Image

കേരളാ ബജറ്റ്‌: ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ ആശ്വാസമായി `സ്വപ്‌ന സാഫല്യം' പദ്ധതി

Published on 20 March, 2012
കേരളാ ബജറ്റ്‌: ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ ആശ്വാസമായി `സ്വപ്‌ന സാഫല്യം' പദ്ധതി
അബൂദബി: വിവിധ കാരണങ്ങളാല്‍, പ്രത്യേകിച്ച്‌ ശിക്ഷാ കാലാവധി കഴിഞ്ഞ്‌ ഗള്‍ഫിലെ ജയിലിലുള്ളവരുടെ മോചനത്തിന്‌ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന `സ്വപ്‌ന സാഫല്യം' പദ്ധതി യു.എ.ഇയിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ സൗദിയിലെ പ്രവാസികള്‍ക്ക്‌ ഈ സംവിധാനമുണ്ടാക്കിയിരുന്നു. ഇതേ രീതിയില്‍ മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തിലും ശ്രമം നടത്തുമെന്ന്‌ ബജറ്റ്‌ അവതരിപ്പിക്കവെ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ചു. ഇതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബജറ്റില്‍ 50 ലക്ഷം രൂപ അനുവദിച്ചു.

്‌സസാമ്പത്തിക പരാധീനതകളുള്ള പ്രവാസികള്‍ക്ക്‌ സാന്ത്വനം പദ്ധതിയിലെ സഹായം 20,000 രൂപയായി വര്‍ധിപ്പിച്ചതിന്‌ പുറമെ പ്രവാസി പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ്‌, വിമാനത്താവളങ്ങളുടെ വികസനം, ബിസിനസ്‌ സെന്‍റര്‍ എന്നിവയാണ്‌ ബജറ്റില്‍ പ്രവാസികളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍.

തിരുവനന്തപുരത്ത്‌ നടന്ന ഗ്‌ളോബല്‍ എന്‍.ആര്‍.ഐ മീറ്റില്‍ അന്തിമ രൂപം നല്‍കിയ സ്വപ്‌ന സാഫല്യം പദ്ധതി പ്രകാരം സൗദിയിലെ ജയിലില്‍നിന്ന്‌ മോചിപ്പിച്ച ആറു പേര്‍ ഫെബ്രുവരി 27ന്‌ നാട്ടിലെത്തി. ഇവര്‍ക്ക്‌ വിമാന ടിക്കറ്റ്‌ നല്‍കിയത്‌ ദമ്മാം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഐ.ടി.എല്‍ വേള്‍ഡാണ്‌. ടിക്കറ്റ്‌ നല്‍കുമെന്ന്‌ ഐ.ടി.എല്‍ വേള്‍ഡ്‌ എം.ഡി സിദ്ദീഖ്‌ അഹ്മദ്‌ ഗ്‌ളോബല്‍ മീറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

യു.എ.ഇ ഉള്‍പ്പെടെ മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലെ ജയിലില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍, ഇവരുടെ മോചനത്തിന്‌ തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. ആവശ്യമെങ്കില്‍ പ്രമുഖ വ്യക്തികളുടെയും പ്രവാസി കൂട്ടായ്‌മകളുടെയും സഹായം തേടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക