Image

പ്രതീക്ഷകളുടെ പരോള്‍

Published on 08 April, 2018
പ്രതീക്ഷകളുടെ പരോള്‍
മമ്മൂട്ടി നായകനാകുന്ന ചിത്രം എന്നു പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് എന്നുമൊരു പ്രതീക്ഷയാണ്. എത്രയോ സിനിമകളില്‍ ജീവിതഗന്ധിയായ എത്രയോ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അനശ്വരമാക്കിയ താരമാണ് അദ്ദേഹം. എത്ര സങ്കീര്‍ണമായ കഥാപാത്രങ്ങളെയും എല്ലാ വിധ തികവോടും കൂടി അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നതാണ് പ്രത്യേകത.

മമ്മൂട്ടി ജയില്‍പുള്ളിയായി അഭിനയിക്കുന്ന സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നിറക്കൂട്ട്, യാത്ര എന്നീ ചിത്രങ്ങള്‍ മുതല്‍ 2014 ല്‍ റിലീസായ മുന്നറിയിപ്പു വരെ അത്തരം കഥാപാത്രങ്ങളുടെ മികവുറ്റ അവതരണത്തിലൂടെ ഗംഭീരമാക്കിയ നടനാണ് മമ്മൂട്ടി. ശരത് സന്ദിത് സംവിധാനം ചെയ്ത പരോള്‍ എന്ന ചിത്രത്തിലും മമ്മൂട്ടി ഒരു ജയില്‍പുള്ളിയായിട്ടാണ് അഭിനയിക്കുന്നത്.

പരോള്‍ യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ചിത്രമാണ്. ജയിലിലെ തടവു മുറിയിലെ 101-ാം നമ്പര്‍ മുറിയിലെ തടവുകാരനാണ് കടുത്ത സഖാവായ പുല്ലാങ്കുന്നത്ത് അലക്‌സ്. കഴിഞ്ഞ എട്ടു വര്‍ഷമായി അയാള്‍ ജയിലില്‍ കഴിയുന്നു. ജയിലില്‍ എല്ലാവരും അയാളെ മേസ്തിരി എന്നാണു വിളിക്കുന്നത്. എല്ലാവര്‍ക്കും അലക്‌സിനെ വളരെ ഇഷ്ടമാണ്. തടവുകാരുടെ എല്ലാ പ്രശ്‌നങ്ങളിലും അവരെ സഹായിക്കാന്‍ അയാള്‍ ഓടിയെത്തും. അവര്‍ എല്ലാം ജയിലിലേക്കെത്തിയതിന്റെ പിന്നിലെ കാരണവും അവരുടെ വ്യക്തിജീവിതവുമെല്ലാം അലക്‌സിനറിയാം. പക്ഷേ അലക്‌സിന്റെ ജീവിതത്തെ കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. അത് ദുരൂഹമാണ്. എന്നാല്‍ പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയാണ് അയാള്‍ തന്റെ ജിവിതത്തിന്റെ നല്ല എട്ടു വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കുന്നത്. ഒടുവില്‍ അയാള്‍ക്ക് പതിനഞ്ചു ദിവസത്തെ പരോള്‍ അനുവദിക്കുന്നു.എന്നാല്‍ അപ്പോഴും അതിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് അയാളുടെ മുന്നില്‍ നിരവധി പ്രതിസന്ധികള്‍ ഉയരുന്നു. അലക്‌സ് ഈ പ്രതിസന്ധികളെ നേരിടുന്നതും അതിനിടയില്‍ മനുഷ്യജീവിതത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും ബഹുമുഖതലങ്ങളും അനാവരണം ചെയ്യപ്പെടുന്നതുമാണ് കഥയുടെ പ്രമേയം.

ജയില്‍ വാര്‍ഡനായിരുന്ന അജിത് പൂജപ്പുരയുടേതാണ് കഥയും തിരക്കഥയും. ജയില്‍ തനിക്കു പരിചയമുണ്ടായിരുന്ന ഒരു തടവുകാരന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. വാണിജ്യ സിനിമകള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ ഏതാണെല്ലാം തന്നെ ചിത്രത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. അലക്‌സ് എന്ന കഥാപാത്രത്തിന് പല സന്ദര്‍ഭങ്ങളിലും വീരപരിവേഷം നല്‍കുന്നുമുണ്ട്. മമ്മൂട്ടി എന്ന അതുല്യ നടന്റെ അപാരമായ അഭിനയമികവാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നു പറയാം. വിപ്‌ളവ വീര്യമുള്ള സഖാവായും ആത്മസംഘര്‍ഷങ്ങളെയും വ്യക്തിദു:ഖങ്ങളെയും ഹൃദയത്തിലൊളിപ്പിച്ച് മറ്റുളളവരുടെ കണ്ണീരൊപ്പുന്ന സാധാരണക്കാരനായും മമ്മൂട്ടി ഗംഭീരമായ അഭിനയം കാഴ്ച വച്ചിരിക്കുന്നു. അപ്രതീക്ഷിതമായ ദുരന്തങ്ങളിലും പ്രതിബന്ധങ്ങളിലും തട്ടി ഇരുളറകളില്‍ വീഴുമ്പോഴും അവിടെ നിന്നു സ്‌നേഹ ബന്ധങ്ങളുടെ ആര്‍ദ്രമായ ലോകത്തേക്ക് കടന്നു ചെല്ലാന്‍ ആഗ്രഹിക്കുന്ന ഒരു പച്ച മനുഷ്യന്റെ ജീവിതമാണ് പരോള്‍.

സഖാവ് അബ്ദുവായി ഈ ചിത്രത്തില്‍ സിദ്ദിഖ് വളരെ മികച്ച അഭിനയമാണ് കാഴ്ച വച്ചിട്ടുള്ളത്. അതു പോലെ തന്നെ വര്‍ഗീസായി എത്തിയ സുരാജ് വെഞ്ഞാറമൂടും. ലാലു അലക്‌സിന്റെ പോലീസ് വേഷവും ഓര്‍മയില്‍ തങ്ങി നില്‍ക്കും. മിയ, ഇനിയ, സീനു സോഹന്‍ലാല്‍, സുധീര്‍ കരമന, ഇര്‍ഷാദ്, അലന്‍സിയര്‍, പ്രഭാകര്‍, ബിജോയ് വര്‍ഗീസ് എന്നിവരുടെ കഥാപാത്രങ്ങളും മികച്ചതായി.

ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് സ്റ്റണ്ട് സില്‍വയാണ്. ലോകനാഥന്‍ ശ്രീനിവാസന്റെ ഛായാഗ്രഹണവും മികച്ചതായി. ശരത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും കഥയോട് ചേര്‍ന്നു നില്‍ക്കുന്നു. നല്ല സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരോളിന് ധൈര്യമായി ടിക്കറ്റെടുക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക