Image

മാര്‍പാപ്പ ജനീവയില്‍ കുര്‍ബാന അര്‍പ്പിക്കും

Published on 28 March, 2018
മാര്‍പാപ്പ ജനീവയില്‍ കുര്‍ബാന അര്‍പ്പിക്കും

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ജൂണ്‍ 21 ന് ജനീവയില്‍ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 5.30നു നടക്കുന്ന കുര്‍ബാനയ്ക്കു ശേഷം രാത്രി എട്ടോടെ പാപ്പായുടെ സ്വിസ് പര്യടനം അവസാനിക്കും.

കൂടുതല്‍ പേര്‍ക്ക് കുര്‍ബാന കാണുന്നതിന് അവസരമൊരുക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കും. 2004 ലാണ് ഇതിനു മുന്പ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരു മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. അന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ നയിച്ച വിശുദ്ധ കുര്‍ബാനയില്‍ എഴുപതിനായിരം പേര്‍ പങ്കെടുത്തിരുന്നു.

വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സമ്മേളനത്തിനാണ് മാര്‍പാപ്പ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തുന്നത്. 350 സഭകള്‍ ഇതില്‍ അംഗങ്ങളാണ്. റോമന്‍ കത്തോലിക്കാ സഭ അംഗമല്ലെങ്കിലും എല്ലാ സമ്മേളനങ്ങള്‍ക്കും നിരീക്ഷകരെ അയയ്ക്കാറുണ്ട്. 

സന്ദര്‍ശനത്തില്‍ സ്വിസ് സര്‍ക്കാര്‍ പ്രതിനിധികളുമായും മാര്‍പാപ്പ ചര്‍ച്ച നടത്തും. സ്വിസ് ജനതയില്‍ 38.2 ശതമാനം പേരും റോമന്‍ കത്തോലിക്കരാണ്. 26.9 ശതമാനം പേര്‍ പ്രൊട്ടസ്റ്റന്റുകളും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക