Image

ചിരിപ്പിച്ചു കൊല്ലുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പ

Published on 02 April, 2018
   ചിരിപ്പിച്ചു കൊല്ലുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പ
അവധിയാഘോഷിക്കാന്‍ കുട്ടികളുമൊത്ത്‌ തിയേറ്ററിലെത്തുന്ന കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട്‌ എടുത്‌#ിട്‌#ുള്ള സിനിമയാണ്‌ കുട്ടനാടന്‍ മാര്‍പ്പാപ്പ. ആദ്യന്തം ചിരിയുടെ മാലപ്പടക്കങ്ങളുമായാണ്‌ നായക കഥാപാത്രമായ ജോണ്‍പോളും(കുഞ്ചാക്കോ ബോബന്‍) ബാക്കി താരങ്ങളും എത്തുന്നത്‌.

ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ തന്നെ കുട്ടനാടിന്റെ ദൃശ്യഭംഗി പശ്ചാത്തലമാക്കി എടുത്ത സിനിമയാണ്‌ കുട്ടനാടന്‍ മാര്‍പ്പാപ്പ. റേഷന്‍കടക്കാരി മേരിയുടെ(ശാന്തികൃഷ്‌ണ) മകനാണ്‌ ജോണ്‍ പോള്‍. പ്രത്യേകിച്ചു ജോലിയൊന്നുമില്ല. ഫോട്ടോഗ്രാഫറാണ്‌. കുറേ കൂട്ടുകാരുമുണ്ട്‌.

നിരവധി പ്രണയകഥകളിലെ നായകനായിരുന്നു ജോണ്‍. പക്ഷേ ഒന്നു പോലും പൂവണിഞ്ഞില്ല. കാരണം ജോണിന്‌ പലപ്പോഴും തന്റെ പ്രണയം അവരോട്‌ തുറന്നു പറയാന്‍ കഴിയുന്നില്ല. തന്റെ പ്രണയവഴികളിലെ ലേറ്റസ്റ്റ്‌ നായികയാണ്‌ ജെസി(അഥിതി രവി). ജോണിന്റെ പ്രണയസാഫല്യവും അതിനിടയില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ്‌ കഥയില്‍.

ഇടവേളയ്‌ക്കു ശേഷമാണ്‌ സിനിമയുടെ കഥവികസിക്കുന്നത്‌. അതു വരെ കുറേ കഥാപാത്രങ്ങളും കോമഡി നമ്പറുകളും സ്‌ക്രീനില്‍ വന്നു പോകുന്നതല്ലാതെ സീനുകള്‍ തമ്മില്‍ പലപ്പോഴും ഒരു ബന്ധമില്ലാത്തതു പോലെ ഫീല്‍ ചെയ്യുന്നുണ്ട്‌. ആദ്യ പകുതി കഴിയുന്നതോടെ കഥ പിന്നെ വ്യക്തമായ ട്രാക്കിലൂടെ സഞ്ചരിക്കുന്നു.

സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ വിദേശികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്‌. ജോണ്‍ പോളിന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കുന്ന കൂട്ടുകാരനും വിദേശി തന്നെ. പാട്ടും ഡാന്‍സും നോക്കിയാല്‍ അതിലുമുണ്ട്‌ വിദേശികളുടെ സാന്നിധ്യം.

നവാഗത സംവിധായകനായ ശ്രീജിത്തിന്റെ പ്രഥമ സിനിമയാണിത്‌. സലിം കുമാറിന്റ കറുത്ത ജൂതന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്നു ശ്രീജിത്‌. ചിത്രത്തിലുടനീളം കുട്ടനാടിന്റെ ഭംഗിയും നാടന്‍ ഫലിതങ്ങളും യഥേഷ്‌ടം സന്നിവേശിപ്പിച്ചിട്ടുണ്ട്‌. ജോണിനൊപ്പം രമേശ്‌ പിഷാരടിയും ധര്‍മ്മജനും കൂടി ചേരുന്നതോടെ കോമഡി ടീം ടോപി ഗിയറിലാവുകയാണ്‌. ഒരു പക്കാ കോമഡി എന്റര്‍ടെയ്‌ന്‍മെന്റ്‌ മൂഡിലാണ്‌ ചിത്രം കഥ പറഞ്ഞു പോവുന്നത്‌.

വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം വന്നു പോവുന്ന സൗബിന്‍താഹിറിന്റെ കഥാപാത്രം പ്രേക്ഷകരുടെ കൈയ്യടി നേടുന്നു. പതിവു അമ്മ വേഷങ്ങളില്‍ നിന്നും മാറിയുള്ള ശാന്തികൃഷ്‌ണയുടെ അമ്മ വേഷം മികച്ചതായി. ന്യൂജെന്‍ പിള്ളേരുടെ അമ്മയായി ശാന്തികൃഷ്‌ണ തകര്‍ത്തഭിനയിച്ചിട്ടുണ്ട്‌.

നായികയായി എത്തിയ അദിതി രവി മികച്ച അഭിനയം കാഴ്‌ച വച്ചു. സലിംകുമാര്‍, ഇന്നസെന്റ്‌, അജു വര്‍ഗീസ്‌, സുനില്‍ സുഖദ, ഹരീഷ്‌ കണാരന്‍, ടിനി ടോം, ദിനേശ്‌, വിനോദ്‌ കെടാമംഗലം, സാജന്‍ പള്ളുരുത്തി, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്‌. രാഹുല്‍ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്‌ മുതല്‍ക്കൂട്ടാണ്‌. ഏതായാലും രണ്ടു മണിക്കൂര്‍ പ്രേക്ഷകനെ എല്ലാം മറന്നു ചിരിപ്പിക്കും ഈ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നതില്‍ സംശയമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക