Image

മുഖ്യമന്ത്രിയെ കാണാനില്ല, സഭയില്‍ പ്രതിപക്ഷ ബഹളം; സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പോയെന്ന് സ്പീക്കര്‍, മോദിയെ പോലെയാണ് പിണറായിയെന്നു ചെന്നിത്തല

Published on 28 March, 2018
മുഖ്യമന്ത്രിയെ കാണാനില്ല, സഭയില്‍ പ്രതിപക്ഷ ബഹളം; സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പോയെന്ന് സ്പീക്കര്‍, മോദിയെ പോലെയാണ് പിണറായിയെന്നു ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയില്‍ കണ്ടില്ല, സഭയില്‍ എത്താത്തത് ചോദ്യം ചെയ്ത് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കഴിഞ്ഞ മൂന്ന് ദിവസമായി സഭയില്‍ എത്തുന്നില്ലെന്നും മുഖ്യമന്ത്രി എവിടെയാണെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷത്തിന്റെ പരാതി. അതേസമയം സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയതാണെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചുവെങ്കിലും പ്രതിപക്ഷബഹളം അവസാനിച്ചില്ല.

സഭയില്‍ എത്തേണ്ടതിന്റെ ഗൗരവം മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പാര്‍ലമെന്റിനെ മാനിക്കാത്ത പ്രധാനമന്ത്രിയെ പോലെതന്നെയാണ് പിണറായി വിജയനും പെരുമാറുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതേസമയം ഏറ്റവും കൂടുതല്‍ സമയം നിയമസഭയില്‍ ചെലവഴിച്ചിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ജി സുധാകരനാണ് ഇന്ന് ആഭ്യന്തര വകുപ്പിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. സംസ്ഥാനത്തെ ഗൂണ്ടാവിളയാട്ടം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് പ്രതിപക്ഷം മുഖ്യമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചത്. കെ മുരളീധരന്‍ എംഎല്‍എയാണ് ഗൂണ്ടാവിളയാട്ടം സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക