Image

ഓര്‍മത്തിരകളുടെ കഥാകാരന് വിട (സ്മരണാഞ്ജലി: സില്‍ജി ജെ ടോം)

Published on 27 March, 2018
ഓര്‍മത്തിരകളുടെ കഥാകാരന് വിട (സ്മരണാഞ്ജലി: സില്‍ജി ജെ ടോം)
അമേരിക്കയുടെ സമൃദ്ധിയില്‍ നിന്ന്, ബാള്‍ട്ടിമൂറിന്റെ പ്രിയങ്കര നിമിഷങ്ങളില്‍ നിന്ന് പിറന്ന നാടിന്റെ സ്‌നേഹവായ്പുകളിലേക്ക്, ശംഖുമുഖത്തെ ശാന്തിതീരത്തേക്ക് പറന്നെത്തുകയായിരുന്നു ഡോ. പോള്‍ തോമസ് അന്ത്യ വിശ്രമത്തിനായി. പ്രക്ഷുബ്ധമായ ജീവിതാനുഭവങ്ങളുടെ കരകാണാകടലിലൂടെ സധൈര്യം നീന്തിക്കയറിയ ആ ജീവിതത്തിന് മനസ് ആഗ്രഹിച്ചതുപോലെ ശംഖുമുഖത്തിന്റെ ശാന്തിതീരത്ത്, കണ്ണാന്തുറയിലെ വിശുദ്ധപത്രോസിന്റെ ദേവാലയ സെമിത്തേരിയില്‍ അന്ത്യവിശ്രമം. ആത്മകഥാപുസ്തകം ഓര്‍മത്തിരകളുടെ അവസാനവാക്കുകളില്‍, "ഇനി മടങ്ങാം' എന്ന അവസാന അധ്യായത്തില്‍ കുറിച്ചിട്ടതുപോലെ ""കാണേണ്ട രാജ്യങ്ങളും കുളിക്കേണ്ട സമുദ്രങ്ങളും കണ്ടുകഴിഞ്ഞു, കുളിച്ചു കഴിഞ്ഞു. ആഗ്രഹങ്ങള്‍ എല്ലാം നിറവേറ്റിയപ്പോള്‍ ശംഖുമുഖം കടപ്പുറത്തിലെ എല്ലാമണല്‍തരികളും അറേബ്യന്‍ സമുദ്രത്തിലെ തിരമാലകളും എന്നെ അങ്ങോട്ട് ആത്മാര്‍ഥമായി സ്‌നേഹത്തോടെ ക്ഷണിക്കുന്നുവെന്ന് തോന്നുന്നു. ഇനിയൊരു ജന്മം കൂടി ഉണ്ടെങ്കില്‍ അവിടെ തന്നെയായിരിക്കണമെന്നാഗ്രഹിക്കുന്നു.'' അതേ, ആ ശാന്തി തീരത്തെത്തി ഡോ. പോള്‍ തോമസ് ജീവിത യാത്ര പറഞ്ഞു കഴിഞ്ഞു.

യു.എസ് ബാള്‍ട്ടിമൂര്‍ ഇന്റര്‍ നാഷണല്‍ കോളജിലെ പ്രൊഫസറായി വിരമിച്ച, നൈജീരിയയിലെ അമാദ് ബെല്ലോ യൂണിവേഴ്‌സിറ്റിയില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന ഡോ. പോള്‍ തോമസിന്റെ ജീവിതകഥ ഏവരെയും ആവേശം കൊള്ളിക്കുന്നതാണ്.

""അമേരിക്കയിലായിരിക്കുമ്പോഴും എന്റെ മനസ് നാട്ടില്‍ തന്നെയാണെന്ന്' പുസ്തകത്തില്‍ പറഞ്ഞതു പോലെ ജീവിതാന്ത്യത്തില്‍ നാട്ടില്‍ തന്നെ എത്താനായത് നാടിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തിന് അടിവരയിടുന്നതായി. രോഗാവസ്ഥയിലായ സമയത്ത് നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം അദ്ദേഹം പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കുകയായിരുന്നു. മക്കളും നാട്ടിലെ ബന്ധുക്കളും ആഗ്രഹമറിഞ്ഞ് പ്രവര്‍ത്തിച്ചതോടെ ഫെബ്രുവരി 27ന് അദ്ദേഹം നാട്ടിലെത്തി. ഇവിടെ ആശുപത്രിയിലായ അദ്ദേഹം ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങി.

വായനക്കാരുടെ മനസില്‍ കത്തിമുന കൊണ്ടെന്ന പോലെ പോറലുകള്‍ വരഞ്ഞിട്ട് അദ്ദേഹമെഴുതിയ "ഓര്‍മത്തിരകള്‍' ഉള്ളുലയ്ക്കുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അദ്ദേഹം ഓര്‍മയിലൂടെ പിന്നോട്ട് സഞ്ചരിക്കുമ്പോള്‍ ഹൃദയം നോവുന്നതും ചോര പൊടിയുന്നതും ഓരോ വായനക്കാരന്റെ മനസിലുമാണ്. ചെറ്റക്കുടിലില്‍ പിറന്ന്, കടപ്പുറത്ത് അന്തിയുറങ്ങി, ഒഴുക്കിനെതിരെ തുഴഞ്ഞു നേടിയ അദ്ദേഹത്തിന്റെ ജീവിതകഥ മനസിനെ പിടിച്ചിരുത്തുന്നതാണ്. ഇല്ലായ്മകളുടെ ജീവിതത്തോട് പടവെട്ടി ജയിക്കാനുറച്ച ഒരു മനുഷ്യന്‍ കടന്നുപോയ അനുഭവങ്ങളും ജീവിതവിജയത്തിന്റെ കഥകളും ഒറ്റപ്പെടലിന്റെയും നിസഹായതയുടെയും മുഖങ്ങളും വായനകഴിഞ്ഞാലും നമ്മെ വേട്ടയാടും.

ആത്മാംശം തുടിച്ചു നില്‍ക്കുന്ന എഴുത്തിലൂടെ ഹൃദയവേദനയുടെ തുരുത്തുകള്‍ കടന്ന് അദ്ദേഹം സംവദിക്കുമ്പോള്‍ ഊര്‍ജം നിറയുന്നത് പ്രതിസന്ധിയുടെ തുരുത്തുകളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തികളിലുമാണ്. വേദനയില്‍ ആര്‍ദ്രമാകുന്ന ഹൃദയവും അനീതിക്കെതിരെ പൊട്ടിത്തെറിക്കുമ്പോഴും സ്‌നേഹത്തിനായി തുടിക്കുന്ന മനസും ആ മനുഷ്യസ്‌നേഹിയെ എന്നും വേറിട്ടതാക്കി.
""തിരുവനന്തപുരത്ത് ശംഖുമുഖത്തെ കണ്ണാന്തുറയില്‍ അറബിക്കടലിന്റെ തീരത്ത് ഓലമേഞ്ഞ ഒരു ചെറ്റക്കുടിലില്‍, അവിടെയാണ് എന്റെ ജനനം. അഛന്‍ പൗലോസിന്റെയും അമ്മ എല്‍സിയുടെയും പത്ത് മക്കളില്‍ മൂന്നാമനായി... ഏതോ ഒരു ദിവസം''... ഓര്‍മത്തിരകള്‍ തുടങ്ങുന്നതിങ്ങനെയാണ്.
""ചെമ്മീനിലെ പളനിയെപോലെ മര്‍ക്കടനായ ഒരു മത്സ്യത്തൊഴിലാളിയായിരുന്നു എന്റെ അഛന്‍. പലപ്പോഴും മുറുക്കിത്തുപ്പിക്കൊണ്ട് ഉച്ചത്തില്‍ ഗര്‍ജിക്കുന്ന പരുക്കനായ മനുഷ്യന്‍, മുന്‍കോപി... പിച്ചാത്തികൊണ്ടും മുറിയാത്ത കൈപ്പത്തികൊണ്ട് സ്വന്തം കുഞ്ഞുങ്ങളുടെ തലയ്ക്കടിക്കുന്ന അഛന്‍... പത്തുകുഞ്ഞുങ്ങളെ പ്രസവിച്ച ഭാര്യയെ കഠിനമായി ദേഹോപദ്രവം ഏല്‍പിക്കുന്ന അഛന്‍, സ്ത്രീധനമായി വാഗ്ദാനം ചെയ്ത ഒരു പവന്‍ സ്വര്‍ണവും ചാളമരവും ചാളവലയും കി ട്ടാത്തതിന് ഭാര്യയെ മര്‍ദിക്കുന്ന അഛന്‍.. ഡോ. പോള്‍ തോമസ് തുറന്നെഴുതുമ്പോള്‍ വായനക്കാരന്റെ നെഞ്ചകം തൊട്ട് ആ വാക്കുകള്‍ ചോര പൊടിയിക്കുന്നു.

""മിക്കവാറും രാത്രികളില്‍ ഞാനും അനുജന്മാരും കടപ്പുറത്തെ മണലിലാണ് ഉറങ്ങിയിരുന്നത്. വസ്ത്രം കോണകം. പുതയ്ക്കാന്‍ ഒന്നുമില്ല. കര്‍ക്കിടകമാസത്തിലും തുലാമാസത്തിലും പേമാരിയും ഇടിമിന്നലും തകര്‍ക്കുമ്പോള്‍ ഞങ്ങള്‍ ചെറ്റക്കുടിലിലെ ഒറ്റപ്പായയില്‍ ഞെങ്ങി ഞെരുങ്ങി കിടന്നുറങ്ങും. ....
ഞാനിരിക്കുന്ന ബഞ്ചില്‍ കഴിവതും മറ്റാരും ഇരിക്കാറില്ല. അഥവാ ഇരുന്നാലും വലിയ അകലമിട്ടേ ഇരിക്കൂ.. സ്കൂളിലെ സഹപാഠികളാരും എന്നെ കൂട്ടുകാരനായി പരിഗണിക്കുകയോ സ്‌നേഹത്തോടെ സംസാരിക്കുകയോ ചെയ്തതായി ഞാനോര്‍ക്കുന്നില്ല. ഞാന്‍ വഹിച്ചുകൊണ്ടുനടന്ന മീന്‍ നാറ്റം ഞാനൊരിക്കലും തിരിച്ചറിഞ്ഞുമില്ല...' കയ്പ് നിറഞ്ഞ ജീവിതാനുഭവങ്ങള്‍ ഒന്നൊന്നായി അദ്ദേഹം പങ്കുവയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരു മഹാസാഗരത്തിന്റെ ഗര്‍ജനമുണ്ട്. ആ വാക്കുകള്‍ക്ക് മനസിലാക്കാനാവാത്തത്ര ആഴമുണ്ട്.

ഭക്ഷണപ്പൊതിയില്ലാതെ, ഒരൊറ്റ പുസ്തകവുമില്ലാതെ സ്കൂളിലേക്ക് കൈയും വീശി നടന്നു പോയി പഠിച്ച പോള്‍ തോമസ് ദാരിദ്ര്യത്തോട് പൊരുതി ഫസ്റ്റ് ക്ലാസോടെ രസതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവുമെടുത്തു. തുടര്‍ന്ന് അധ്യാപനവൃത്തിയിലേക്ക് കടക്കുകയായിരുന്നു.

തന്നെ വളര്‍ത്തിയത് കടല്‍തീരമാണ്. ജീവിതത്തില്‍ എവിടെയെങ്കിലുമെത്തിയിട്ടുണ്ടെങ്കില്‍ അഥവാ വിജയിച്ചിട്ടുണ്ടെങ്കില്‍ അത് കടപ്പുറം തന്ന കരുത്ത് കൊണ്ട് മാത്രമാണ്. ജനിച്ചുവീണനാള്‍ മുതല്‍ കളിപ്പാട്ടമായി തിരമാലകളെ സമ്മാനിച്ച കടലമ്മയുടെ കാരുണ്യമാണ് ജീവിതത്തിലെ തിരമാലകളോട് പടവെട്ടാനുള്ള ഉള്‍കരുത്ത് പകര്‍ന്നതും, അദ്ദേഹം പറയുന്നു.

ഡോ. പോള്‍ തോമസിന്റെ മരണവാര്‍ത്തയറിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം നാട്ടിലെ നമ്പര്‍ തരപ്പെടുത്തി വിളിച്ചെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങിയെന്ന് സാറിന്റെ ഭാര്യാസഹോദരി കുഞ്ഞുമോള്‍ ആല്‍ബി (റജീന) പറഞ്ഞു. സാര്‍ നാട്ടിലെത്തിയാല്‍ ഇവരുടെ കുടുംബത്തിനൊപ്പമാണ് താമസിക്കുക പതിവ്. ഡോ. തോമസിന് നാട്ടില്‍ സ്വന്തമായി വീടില്ല. സ്വത്ത് വകകള്‍ സഹോദരിക്കും മറ്റുമായി നല്‍കിയ അദ്ദേഹം നാട്ടിലൊരു വീട് നിര്‍മിച്ചെടുക്കാന്‍ അടുത്തകാലത്ത് ചെറിയൊരു ശ്രമം നടത്തിയിരുന്നുവെങ്കിലും അതിനിടയ്ക്ക് അമേരിക്കയ്ക്ക് മടങ്ങേണ്ടി വന്നതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തുണയായി, പ്രചോദനമായി നിന്ന പ്രിയതമ ഫ്‌ളോറി 2017 ഫെബ്രുവരി 15ന് മരിച്ചതോടെ ഡോ. പോള്‍ തോമസ് അക്ഷരാര്‍ഥത്തില്‍ തകര്‍ന്നു. ബാല്യകാല സഖിയായിരുന്ന ഫ്‌ളോറിയെ ഏറെ പ്രതിസന്ധികള്‍ കടന്ന് റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് ജീവിതത്തോട് കൈ പിടിച്ച് ചേര്‍ത്തതിനെക്കുറിച്ചൊക്കെ അദ്ദേഹത്തിന്റെ പുസ്തകം വിശദമായി പറയുന്നുണ്ട്.

നിശബ്ദമായ സാന്നിധ്യമാണ്, പ്രചോദനമാണ് ഫ്‌ളോറി എന്നാണ് അദ്ദേഹം പുസ്തകത്തില്‍ പറയുക. ഭാര്യയെ അമേരിക്കയിലാണ് അടക്കം ചെയ്തത്. ഭാര്യയുടെ മരണശേഷം മാനസിക തളര്‍ന്നു പോയെങ്കിലും ഡോ. തോമസിന്റെ മനസില്‍ പിറന്ന നാടിനെ കുറിച്ച് ഓര്‍മകള്‍ പച്ചപിടിച്ചു നിന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വിദ്യാഭ്യാസം തടസപ്പെട്ട നിരവധി പേര്‍ക്ക് അദ്ദേഹം പഠിക്കാനുള്ള സാഹചര്യങ്ങളൊരുക്കി നല്‍കിയിരുന്നു. നൈജീരിയയിലായിരിക്കെ നിരവധി യുവാക്കള്‍ക്ക് അവിടെ അധ്യാപകജോലി സൗജന്യമായി തരപ്പെടുത്തിക്കൊടുത്തു.

രസതന്ത്രത്തില്‍ ഡോക്ടറേറ്റുള്ള അമേരിക്കന്‍ മലയാളിയാണെന്ന് പറയുന്നതിനേക്കാള്‍ എനിക്കഭിമാനം "കടപ്പുറത്തുകാരന്‍' എന്ന് പറയുന്നതിലാണ്. എന്റെ ഈ സ്വത്വമാണ് എന്റെ ശക്തി.'' എന്റെ ജീവിതം സമരങ്ങളാണ്. ഞാന്‍ പറയും, ബാറ്റില്‍സ് ടു ബി വണ്‍. സമരം ചെയ്താല്‍ മാത്രം പോരാ. വിജയിച്ചേ പറ്റൂ.

മലയാളം പത്രത്തില്‍ ഞാന്‍ എഴുതിയിരുന്ന ദര്‍ശന വിശേഷം എന്ന പംക്തി കണ്ട് 2008 സെപ്റ്റംബറിലാണ് ഡോ. പോള്‍ തോമസ് ഇമെയിലില്‍ എന്നെ ബന്ധപ്പെടുന്നത്. മലയാളംപത്രത്തിന്റെ വായനക്കാര്‍ക്ക് മുന്നില്‍, താന്‍ എഴുതിയ "ഓര്‍മത്തിരകള്‍' എന്ന പുസ്തകത്തെ പരിചയപ്പെടുത്താമോ എന്ന് ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ഇമെയില്‍. എഴുതാമെന്നറിയിച്ചതോടെ അദ്ദേഹത്തിന്റെ വിളിയെത്തി. ഏറെ നേരം അദ്ദേഹം പുസ്തകവുമായി ബന്ധപ്പെട്ട് സംസാരിച്ചു. ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പലതവണ അദ്ദേഹം വിളിച്ചിരുന്നു.

ഉയരങ്ങള്‍ കീഴടക്കിയ മനസും സ്വപ്നം കണ്ടതൊക്കെ നേടിയ ചാരിതാര്‍ഥ്യവുമായി വിളിക്കുമ്പോള്‍ ആ വാക്കുകളില്‍ ഒരു മഹാസാഗരം ഇരമ്പുന്നത് വായിച്ചെടുക്കാമായിരുന്നു. എത്രയോ നേരം ദീര്‍ഘമായി അദ്ദേഹം ആ പുസ്തകം നല്‍കിയ അഭിമാനത്തെയും ആദരങ്ങളെയും കുറിച്ച് വാചാലനായി. ഓര്‍മത്തിരകള്‍ പ്രസിദ്ധീകരിച്ചതില്‍ പിന്നെ കണ്ണാന്തുറയിലെ തന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ തന്നോട് കാണിച്ച സ്‌നേഹവും ആദരവും അതിശയിപ്പിക്കുന്നതായിരുന്നു എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞു.

അമേരിക്കന്‍ മലയാളികള്‍ പലരും അദ്ദേഹത്തിന്റെ ഇമെയില്‍ ഐ.ഡി ചോദിച്ചും മറ്റും കോണ്‍ടാക്ട് ചെയ്തു കൊണ്ടിരുന്നതിനാല്‍ വീണ്ടും പലവട്ടം അദ്ദേഹവുമായി സംസാരിക്കാനിടവന്നു. എന്നാല്‍ അടുത്ത നാലഞ്ച് വര്‍ഷമായി അദ്ദേഹത്തിന്റെ വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിയ പത്‌നി മരിച്ചതുപോലും അറിഞ്ഞിരുന്നതുമില്ല. പിറന്ന നാടിനോടുള്ള സ്‌നേഹം മരണം വരെയും നെഞ്ചേറ്റിയ ആ മഹാനുഭാവന്റെ ഓര്‍മകള്‍ക്കും വിജയങ്ങള്‍ക്കും മുന്നില്‍ ബാഷ്പാഞ്ജലി.
ഓര്‍മത്തിരകളുടെ കഥാകാരന് വിട (സ്മരണാഞ്ജലി: സില്‍ജി ജെ ടോം)
Join WhatsApp News
MOHAN MAVUNKAL 2018-03-28 17:19:46
Thank you for writing a great article. I am the one who read the hand written copy first and
he was a very close friend of mine. What a great lost.
പ്രണാമം 2018-03-28 17:37:40
തീയിൽ കുരുത്തത് വെയിലത്ത് വാടിയില്ല.
സൌരയൂർജ്ജം ആവാഹിച്ച് തഴച്ചു വളർന്നതേയ്യൂള്ളു.
പ്രണാമം
വിദ്യാധരൻ 2018-03-28 20:33:13
കാണുന്നില്ലിത്തരം എഴുത്തുകളൊന്നുപോലും 
പ്രാണൻപോയിക്കഴിഞ്ഞത് തല പൊക്കിടുന്നു 
അല്ലെങ്കിലും നല്ലെഴുത്തുകളൊക്കെയിന്ന് 
തെല്ലും പ്രകാശം കണ്ടിടാതെ മൃതമായിടുന്നു 
ജീവിതാനുഭങ്ങളിൽ കുത്തിക്കുറിച്ചതൊക്കെ 
ജീവൻ പോകിലും ഗുരുവായി  നില നിന്നിടുന്നു 
മുൻജന്മ സുകൃതമോ പണമോ മഹിമയൊന്നുമല്ല 
മന്നിൽ വിജത്തിന് കാരണമെന്നീ പുസ്തകത്തിൽ, 
ജീവിതാനുഭവ വെളിച്ചത്തിൽ ആ മനുഷ്യൻ 
ഭാവി തലമുറയ്ക്കായ് കുത്തി കുറിച്ചുവച്ചു
സ്ഥിരമാം  പരിശ്രമത്താൽ എന്തിനെയും
കരത്തിലാക്കാം സംശയം ഇല്ല തെല്ലും   
വായിച്ചിട്ടില്ല ഞാൻ ആ പുസ്തകം എന്നാകിലും 
വായിച്ചതിനൊപ്പം സമം നിങ്ങടെ ലേഖനത്താൽ 
പോയീടിലും ചിലർ മൃത്ത്യു വരിച്ചു നമ്മെ വിട്ട് 
മായാതെ നിൽക്കും മനുഷ്യ മനസിലെന്നും 

നല്ലൊരു ലേഖനത്തിന് ലേഖികക്കും അഭിനന്ദനം 
andrew 2018-03-29 07:27:47
A great article about a great soldier, he was a fighter from the very young days. I had the opportunity to discuss many things with him, I always had great respect for him.
George Neduvelil, Floridaannie 2018-03-31 12:29:44
പ്രിയപ്പെട്ട സിൽജി,
               ഓർമ്മത്തിരകളുടെ നായകനെ ഈമലയാളിയുടെ താളിലൂടെ ഒരിക്കൽക്കൂടി ഓർമ്മയിൽ എത്തിച്ചതിന് നന്ദി. തോമസും ഞാനും നൈജീരിയയിൽ സമകാലികരായിരുന്നു - പരസ്പരം കണ്ടത് ഒരേ ഒരു തവണ മാത്രം. പിന്നീട് കാണുന്നത് ബാൾട്ടിമൂറിൽ വച്ചാണ്.

               തോമസിൻറ്റെ ഓർമ്മത്തിരകളിൽ ഏറ്റവും ശക്തവും ഉയർന്നതുമായത് ഞാൻ കണ്ടത് 41-) താളിലെ ഒരു ഖണ്ഡികയിലാണ്: "ആ വർഷം ഞാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെമിസ്ട്രി ബിരുദത്തിനു ചേർന്നു. അടുത്തവർഷം വീണ്ടും എൻജിനീയറിങ്ങിനുവേണ്ടി പ്രവേശനത്തിന് അപേക്ഷിച്ചു. വീണ്ടും സീറ്റ് നിഷേധിക്കപെട്ടു. അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആ രാത്രി ഞാൻ ഉറങ്ങിയില്ല. ഇടനെഞ്ചിൽ വേദന കൂടുകെട്ടി. ഹൃദയത്തിൽ തീ ആളുന്നുണ്ടായിരുന്നു. വികാരവിക്ഷുബ്‌ധമായ മനസ്സിൽ രോഷത്തിൻറ്റെ ജ്വാല, ചിന്തകളിൽ ചോരയുടെ ചുവപ്പ്. കോളേജ് പ്രവേശനക്കമ്മറ്റി അംഗങ്ങളെയും പ്രിൻസിപ്പളിനെയും വീടുതോറും ചെന്ന് കൊന്നൊടുക്കുവാനാണ് തോന്നിയത്. മരണത്തെ പേടിയില്ലാത്ത എൻറ്റെ കുടുംബത്തിൻസഹായം മാത്രം മതിയതിന്. തീ പിടിച്ച പിടിച്ച ചിന്തകൾ കടലാസ്സിൽ ഭ്രാന്തമായി കുത്തിക്കുറിച്ചു." 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക