Image

കരുണ മെഡിക്കല്‍ കോളജ്‌: ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്‌, ഗവര്‍ണറുടെ നിലപാട്‌ നിര്‍ണായകം

Published on 06 April, 2018
 കരുണ മെഡിക്കല്‍ കോളജ്‌: ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്‌, ഗവര്‍ണറുടെ നിലപാട്‌ നിര്‍ണായകം


തിരുവനന്തപുരം: സുപ്രിം കോടതി വിധി സൃഷ്ടിച്ച ആശങ്കയ്‌ക്കിടയിലും കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന്‌ സാധുത നല്‍കാന്‍ നിയമസഭ പാസാക്കിയ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്‌. നിയമ വകുപ്പ്‌ ബില്‍ ഗവര്‍ണര്‍ പി. സദാശിവത്തിന്‌ അയച്ചു. ഗവര്‍ണറുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും ഇനി ബില്ലിന്റെ ഭാവി.

സുപ്രിം കോടതി ഈ വിഷയത്തിലുള്ള ഓര്‍ഡിനന്‍സ്‌ തള്ളിയെങ്കിലും സഭ പാസാക്കിയ ബില്‍ നിലനില്‍ക്കുന്നുണ്ടെന്ന വാദവുമായാണ്‌ സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നത്‌. ഓര്‍ഡിനന്‍സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ്‌ ബില്‍ തയാറാക്കിയതെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

ബുധനാഴ്‌ച തന്നെ ബില്ലില്‍ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ ഒപ്പുവച്ച്‌ നിയമ വകുപ്പിനു കൈമാറിയിരുന്നു. ബില്‍ പാസായ സാഹചര്യത്തില്‍ പഴയ ഓര്‍ഡിനന്‍സിനു നിലനില്‍പ്പില്ലെന്നും ആ ഓര്‍ഡിനന്‍സ്‌ തള്ളിയത്‌ ബില്ലിനെ ബാധിക്കില്ലെന്നുമുള്ള നിയമോപദേശമാണ്‌ സര്‍ക്കാരിനു നിയമ വകുപ്പില്‍ നിന്ന്‌ ലഭിച്ചത്‌. തുടര്‍ന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ഇതു സംബന്ധിച്ച്‌ സംസാരിച്ച ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ ഗവര്‍ണര്‍ക്കു വിടാന്‍ തീരുമാനിക്കുകയായിരുന്നു.

ബില്ലില്‍ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്നും അതുകൊണ്ട്‌ ബില്ലുമായി മുന്നോട്ടുപോകുന്നതില്‍ തെറ്റില്ലെന്നും സ്‌പീക്കര്‍ വ്യക്തമാക്കിയിട്ടുമുണ്ട്‌.

സുപ്രിം കോടതി വിധിക്കതിരേ സംസ്ഥാന സര്‍ക്കാരിനു വേണമെങ്കില്‍ പുനഃപരിശോധനാ ഹരജി നല്‍കാം. എന്നാല്‍ അതിനു സാധ്യത കുറവാണ്‌. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഈ സൂചന നല്‍കുന്നുണ്ട്‌.  ഗവര്‍ണര്‍ എന്ത്‌ നടപടിയെടുക്കുമെന്നതാണ്‌ സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്‌.


ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിദ്യാര്‍ത്ഥി പ്രവേശനം സാധൂകരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ പാസാക്കിയ ബില്‍ നിയമവിരുദ്ധമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സും കോടതി സ്‌റ്റേ ചെയ്‌തിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സിനല്ല ബില്ലിനാണ്‌ സ്‌റ്റേ എന്നാണ്‌ സര്‍ക്കാര്‍ വാദം.

അതേസമയം തന്‍റെ മുന്നിലെത്തിയ ബില്‍ പരിശോധിച്ചശേഷം  ഗവര്‍ണര്‍ ഒപ്പിട്ടാലും മെഡിക്കല്‍ കൗണ്‍സില്‍ ഈ നിയമം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്‌തേക്കും. അത്തരം ഒരു സാഹര്യം വന്നാല്‍ സുപ്രീം കോടതി ഒരുപക്ഷേ നിയമം അസാധുവാക്കാനും സാധ്യത ഉണ്ട്‌.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സാധൂകരിച്ചുള്ള ബില്‍ കഴിഞ്ഞദിവസമാണ്‌ നിയമസഭയില്‍ പാസാക്കിയത്‌.വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഓര്‍ഡിനന്‍സ്‌ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്‌ത്‌ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു.

 ചട്ടവിരുദ്ധ പ്രവേശനത്തെ സാധൂകരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിക്കുന്നത്‌ ശരിയല്ലെന്നാണ്‌ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ സുപ്രീംകോടതിയില്‍ പറഞ്ഞത്‌. ഈ ഓര്‍ഡിനന്‍സ്‌ റദ്ദാക്കുമെന്ന്‌ സുപ്രീംകോടതി സൂചന നല്‍കിയതിന്‌ പിന്നാലെയാണ്‌ അത്‌ മറികടക്കാന്‍ വേണ്ടി പ്രതിപക്ഷത്തിന്റെ പിന്തുണയോട്‌ കൂടിസംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ പാസാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക