Image

പ്രതിപക്ഷത്ത്‌ വിയോജിപ്പ്‌; ജസ്റ്റിസ്‌ ദീപക്‌ മിശ്രക്കെതിരെയുള്ള ഇംപീച്ച്‌മെന്റ്‌ നീക്കം കോണ്‍ഗ്രസ്‌ ഉപേക്ഷിക്കുന്നു

Published on 06 April, 2018
  പ്രതിപക്ഷത്ത്‌ വിയോജിപ്പ്‌; ജസ്റ്റിസ്‌ ദീപക്‌  മിശ്രക്കെതിരെയുള്ള ഇംപീച്ച്‌മെന്റ്‌ നീക്കം കോണ്‍ഗ്രസ്‌ ഉപേക്ഷിക്കുന്നു
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളെ സംഘടിപ്പിച്ച്‌ സുപ്രിംകോടതി ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കെതിരായി പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ്‌ പ്രമേയം കൊണ്ടുവരാനുള്ള നീക്കം കോണ്‍ഗ്രസ്‌ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്‌. പ്രശ്‌നം ഇപ്പോള്‍ അവസാനിച്ചെന്ന്‌ കോണ്‍ഗ്രസ്‌ ലോക്‌സഭാ കക്ഷിനേതാവ്‌ മല്ലികാര്‍ജുന ഖാര്‍ഗെ  ഇന്ത്യന്‍ എക്‌സ്‌പ്രസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേ സമയം ഇടത്‌ പാര്‍ട്ടികള്‍ ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇംപീച്ച്‌മെന്റിന്റെ കാര്യത്തില്‍ വിയോജിപ്പ്‌ അറിയിച്ചതിനാലാണ്‌ കോണ്‍ഗ്രസ്‌ നീക്കം പിന്‍വിച്ചതെന്നാണ്‌ സൂചന. എസ്‌.പി.,ബി.എസ്‌.പി, എന്‍.സി.പി, ആര്‍ജെഡി തുടങ്ങിയ കക്ഷികള്‍ നേരത്തെ കോണ്‍ഗ്രസിന്റെ നിര്‍ദേശത്തെ അനുകൂലിച്ചിരുന്നെങ്കിലും അവസാന നിമിഷം എസ്‌.പി അടക്കമുള്ള കക്ഷികള്‍ ഇംപീച്ച്‌മെന്റ്‌ ഇപ്പോള്‍ വേണ്ടെന്ന നിലപാട്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനും ഇംപീച്ച്‌മെന്റ്‌ വേണ്ടെന്ന നിലപാടാണുള്ളത്‌. ഡി.എം.കെ പിന്മാറായതായും റിപ്പോര്‍ട്ടുണ്ട്‌.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഐക്യം ഇംപീച്ച്‌മെന്റിന്റെ പേരില്‍ തകര്‍ക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ്‌ കണക്ക്‌ കൂട്ടുന്നു.

രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇംപീച്ച്‌മെന്റ്‌ പ്രമേയത്തിനുള്ള നീക്കങ്ങള്‍ നടത്തിവരികയായിരുന്നു കോണ്‍ഗ്രസ്‌. ഇതിനായി ഇടത്‌പാര്‍ട്ടികളുടേതടക്കം അറുപതോളം പ്രതിപക്ഷ എം.പിമാരുടെ ഒപ്പുശേഖരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ നിര്‍ദേശം മുന്നോട്ട്‌ വെച്ച കോണ്‍ഗ്രസ്‌ പിന്നീട്‌ ഇതുസംബന്ധിച്ച്‌ മൗനം തുടരുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക