Image

സല്‍മാന്‍ ഖാന്‍ ഖ്വയ്തി ജയിലില്‍ ; കൂട്ടിന് ആശാറാം ബാപ്പുവും ശംഭു ലാലും

Published on 06 April, 2018
സല്‍മാന്‍ ഖാന്‍ ഖ്വയ്തി ജയിലില്‍ ; കൂട്ടിന് ആശാറാം ബാപ്പുവും ശംഭു ലാലും
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജോദ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ ഖ്വയ്തി ജയിലിലെ 106-ാം നംബര്‍ തടവുകാരനാണ്. ഇത് നാലാം തവണയായണ് ഇതേ കേസില്‍ സമല്‍മാന്‍ ജയിലിലെത്തുന്നത്. നേരത്തേ മൂന്ന് തവണയായി താരം 18 ദിവസം ജയിലില്‍ കഴഞ്ഞിരുന്നു. 1998, 2006, 2007 എന്നീ വര്‍ഷങ്ങളില്‍. 

2007-ല്‍ ഈ കേസില്‍ അഞ്ചുകൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഓരാഴ്ചത്തെ ജയില്‍വാസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. 1998 ഒക്ടോബറില്‍ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്. 
രണ്ടാം നംബര്‍ സെല്ലില്‍ കഴിയുന്ന സല്‍മാന്റെ സഹ തടവുകാര്‍ 2013ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആശാറാം ബാപ്പു, ദുരഭിമാനത്തിന്റെ പേരില്‍ മുസ്ലീം യുവാവിനെ കൊന്ന് തീയിട്ട് ആ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ശംഭുലാല്‍ എന്നിവരാണ്. 
അതേ സമയം സഹതടവുകാരിലൊരാളായ ലോറന്‍സ് ബിഷ്‌ണോയ് സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ജയിലില്‍ താരത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൃഷ്ണ മൃഗത്തെ സംരക്ഷിക്കുകയും മൃഗങ്ങളെ ദൈവമായി കാണുകയും ചെയ്യുന്ന വിഭാഗമാണ് ബിഷ്‌ണോയ് സമൂഹം. സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചുകൊണ്ടുളഅള വിധി പുറത്തുവന്നതോടെ ഇവര്‍ കോടതിയ്ക്ക് പുറത്ത് കയ്യടിച്ചും പൊട്ടിച്ചിരിച്ചും ആഘോഷിച്ചിരുന്നു. 
സല്‍മാന്‍ ഖാന്‍ സിനിമാ താരമാണെന്നും ജനങ്ങള്‍ അദ്ദേഹത്തെ ഉറ്റുനോക്കുകയാണെന്നുമായിരുന്നു സല്‍മാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിയ്ക്കുമ്പോള്‍ ജഡ്ജി പറഞ്ഞ വാക്കുകള്‍. വിധി പ്രഖ്യാപനത്തിന് ശേഷം താരത്തെ നേരിട്ട് ജോദ്പൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു. 
സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്രേ, തബു, നീലം എന്നിവരായിരുന്നു കൂട്ടുപ്രതികള്‍. ജിപ്‌സി വാഹനം ഓടിച്ചിരുന്ന സല്‍മാനാണ് കൃഷ്ണമൃഗത്തെ കണ്ടപ്പോള്‍ തോക്കെടുത്തു വെടിവച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. സംരക്ഷിത വനമേഖലയില്‍ അനധികൃതമായി കടന്നു, വംശനാശ ഭീഷണി നേരിടുന്ന മാനിനെ കൊലപ്പെടുത്തി, ലൈസന്‍സ് ഇല്ലാത്ത ആയുധം വേട്ടയ്ക്കായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയത്. പട്ടിയുടെ കടിയേറ്റ് കുഴിയില്‍ വീണാണ് മാനുകള്‍ ചത്തതെന്നും ഇതില്‍ താരങ്ങളെ കുടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. 
കഴിഞ്ഞമാസം 28-ന് വാദം പൂര്‍ത്തിയായ കേസിലാണ് ഒരാഴ്ചയ്ക്കുശേഷം വിധിവന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ സൂപ്പര്‍താരപദവിയില്‍ വിലസുന്ന സല്‍മാന്‍ വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞു. മറ്റൊരു മാന്‍വേട്ട കേസില്‍ നിന്ന് രണ്ടുകൊല്ലം മുമ്പ് ഖാന്‍ ശിക്ഷകിട്ടാതെ രക്ഷപെട്ടിരുന്നു. ചിങ്കാരമാനുകളെ കൊന്നകേസിലാണ് ജോധ്പുര്‍ കോടതി സല്‍മാനെ കോടതി വെറുതെവിട്ടത്. 2002-ല്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നവരെ കാര്‍ കയറ്റി കൊന്നുവെന്ന കേസിലും ഖാന് ശിക്ഷിക്കപ്പെട്ടില്ല. 
അതേസമയം സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കുന്ന നിരവധി സിനിമകളാണ് അനിശ്ചിതത്തിലായത്. ഏകേദശം ആയിരം കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമകളിലാണ് സല്‍മാന്‍ അഭിനയിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. 
റേസ് 3,ഭാരത്,കിക്ക്, പാര്‍ട്ണര്‍-2, നോ എന്‍ട്രി തുടങ്ങിയ സിനിമകളില്‍ അഭിനയിക്കാന്‍ ഇതിനോടം സല്‍മാന്‍ കരാറൊപ്പിട്ടിരുന്നു. 250 കോടി മുടക്കി ടൈഗര്‍ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നതിനിടയിലാണ് സല്‍മാന്‍ തടവറയിലെത്തിയിരിക്കുന്നത്. ഇതുകൂടാതെ ദസ്‌കാദം എന്ന ടെലിവിഷന്‍ പരിപാടിക്കായി 78 കോടിയുടെ കരാറും സല്‍മാന്‍ ഒപ്പിട്ടിരുന്നു. കോടതി വിധി എതിരായതോടെ ഇവയുടെ നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്. 
റാണി മുഖര്‍ജി, ജയാ ബച്ചന്‍, സമീര്‍ സോണി തുടങ്ങി പ്രമുഖ താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ സല്‍മാന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അമിതാ ബച്ചന്‍, ഷാറൂഖ് ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയ താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിധിയറിഞ്ഞ് നിരവധി ആരാധകരാണ് സല്‍മാഖാന്റെ വീടിനു മുന്നില്‍ എത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക