Image

ഫാ.ഡോ തോമസ് ജോര്‍ജ് പൗരോഹിത്യ രജതജൂബിലി നിറവില്‍

ജോര്‍ജ് ഏബ്രഹാം Published on 05 April, 2018
ഫാ.ഡോ തോമസ് ജോര്‍ജ് പൗരോഹിത്യ രജതജൂബിലി നിറവില്‍
ടൊറന്റോ: അള്‍ത്താര ശുശ്രൂഷകനായി ആത്മീയരംഗത്ത് നിറസാന്നിധ്യമറിയിച്ച ഫാ. ഡോ. തോമസ് ജോര്‍ജ് പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നു. ഇതോടനുബന്ധിച്ച് ഏപ്രില്‍ 14 ശനിയാഴ്ച രാവിലെ 9ന് ഇടവക പള്ളിയില്‍ കൃതജ്ഞതാ ബലിയര്‍പ്പണം നടക്കും. തുടര്‍ന്ന് അനുമോദന യോഗത്തില്‍ ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ചാക്കോ ഡാനിയേല്‍ പുല്ലേലില്‍ അധ്യക്ഷത വഹിക്കും. സഹോദര ഇടവകകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കും. ഉച്ചഭക്ഷണത്തോടെ ചടങ്ങുകള്‍ സമാപിക്കും.

ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. തോമസ് ജോര്‍ജ്, ഭാഗ്യ സ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ, മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരിക്കെ 13–ാം വയസ്സിലാണ് അള്‍ത്താര ബാലനായി ശുശ്രൂഷ ആരംഭിച്ചത് . 1990 ജൂണ്‍ അഞ്ചിന് സബ് ഡീക്കന്‍ പട്ടവും മൂന്നുവര്‍ഷത്തിനുശേഷം മാര്‍ച്ച് ആറിന് ഡീക്കന്‍പട്ടവും, 1993 മാര്‍ച്ച് 25ന് വൈദിക പട്ടവും അണിഞ്ഞത് ദിദിമോസ് ബാവായുടെ കാലത്തു തന്നെയാണെന്നതും ദൈവനിയോഗമായി കരുതുന്നു. ടൊറന്റോയിലെ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയായി 2006ല്‍ നിയമിതനായ ഫാ. ജോര്‍ജ്, പത്തു വര്‍ഷത്തോളം അവിടെ സേവനം അനുഷ്ഠിച്ചു . രണ്ടുവര്‍ഷം മുന്പാണ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയായി ചുമതലയേറ്റത്.

നിലമ്പൂര്‍ ചുങ്കത്തറ വെള്ളാരത്ത് കുടുംബത്തിന്റെ ശാഖയായ കാവില്‍ കുടുബാംഗമായ കെ. എം. ജോര്‍ജിന്റെയും സാറാമ്മയുടെയും ഇളയ മകനായ കെമിസ്ട്രി ബിരുദധാരിയായ ഫാ. തോമസ് ജോര്‍ജ്, കോട്ടയം ഓര്‍ത്തഡോക്ട്‌സ് തിയളോജിക്കല്‍ സെമിനാരി, കൊല്‍ക്കത്ത സെറാന്പൂര്‍ സര്‍വകലാശാല എന്നിവിടങ്ങളിലായാണ് ബാച്ചിലര്‍ ഓഫ് ഡിവിനിറ്റി (ബി.ടി), ഗ്രാജുവേഷന്‍ ഇന്‍ സേക്രഡ് തിയോളജി (ജി. എസ്. ടി.) ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കാലടി ശ്രീശങ്കര സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും നേടി. വിദ്യാഭ്യാസനേട്ടങ്ങള്‍ അവിടംകൊണ്ട് അവസാനിക്കുന്നില്ല.

ഭാരതിയാര്‍ സര്‍വകലാശാലയിലെ ജിആര്‍ഡി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍നിന്ന് മാസ്റ്റര്‍ ബിരുദവും അണ്ണാമല സര്‍വകലാശാലയില്‍നിന്നു ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിജി ഡിപ്‌ളോമയും സ്വന്തമാക്കിയിട്ടുണ്ട്. പരുമല തിരുമേനിയുടെ ശതാബ്ദി സ്മാരകമായി 2002ല്‍ ചുങ്കത്തറ എംജിഎം. പബ്‌ളിക് സ്കൂള്‍ സ്ഥാപിച്ചു. അഞ്ചു വര്‍ഷം ഈ സ്കൂളിന്റെ ചെയര്‍മാനുമായിരുന്നു. ചുങ്കത്തറ ഗവ. എല്‍. പി. സ്കൂള്‍, മാര്‍ ഫീലക്‌സിനോസ് മെമ്മോറിയല്‍ ഹൈസ്കൂള്‍, മാര്‍ത്തോമ്മ കോളജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

മലബാര്‍ ഭദ്രാസന വൈദിക അസോസിയേഷന്‍ സെക്രട്ടറി, മാര്‍ത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചു. ടൊറന്റോയില്‍ കേരള ക്രിസ്റ്റ്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് പ്രസിഡന്റുമായിരുന്നു.കേരളത്തോട്ടം സെന്റ് ജോര്‍ജ്, ചോക്കാട് സെന്റ് മേരീസ്, അകംപാടം സെന്റ് മേരീസ് (1993- 1994), മുതുകുളം സെന്റ് മേരീസ് (1994- 1995), കോഴിക്കോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ (19951998), മാമങ്കര സെന്റ് ഗ്രിഗോറിയോസ് (19982001), എടക്കര സെന്റ് മേരീസ് (2001- 2005), പള്ളികുത്ത് സെന്റ് മേരീസ്, നിലന്പൂര്‍ സെന്റ് ഗ്രിഗോറിയോസ് (2005-  2007), എന്നിവിടങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചുങ്കത്തറ ചിറപ്പുറത്ത് സി. സി. ചാക്കോയുടെയും ശോശാമ്മയുടെയും മകള്‍ ആന്‍സി തോമസാണ് പ്രിയതമ. വിദ്യാര്‍ത്ഥികളായ കൃപ സാറാ തോമസ് (ക്വീന്‍സ് യൂണിവേഴ്‌സിറ്റി, കിങ്സ്റ്റണ്‍), ഗ്രിഗറി ജോര്‍ജ് തോമസ് (യോര്‍ക്ക് യൂണിവേഴ്‌സിറ്റി, ടൊറന്റോ) എന്നിവരാണ് മക്കള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക