Image

നവയുഗത്തിന്റെ സഹായത്തോടെ മലയാളിവനിത ജയിലില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങി

Published on 07 April, 2018
നവയുഗത്തിന്റെ സഹായത്തോടെ മലയാളിവനിത ജയിലില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോണ്‍സറുടെ വീട്ടില്‍ നിന്നും ഒളിച്ചോടി മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്തതിന് ജയിലിലായ മലയാളിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

എറണാകുളം സ്വദേശിനിയായ മെര്‍ലിന്‍ ജോണ്‍ ബ്രിട്ടോ നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൗദിയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിയ്ക്കായി എത്തിയത്. എന്നാല്‍ ആ വീട്ടിലെ ജോലിസാഹചര്യങ്ങള്‍ വളരെ മോശമായതിനാല്‍, ആരുമറിയാതെ അവിടന്ന് ഒളിച്ചോടിയ മെര്‍ലിന്‍, ചില പരിചയക്കാരുടെ സഹായത്തോടെ മറ്റു സ്ഥലങ്ങളില്‍ ചില വീടുകളില്‍ ജോലി ചെയ്തു വരികയായിരുന്നു. ഒരു ദിവസം ജോലി ചെയ്യുന്ന സ്ഥലത്തുള്ളവര്‍ക്കൊപ്പം കാറില്‍ യാത്ര പോകുമ്പോള്‍, ഒരു ചെക്ക്‌പോയന്റില്‍ പോലീസ് പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. ഇക്കാമ ഇല്ലാത്തതിനും, അനധികൃതമായി ജോലി ചെയ്തതിനും കോടതി അവരെ ശിക്ഷിച്ചു, എട്ടുമാസത്തെ തടവുശിക്ഷയ്ക്കായി ജയിലിലേയ്ക്ക് അയച്ചു.

ശിക്ഷ കാലാവധി കഴിഞ്ഞിട്ടും പാസ്സ്‌പോര്‍ട്ടും മറ്റു രേഖകളും ഇല്ലാത്തതിനാല്‍ മെര്‍ലിന് ജയിലില്‍ തന്നെ കഴിയേണ്ടി വന്നു. ചില പരിചയക്കാര്‍ വഴി, മെര്‍ലിന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിയ്ക്കുകയായിരുന്നു. മഞ്ജു മണിക്കുട്ടന്‍ ജയിലിലെത്തി മെര്‍ലിനെ നേരിട്ട് കണ്ട് വിവരങ്ങള്‍ മനസ്സിലാക്കി.

തുടര്‍ന്ന് മഞ്ജു ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും മെര്‍ലിന് ഔട്ട്പാസ് എടുത്തു കൊടുക്കുകയും, മറ്റു നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കൊടുക്കുകയും ചെയ്തു. നാട്ടിലെ ബന്ധുക്കള്‍ വിമാനടിക്കറ്റ് അയച്ചു കൊടുത്തു. അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവരോടും നന്ദി പറഞ്ഞ് മെര്‍ലിന്‍ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക