Image

കോണ്‍ഗ്രസ്സില്‍ അഴിച്ചുപണി, യുവനിരക്ക് പ്രാധാന്യം, പലേടത്തും പ്രമുഖര്‍ക്കു സ്ഥാനചലനം

Published on 30 March, 2018
കോണ്‍ഗ്രസ്സില്‍ അഴിച്ചുപണി, യുവനിരക്ക് പ്രാധാന്യം, പലേടത്തും പ്രമുഖര്‍ക്കു സ്ഥാനചലനം
ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതല യുവ നേതാക്കള്‍ക്ക് നല്‍കി കോണ്‍ഗ്രസില്‍ അഴിച്ചു പണി. ഗുജറാത്തിന്റെ ചുമതല രാജീവ് സത്വക്കും ഒഡീഷയുടെ ചുമതല ജിതേന്ദ്ര സിങിനും നല്‍കി. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും നേതൃത്വത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. മിക്കയിടത്തും മുതിര്‍ന്ന പ്രമുഖരെ മാറ്റിക്കൊണ്ടാണ് രാഹുല്‍ യുവതുര്‍ക്കികളെ നേതൃത്വത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നത്.

മുന്‍ കേന്ദ്ര മന്ത്രിയായ ജിതേന്ദ്ര സിങിന് അധികാരം നല്‍കുമ്പോള്‍, മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ബി.കെ. ഹരിപ്രസാദിനെയാണ് ഒഡീഷയില്‍ മാറ്റിയത്. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതാണ് കാരണം. അടുത്ത വര്‍ഷമാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ്.

ഗുജറാത്തില്‍ അശോക് ഗെഹ്‌ലോട്ടിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കി. ഗെഹ്‌ലോട്ടിന് പകരമാണ് ലോക്‌സഭാ എംപിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ രാജീവ് സത്‌വയെ നിയമിച്ചത്. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഗെഹ്‌ലോട്ടിനെ സംഘടനാ ചുമതലുയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചതോടെ വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഉറപ്പായി. ജനാര്‍ദ്ദന്‍ ദ്വിവേദി രാജിവെച്ച ഒഴിവിലേക്കാണ് ഗെഹ്‌ലോട്ടിന്റെ നിയമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക