Image

തിരുകച്ചയില്‍ നിന്ന് യേശുവിന്റെ രൂപം പുനഃസൃഷ്ടിച്ച് ഇറ്റാലിയന്‍ പ്രൊഫസര്‍

സെബാസ്റ്റ്യന്‍ ആന്റണി Published on 07 April, 2018
തിരുകച്ചയില്‍ നിന്ന് യേശുവിന്റെ രൂപം പുനഃസൃഷ്ടിച്ച് ഇറ്റാലിയന്‍ പ്രൊഫസര്‍
പാദുവ: മരണത്തിനു ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞിരുന്നതെന്നു കരുതപ്പെടുന്ന ടൂറിനിലെ തിരുകച്ച ഉപയോഗിച്ച് യേശുവിന്റെ ത്രിമാന പകര്‍പ്പുമായി ഇറ്റാലിയന്‍ പ്രൊഫസര്‍. തിരുകച്ചയെക്കുറിച്ച് നിരവധിപഠനങ്ങള്‍ നടത്തിയിട്ടുള്ള പാദുവാ യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍ ആന്‍ഡ് തെര്‍മല്‍ മെഷര്‍മെന്റ് പ്രൊഫസ്സറായ ജിയൂളിയോ ഫാന്റിയാണ് യേശു ക്രിസ്തുവിന്റെ ത്രിമാന രൂപം പുനര്‍സൃഷ്ടിച്ചിരിക്കുന്നത്. ‘ചി’ എന്ന ഇറ്റാലിയന്‍ ആഴ്ചപതിപ്പാണ് പ്രൊഫ. ഫാന്റിയുടെ ത്രീഡി പുനര്‍സൃഷ്ടിയെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയായിരിന്നു.

തിരുകച്ചയില്‍ പതിഞ്ഞിട്ടുള്ള പ്രതിരൂപത്തിന്റെ അളവുകളെ അടിസ്ഥാനമാക്കിയാണ് ഫാന്റി ത്രീഡി ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. യേശു അസാധാരണമായ സൗന്ദര്യമുള്ള ഒരാളായിരുന്നുവെന്ന്! ഫാന്റി പറയുന്നു. 5 അടി 5 ഇഞ്ച് ശരാശരി ഉയരമുള്ള അക്കാലത്ത് 5 അടി 11 ഇഞ്ചായിരുന്നു യേശുവിന്റെ ഉയരമെന്നും ബലിഷ്ട്ടമായ ശരീരവും നീണ്ട കൈകാലുകളും യേശുവിന് ഉണ്ടായിരിന്നുവെന്നും തിരുകച്ചയെയും ത്രിമാന രൂപത്തെയും ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞു. തിരുകച്ചയിലെ പ്രതിരൂപത്തില്‍ ചമ്മട്ടിയടികൊണ്ടുള്ള ഏതാണ്ട് 370ഓളം മുറിവുകള്‍ എണ്ണുവാന്‍ തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ശരീരത്തിന്റെ വശങ്ങള്‍ കച്ചയില്‍ പതിഞ്ഞിട്ടില്ലാത്തതിനാല്‍ വശങ്ങളിലുള്ള മുറിവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. യേശു മരിക്കുന്ന സമയത്ത് വലതു വശത്തേക്ക് കൂടുതല്‍ തൂങ്ങിയതിനാല്‍ അവിടുത്തെ വലതു തോളെല്ല് പൊട്ടിയിരുന്നുവെന്നും ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നുവെന്നും ത്രിമാന പുനഃസൃഷ്ടിയില്‍ നിന്നും തനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞുവെന്ന് പ്രൊഫ. ഫാന്റി കൂട്ടിച്ചേര്‍ത്തു. താന്‍ നിര്‍മ്മിച്ചിരിക്കുന്ന രൂപം യേശുവിന്റെ ശരീരത്തിന്റെ കൃത്യമായ അളവ് ആണെന്നും പ്രൊഫ. ഫാന്റി അവകാശപ്പെടുന്നുണ്ട്.
തിരുകച്ചയില്‍ നിന്ന് യേശുവിന്റെ രൂപം പുനഃസൃഷ്ടിച്ച് ഇറ്റാലിയന്‍ പ്രൊഫസര്‍തിരുകച്ചയില്‍ നിന്ന് യേശുവിന്റെ രൂപം പുനഃസൃഷ്ടിച്ച് ഇറ്റാലിയന്‍ പ്രൊഫസര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക