Image

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറഞ്ഞത്

Published on 30 March, 2018
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളി സന്ദേശത്തില്‍ പറഞ്ഞത്
ക്രിസ്തുവിനെ കുടുക്കാന്‍ വേണ്ടി യുഹൂദരില്‍ ചിലര്‍ ചോദിച്ചു. സീസറിന് കപ്പം കൊടുക്കുന്നത് ശരിയാണോ എന്ന്. അവന്റെ ഉത്തരത്തില്‍ അവനെ കുടുക്കാമെന്നാണ് അവര്‍ വിചാരിച്ചത്. കര്‍ത്താവ് ഒരു നാണയം െകാണ്ടുവരാന്‍ ആവശ്യപ്പെട്ടു. അതില്‍ ആരുടെ ചിത്രമാണ് എന്ന് ചോദിച്ചു. സീസറിന്റേത് എന്ന് അവര്‍ മറുപടി നല്‍കി. സീസറിന് ഉള്ളത് സീസറിനും ൈദവത്തിനുള്ളത് നല്‍കണമെന്ന് അദ്ദേഹം ഉത്തരം നല്‍കി.

രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുക പൗരന്റെ കടമ തന്നെയാണ്. എന്നാല്‍ ദൈവത്തിന്റെ നിയമത്തിന് പ്രാമുഖ്യം കൊടുക്കുക. രാഷ്ട്രത്തിന്റെ നീതികൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കാമെന്ന് ആരും കരുതരുത്. അത് തെറ്റാണ്. സഭയില്‍ പോലും പലപ്പോഴും അത്തരം പ്രവണതകള്‍ നടക്കുന്നുണ്ട്. കോടതിവിധികള്‍ കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് വിശ്വസിക്കുന്നവര്‍ സഭയില്‍ ഉണ്ട്. പൗലോസ് ശ്ലീഹാ ചോദിക്കുന്നു നിങ്ങളില്‍ വിവേകമതികള്‍ ആരുമില്ലേ? എന്തുകൊണ്ടാണ്് നിങ്ങള്‍ വിജാതീയരുടെ കോടതികളെ സമീപിക്കുന്നതെന്ന്. കര്‍ത്താവ് പറഞ്ഞു. നിങ്ങള്‍ ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. ബാക്കിയുള്ളതെല്ലാം നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കപ്പെടും എന്ന്. ഇതുപോലെയുള്ള നിരവധി വചനങ്ങള്‍ ഉണ്ട്.

നമ്മുടെ കര്‍ത്താവിന്റെ സന്ദേശവും വചനവും സ്വീകരിക്കുന്ന ഒരു വിഭാഗം. അതിനെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗം. ആ മറ്റൊരു വിഭാഗത്തിനൊപ്പമുണ്ടായിരുന്നത് ജനപ്രമാണിമാരും പുരോഹിതരും നിയമഞ്ജരും ഫരിസേയരും പ്രമാണിമാരും ആയിരുന്നു. ഇന്ന് സഭയില്‍ നടക്കുന്നതിനെ നിങ്ങള്‍ ഇതിനോട് തട്ടിച്ചുനോക്കുക. എന്താണ് നമ്മള്‍ ചെയ്യുന്നത്. ഏതെല്ലാം ഉത്തരവാദിത്തങ്ങള്‍ ആയിരിക്കുന്നു. പുരോഹിത കൂട്ടത്തില്‍ ആണെങ്കില്‍ ജനപ്രമാണിമാരുടെയും ഫരിസേയരെ പോലെ കര്‍ശനമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ വേണ്ടിയാണ് നിലനില്‍ക്കുന്നതെങ്കില്‍ കര്‍ത്താവ് നിങ്ങളോട് പറയും ആദ്യം അവിടുത്തെ നീതിയും രാജ്യവും അന്വേഷിക്കുക എന്ന്.

ദൈവത്തിന്റെ നീതിക്കു നില്‍ക്കുന്നതാണോ അതോ കോടതികള്‍ കയറിയിറങ്ങി ലോകത്തിന്റെ നീതിക്കു വേണ്ടി നിലനില്‍ക്കുന്നതാണോ ശരിയെന്ന് നിങ്ങള്‍ ചിന്തിക്കണം. നീതിമാനാണ് കുരിശില്‍ വധിക്കപ്പെട്ടത്. ശതാധിപന്‍ അവനെ നോക്കി പറഞ്ഞു. അവന്‍ ശരിക്കും ദൈവപുത്രനാണെന്ന്. ഇന്നെങ്കിലും നാം ദൈവപുത്രെന അംഗീകരിക്കാന്‍ തയ്യാറാകണം. സഹനമില്ലാതെ ജീവിതത്തില്‍ വിജയമുണ്ടാകണം. എങ്ങനെയെങ്കിലും അപരനെ ഇല്ലാതാക്കി തനിക്ക് വലിയവനും സമ്പന്നനും ആകണമെന്ന് ആണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ജനം അവരെ അംഗീകരിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം.

ആത്മ സമര്‍പ്പണം ക്രൈസ്തവന്റെ മുഖമുദ്രയാണ്. ആദിമ ക്രൈസ്തവ സഭയുടെ ചിന്ത നാം മനസ്സിലാക്കണം. അവര്‍ക്കുണ്ടായിരുന്നതെല്ലാം പൊതു സ്വത്തായി കണ്ടുകൊണ്ട് അവര്‍ പരസ്പരം പങ്കുവച്ചു. നിങ്ങള്‍ വെറും ഭക്തിപ്രസ്ഥാനങ്ങള്‍ കൊണ്ട് പാലു കുടിക്കുന്ന കുഞ്ഞുങ്ങളെ പോലെ ആകാതെ ഗൗരവമുള്ള ക്രൈസ്തവരാകണമെന്നാണ് മാര്‍പാപ്പ ഇത്തവണ നോമ്പുകാലത്ത് നല്‍കുന്ന സന്ദേശമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹത്തിന്റെത് കാലഘട്ടത്തിന്റെ സ്വരമാണും മാര്‍ ആലഞ്ചേരി പറഞ്ഞു.

വാട്സ്ആപ്, ഫേസ്ബുക്ക്, ചാനലുകള്‍ അതുപോലെയുള്ള സമൂഹ മാധ്യമങ്ങള്‍ മറ്റും ഉപയോഗിക്കുന്നത് മറ്റുള്ളവരെ അവഹേളിക്കുന്നതിന് ആകരുത്. അവയെല്ലാം നന്മയ്ക്കാണോ ഉപയോഗിക്കുന്നത്. അവയെല്ലാം നമ്മുടെ ഇടയില്‍ കടന്നുകയറുന്നു. അവ നമ്മെ സഹോദരങ്ങളില്‍ നിന്ന് അകറ്റുന്നു. കലഹത്തിന് ഇടയാക്കുന്നു. മനുഷ്യനിലെ നന്മ വറ്റിപ്പോകാന്‍ ഇടയാക്കുന്നു. അത് തിരിച്ചറിയണം. മറ്റുള്ളവരെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഈ മാധ്യമങ്ങളുടെ തിന്മകള്‍ താല്‍ക്കാലിക സന്തോഷം നല്‍കുന്നുണ്ടെങ്കിലും അത് എത്തിച്ചേര്‍ക്കുന്നത് സ്വഭാവത്തിനും മറ്റുമുള്ള വൈകൃതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ത്താവിന്റെ രക്ഷാകര ദൗത്യത്തില്‍ പങ്കുചേര്‍ന്ന പ്രപഞ്ചത്തെയും പ്രകൃതിയേയും മാനിക്കാനും അവയെ സംരക്ഷിക്കാനും പഠിക്കണമെന്നും ദുഃഖവെള്ളിയാഴ്ചത്തെ സന്ദേശത്തില്‍ പറയുന്നു. ദുഃഖത്തില്‍ നിന്ന് ഉത്ഥാനത്തിന്റെ പ്രതീക്ഷയില്‍ ജീവിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന് ഇടര്‍ച്ചവരുത്തുന്ന വാക്കുകളും പ്രവൃത്തികളും ഒരിക്കലും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍ ഈ കാലഘട്ടത്തിന്റെ തിന്മകളായ മദ്യം മയക്കുമരുന്ന്, വാട്സ് ആപ്, സോഷ്യല്‍ മീഡിയ എന്നിവയുടെ തെറ്റായ ഉപയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് തീര്‍ഥാടക ദേവാലയത്തില്‍ നല്‍കിയ സന്ദേശത്തിലാണ് അതിരൂപതയിലെ ഭൂമി വിഷയവും കേസും മറ്റും പരാമര്‍ശിച്ചത്.
Join WhatsApp News
josecheripuram 2018-04-01 21:32:21
When Jesus was asked this question what was his reply? he said "Give me a Coin"That means he did not posses or had  even a NAYA PISA.Can any of his follwers of chirst can say that?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക