Image

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ദു:സൂചനയെന്ന്‌ അരുണ്‍ ഷൂരി

Published on 04 April, 2018
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ദു:സൂചനയെന്ന്‌ അരുണ്‍ ഷൂരി


ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടി മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്ന്‌ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വാര്‍ത്താ വിതരണ മന്ത്രി സ്‌മൃതി ഇറാനിയുടെ ഉത്തരവ്‌ പ്രധാനമന്ത്രി അറിയാതെയാണെന്ന്‌ താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്നതിന്റെ ഏറ്റവും വലിയ സൂചനയാണിതെന്നും അതിനായുള്ള നാണംകെട്ട ശ്രമമാണിതെന്നും അരുണ്‍ ഷൂരി പറഞ്ഞു.

`അതെങ്ങനെ സാധ്യമാകും. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഒരില പോലും അനങ്ങാത്ത സാഹചര്യത്തില്‍.. പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയാതെ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറങ്ങുമെന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?'

അവര്‍ പല ഉത്തരവുകളും പിന്‍വലിക്കുമ്പോള്‍ അതിനര്‍ത്ഥം ശേഷം ഒരു സുനാമി വരാനുണ്ടെന്നാണ്‌-അരുണ്‍ ഷൂരി വ്യക്തമാക്കി.

വ്യാജവാര്‍ത്തകള്‍ തടയാനെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന്‌ ഈ ഉത്തരവ്‌ പിന്‍വലിക്കുകയായിരുന്നു. വ്യാജ വാര്‍ത്ത ഉണ്ടാക്കുകയോ അത്‌ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കണമെന്നായിരുന്നു വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക