമുവല്‍ എന്ന സുഡാനി മജീദിന്‌ ഒരു ബാധ്യതയും അതേ സമയം അയാളുടെ ജീവിതവുമാവുകയാണ്‌. ഇതിനെ മജീദ്‌ നേരിടുന്ന രീതിതളാണ്‌ കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്‌.


രണ്ടു മണിക്കൂര്‍ദൈര്‍ഘ്യമുള്ള സിനിമയില്‍ നര്‍മത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. സ്‌പോര്‍ട്ട്‌സിന്റെ പശ്ചാത്തലത്തിലാണ്‌ കഥ ആരംഭിക്കുന്നതെങ്കിലും പിന്നീട്‌ ക്യാമറ കുടുംബത്തിലേക്കും പിന്നീട്‌ അത്‌ ലോകം എന്ന മൈതാനത്തിലേക്കും തിരിയുന്നു.

അവിടെ വ്യത്യസ്‌തരായ മനുഷ്യരുടെ ജീവിതമാണ്‌ പ്രേക്ഷകരുടെ മുന്നിലേക്ക്‌ അവതരിപ്പിക്കുന്നത്‌. ആദ്യ പകുതി മുഴുവന്‍ നര്‍മത്തില്‍ പൊതിഞ്ഞ മധുര മിഠായി കണക്കെയാണ്‌. ഇടവേളയ്‌ക്കു ശേഷം അല്‍പം ഗൗരവമുള്ളതാകുന്നു. കഥാന്ത്യത്തില്‍ കണ്ണും മനസും നിറഞ്ഞ കാഴ്‌ചാനുഭവമാകുന്നു.


അങ്ങേയറ്റം സത്യസന്ധവും റിയലിസ്റ്റിക്കുമായ അവതരണമാണ്‌ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്‌. സൗബിന്‍ താഹിര്‍ എന്ന നടനെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയുള്ള നടീനടന്‍മാരെ ആരെയും പ്രേക്ഷകര്‍ തിരിച്ചറിയണമെന്നില്ല.

എന്നാല്‍ കഥ മുന്നോട്ടു പോകുന്തോറും ഈ കഥാപാത്രങ്ങള്‍ കഥയോട്‌ എത്രമാത്രം ഇണങ്ങി നില്‍ക്കുന്നുവെന്ന്‌ നമുക്ക്‌ മനസിലാകും. നല്ല ഓമനത്തമുളള കുറേ ഉമ്മമാരുണ്ട്‌ ഈ സിനിമയില്‍. സുഡാനിയും അവരും തമ്മിലുളള സംഭാഷണങ്ങള്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്തും.

മജീദായി സൗബിന്‍ താഹിര്‍ മികച്ച അഭിനയം കാഴ്‌ച വച്ചു. മജീദിന്റെ ഉമ്മയായി വേഷമിട്ട സാവിത്രി മികച്ച പ്രകനമാണ്‌ നടത്തിയതെന്നു പറയാതെ വയ്യ.

മൊഹ്‌സീന്‍ പെരാരിയും സക്കറിയയും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്‌. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം മികച്ചതാണ്‌.

റെക്‌സ്‌ വിജയനും ഷഹബാസ്‌ അമാനിയുടെ ചേര്‍ന്നൊരുക്കിയ സംഗീതവും സുഡാനിക്കു മുതല്‍ക്കൂട്ടായി. നല്ല സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ധൈര്യമായി ഈ സിനിമയ്‌ക്ക്‌ ടിക്കറ്റെടുക്കാം.









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക