Image

ചിരിപ്പിക്കുന്ന കേസാണ്, കണ്ടിരിക്കാം

Published on 02 April, 2018
ചിരിപ്പിക്കുന്ന കേസാണ്, കണ്ടിരിക്കാം
ഷാജഹാനും പരീക്കുട്ടിയും, റോമന്‍സ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ബോബന്‍ സാമുവല്‍ ഒരുക്കിയ ചിത്രമാണ് വികടകുമാരന്‍. വലിയ താരമൂല്യമുള്ള നടീനടന്‍മാര്‍ ആരുമില്ലെങ്കിലും അത്യാവശ്യം നല്ല രീതിയില്‍ ഒരു സിനിമയെടുക്കാനുളള ശ്രമങ്ങള്‍ ഇതില്‍ കാണാം.

എത്ര വലിയ കുറ്റകൃത്യങ്ങള്‍ ചെയ്താലും പണവും രാഷ്ട്രീയ സ്വാധീനവുമുള്ളവര്‍ നിയമത്തിന്റെ കെട്ടുപാടുകളില്‍ നിന്നും സ്വതന്ത്രരാകും. എന്നാല്‍ അതൊന്നുമില്ലാത്ത സാധാരണക്കാരന് അര്‍ഹിക്കുന്ന നീതി പോലും പലയിടത്തു നിന്നും ലഭിക്കാറുമില്ല. പക്ഷേ വളരെ അപൂര്‍വം കേസുകളില്‍ മാത്രം അവര്‍ക്ക് നീതി ലഭിക്കുന്ന കാഴ്ചകളും കാണാം.

സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും ഇഷ്ടം പോലെയുള്ള ഒരു യുവഅഭിഭാഷകനാണ് ബിനു.(വിഷ്ണു ഉണ്ണിക്കൃഷ്ണന്‍). കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായി വന്ന തിരക്കഥാകൃത്താണ് വിഷ്ണു. ഈ ചിത്രത്തിലെ സഹോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധര്‍മ്മജന്‍ വികടകുമാരനില്‍ ഗുമസ്തനായി എത്തുന്നു. പണവും രാഷ്ട്രീയ സ്വാധീനവും ഏറെയുളള ഒരാള്‍. അയാളുടെ ക്രൂരത നിറഞ്ഞ പ്രവൃത്തികള്‍ കാരണം രണ്ടു പേര്‍ കൊല്ലപ്പെടുന്നു. ഒരാള്‍ ധനികനാണെങ്കില്‍ മറ്റെയാള്‍ തികച്ചും സാധാരണക്കാരനാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നീതി ലഭിക്കാനുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്. കഥ പുരോഗമിക്കുമ്പോള്‍ കേറളത്തില്‍ കുറച്ചു കാലം മുമ്പു കോളിളക്കമുണ്ടാക്കിയ ചില സംഭവങ്ങളോട് സാദൃശ്യവും തോന്നാം.

ഒരു ഫസ്റ്റ് ക്‌ളാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സിനിമയുടെ പശ്ചാത്തലം. നടനും സംവിധായകനുമായ റാഫിയാണ് മജിസ്‌ട്രേറ്റായി എത്തുന്നത്. കൊച്ചു കൊച്ചു കേസുകള്‍ മാത്രം വാദിക്കാന്‍ അവസരം ലഭിക്കുന്ന ബിനുവിന് ഒരു ദിവസം ഓര്‍ക്കാപ്പുറത്ത് ഒരു ആക്‌സിഡന്റ് കേസ് ലഭിക്കുന്നു. മനസാക്ഷിക്കു നിരക്കാത്തതാണെങ്കിലും അയാള്‍ ആ കേസ് ഏറ്റെടുക്കുന്നു. മറ്റുള്ളവരുടെ മുന്നിലും അയാളുടെ തന്നെ മനസാക്ഷിക്കു മുന്നിലും പലപ്പോഴും അയാള്‍ക്ക് കുറ്റബോധത്തോടെ നില്‍ക്കേണ്ടി വരുന്നു. എന്നാല്‍ ഈ കേസ് ഏറ്റെടുക്കുമ്പോള്‍ അയാള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിലേക്കാണ് അയാള്‍ നീങ്ങുന്നത്. ആ യാത്രയ്ക്കിടയിലെ സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ നിന്നും വികടകുമാരനില്‍ എത്തുമ്പോള്‍ നടന്‍ എന്ന നിലയില്‍ വിഷ്ണു ഏറെ മുന്നേറിയിട്ടുണ്ട്. പ്രതിനായകനായി എത്തിയ ജിനു ജോസഫ് മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ധര്‍മ്മജനൊപ്പം റാഫിയും ബൈജുവും തിയേറ്ററില്‍ ചിരി പടര്‍ത്തുന്നുണ്ട്. രാഹുല്‍ രാജിന്റെ സംഗീതവും വിനീത് ശ്രീനിവാസന്റെ ഗാനാലാപനവും മികച്ചതാണ്. അധികം പ്രതീക്ഷകളില്ലാതെ പോയാല്‍ വികടകുമാരന്‍ നിരാശപ്പെടുത്തില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക