Image

ദേശീയപാതാ സ്ഥലമെടുപ്പ്: ലീഗ് കണ്ണുരുട്ടി; യു.ഡി.എഫും മനസ്സിലാമനസ്സോടെ, സമരമുഖത്ത്

Published on 06 April, 2018
ദേശീയപാതാ സ്ഥലമെടുപ്പ്: ലീഗ് കണ്ണുരുട്ടി; യു.ഡി.എഫും മനസ്സിലാമനസ്സോടെ, സമരമുഖത്ത്
മുസ്ലിംലീഗിനു വേണ്ടി ദേശീയപാതാ സ്ഥലമേറ്റെടുപ്പിനെതിരായ സമരങ്ങള്‍ യു.ഡി.എഫ് ഏറ്റെടുക്കുന്നു. കീഴാറ്റൂര്‍ സമരത്തിനു പിന്തുണ നല്‍കാനുള്ള യു.ഡി.എഫ്. തീരുമാനം മലപ്പുറത്ത് ലീഗിന്റെ മുഖം രക്ഷിക്കാന്‍ കൂടി ലക്ഷ്യമിട്ട്.  കീഴാറ്റൂരും മലപ്പുറത്തും സ്ഥലമേറ്റെടുപ്പിനെതിരെയാണു പ്രതിഷേധം. എന്നാല്‍, രണ്ടിന്റെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. കീഴാറ്റൂരില്‍ ജീവനോപാധിയും പ്രകൃതിയുമാണു വിഷയം. മലപ്പുറത്തു നഷ്ടപരിഹാരവും. ദേശീയപാതാ വികസനത്തിനു ലീഗ് അനുകൂലമാണ്. അവര്‍കൂടി ചേര്‍ന്നാണ് ദേശീയപാതയുടെ വീതി 45 മീറ്ററായി നിശ്ചയിച്ചതും. എന്നാല്‍, മലപ്പുറത്തു ലീഗിന്റെ അപ്രമാദിത്വം തന്നെ ചോദ്യം ചെയ്തു സ്ഥലമേറ്റെടുപ്പു വിഷയത്തില്‍ മറ്റുപലരും സമരങ്ങളുമായി മുന്നേറുന്നതാണ് അവരെയും സമരത്തിലേക്കു തള്ളിവിടുന്നത്. തുടര്‍ന്നു നഷ്ടപരിഹാരം വര്‍ധിപ്പിക്കാനാവശ്യപ്പെട്ടു പി.കെ. കുഞ്ഞാലിക്കുട്ടിയും വി.കെ. ഇബ്രാഹിംകുഞ്ഞും മുഖ്യമന്ത്രിയെ കണ്ടു നിവേദനവും നല്‍കി. 

മലപ്പുറത്തെ സമരം മാത്രമായി ഏറ്റെടുക്കാനാകില്ലെന്നു കണ്ടാണ് സംസ്ഥാനത്ത് ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ പ്രതിഷേധങ്ങളിലും ഇടപെടാനുള്ള യു.ഡി.എഫ് തീരുമാനം. കീഴാറ്റൂരില്‍ തുടക്കത്തില്‍ സജീവമായി ഇടപെടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും സമരക്കാര്‍ അടുപ്പിച്ചിരുന്നില്ല. 'വയല്‍ക്കിളികള്‍' സമരത്തിനിറങ്ങിയപ്പോഴും അതിനെ അരാഷ്ട്രീയമായി കാണാനാണു കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാലിപ്പോള്‍ ബി.ജെ.പി അവിടെ നേട്ടം കൊയ്യുന്നതു കോണ്‍ഗ്രസിനെയും തിരിച്ചു ചിന്തിപ്പിച്ചു. കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുന്നതിനെ യു.ഡി.എഫ്. യോഗത്തില്‍ വി.എം. സുധീരനും സി.പി. ജോണുമൊക്കെ ശക്തമായി എതിര്‍ത്തിരുന്നു. എന്നിട്ടും ലീഗിന്റെ സമ്മര്‍ദത്തിനു കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക