Image

സന്ദീപും കുടുംബവും സുരക്ഷിതരായി മടങ്ങി എത്താന്‍ പ്രാര്‍ഥനാ നിരതരായി ഇന്ത്യന്‍ സമൂഹം

Published on 10 April, 2018
സന്ദീപും കുടുംബവും സുരക്ഷിതരായി മടങ്ങി എത്താന്‍ പ്രാര്‍ഥനാ നിരതരായി ഇന്ത്യന്‍ സമൂഹം
വെള്ളിയാഴ്ച മുതല്‍ കാണാതായ സന്ദീപ് തോട്ടപ്പിള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദാന്ത് (12) സച്ചി (9) എന്നിവര്‍ സുരക്ഷിതമായി തിരിച്ചു വരാന്‍അമേരിക്കന്‍ മലയാളി സമൂഹം ഒന്നടങ്കംപ്രാര്‍ഥനാ നിരതരായി നിലകൊള്ളുമ്പോള്‍ രണ്ടു കുടുംബങ്ങള്‍ നാട്ടിലും കണ്ണീരോടെ പ്രത്യാശ കൈവിടാതെ കഴിയുന്നു.

സന്ദീപിന്റെ പിതാവ് ബാബു സുബ്രമണ്യം, ഭാര്യ രുക്മിണി എന്നിവര്‍ കഴിഞ്ഞ ഓഗസ്റ്റിലാണു ആറു മാസത്തെ താമസത്തിനുശേഷം ഗുജറാത്തിലെ സൂററ്റിലേക്കു മടങ്ങിയത്. ബോംബെ ഡയിംഗില്‍ നിന്നു റിട്ടയര്‍ ചെയ്ത ബാബുവും ഭാര്യയും ഇന്ത്യയിലും അമേരിക്കയിലുമായി കഴിയണമെന്നാണു പ്ലാന്‍ ചെയ്തിരുന്നത്. വിസ തീര്‍ന്നതിനാല്‍ അതു പുതുക്കാനുള്ള ശ്രമത്തിലായിരുന്നു. കൊച്ചി ചെറായിയില്‍ നിന്നു ബാബുവിന്റെ പിതാവാണു സൂററ്റില്‍ പോയി താമസമാക്കിയത്. അമ്മ ത്രുശൂര്‍ സ്വദേശിനി.

ബാബുവിന്റെ സഹോദരിയുടെ പുത്രി നേഹയും ഭര്‍ത്താവ് അനൂപ് വിശ്വംഭരനുമാണു ടെക്‌സസില്‍. അവര്‍ക്കൊപ്പവും പത്തു ദിവസം ടെക്‌സസില്‍ പോയി താമസിച്ച കാര്യം ബാബു ഇ-മലയാളിയോടു പങ്കു വച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് മകനെയും കുടുംബത്തെയും കണ്ടെത്താന്‍ സഹായിക്കണമെന്നു ബാബു ട്വീറ്റ് ചെയ്തിട്ടുണ്ട്

ഗുജറാത്തില്‍ ബി.എസ്സിക്കു ശേഷം ഇന്ദിരാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണു സന്ദീപ് എം.ബി.എ. എടുത്തത്. ബാംഗളുരിലെ കമ്പനിയില്‍ നിന്നു യു.എസില്‍ എത്തി. പിന്നീട് യൂണിയന്‍ബാങ്കിലേക്കു മാറുകയും വൈസ് പ്രസിഡന്റാവുകയും ചെയ്തു. ന്യു ജെഴ്‌സി, സാന്‍ ഫ്രാന്‍സിസ്‌കോ, വീണ്ടും ന്യു ജെഴ്‌സി എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം 5 വര്‍ഷമായി ലോസാഞ്ചലസ്സിനടുത്ത് സന്റാ ക്ലാരിറ്റയില്‍ ജോലി ചെയ്യുന്നു.

സൗമ്യയുടെ വീട് കാക്കനാട് ആണ്. പിതാവ് സോമനാഥന്‍ പിള്ള, അമ്മ രത്‌നമ്മ ലത. സഹോദരന്‍ ഗള്‍ഫിലാണു്.

സന്ദീപിന്റെ സഹോദരന്‍ സച്ചിന്‍ കാനഡയില്‍ മിസിസാഗയില്‍ ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്നു.
തിങ്കളാഴ്ച വൈകിട്ട് നടന്ന കോണ്‍ഫ്രന്‍സ് കോളില്‍ തങ്ങള്‍ പ്രതീക്ഷാനിരഭരരായി കാത്തിരിക്കുകയാണെന്നു സച്ചിന്‍ പറഞ്ഞു. പോലീസ് ഗൗരവ പൂര്‍വം അന്വേഷിക്കുന്നു എന്നത് നല്ല കാര്യമായി കാണുന്നു.

തങ്ങള്‍ക്കറിയാവുന്ന വിവരങ്ങളെല്ലാം പോലീസില്‍ നല്‍കി.

വണ്ടിയിലുള്ള ജി.പി.എസ്., സെല്‍ ഫോണിന്റെ ജി.പി.എസ്. എന്നിവയൊക്കെ പരിശോധിച്ചാല്‍ വാഹനം എവിടെ എന്നു ക്രുത്യമായി കണ്ടെത്താനാവും. പ്രൈവസി നിയമങ്ങള്‍ മൂലം അതിനു ചില നൂലാമാലകളുണ്ട്. എങ്കിലും അതു കണ്ടെത്താന്‍ ഇന്ന് (ചൊവ്വാഴ്ച) അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

സന്ദീപും കുടുംബവും താമസിച്ച ക്ലമാത്തിലെ ഹോളിഡേ ഇന്നില്‍ നിന്ന്രാത്രി ഡിന്നറിനു കുടുംബം സാനോസെയിലെ കസിന്റെ വീട്ടില്‍ എത്തേണ്ടതായിരുന്നു. പക്ഷെ അവര്‍ എത്തിയില്ലെന്നു മാത്രമല്ല പിന്നീട് വിവരം ലഭിക്കാതായതോടെയാണു പോലീസില്‍ പരാതി നല്‍കിയത്.

ഇതിനിടെ വെള്ളിയാഴ്ച ഉച്ചക്കു 1:10-നു ഒരു വാഹനം ഹൈവേ 101-ല്‍ കണ്‍ഫ്യൂഷന്‍ ഹില്ലിലിനു സമീപം ഈല്‍ നദിയിലേക്കു പതിച്ചു എന്ന് ഒരാള്‍ പോലീസില്‍ അറിയിക്കുകയുണ്ടായി. വാഹനം ഏതെന്നോ അതില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്നോ അറിയില്ല. കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായി മുങ്ങിയിരുന്നു. കനത്ത ജലപ്രവാഹം മൂലം അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഹെലിക്കോപ്പ്ടര്‍ ഉപയോഗിച്ചും സ്ഥലത്തു പരിശോധന നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. നദിയില്‍ വലിയ വേള്ളപ്പോക്കമാണ്. അതിനു കുറവുണ്ടായാല്‍ മാത്രമേ വാഹനം എവിടെ എന്നു കണ്ടെത്താനാകു.

എന്തിനോ നിര്‍ത്തിയ വാഹനം പുറകോട്ട് എടുക്കുമ്പോള്‍ താഴേക്കു പതിക്കുകയായിരുന്നുവത്രെ. 

വാഹനത്തിന്റെ ചില ഭാഗങ്ങള്‍ കിട്ടിയിട്ടുണ്ട്. ചുവന്ന ഹോണ്ടാ പൈലറ്റിലാണു കുടുംബം സഞ്ചരിച്ചിരുന്നത്. 
കാലിഫോര്‍ണിയയില്‍ നിന്നു ഓറിഗണിലെ പോര്‍ട്ട്‌ലന്‍ഡില്‍ വന്ന ശേഷംമടങ്ങിയതാണ്. ഈ മാസം നാലാം തീയതി കാലിഫോണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ താമസിച്ചു. ആറിനു ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്‌സസിലുള്ള സന്ദീപിന്റെ കസിന്റെ ഭര്‍ത്താവ് അനൂപ് വിശ്വംഭരന്‍ ഇ-മലയാളിയോടു പറഞ്ഞു. 

രാത്രി സാനോസെയിലുള്ള കസിന്‍ കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു പറഞ്ഞിരുന്നത്. ക്ലമാത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. ഡിന്നറിനു ശേഷം അവിടെ തങ്ങാതെ ഹോട്ടലിലേക്കു പോകാനായിരുന്നു പരിപാടി.

എന്നാല്‍ അര്‍ദ്ധരാത്രി വരെ കാത്തിരുന്നിട്ടും അവര്‍ എത്തിയില്ല. വിളിച്ചിട്ടും കിട്ടാതായതോടെയാണു സാനോസെ പോലീസില്‍ ഐ.ടി ഉദ്യോഗസ്ഥനായ കമല്‍ പരാതി നല്‍കിയത്. നാട്ടിലെ വീട്ടില്‍ വല്ല വിവരവുമുണ്ടോ എന്നും വിളിച്ചു ചോദിച്ചിരുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക: 813-616-3091.

കോണ്‍ഫറന്‍സ് കോള്‍ വിളിച്ചത് ഫോമാ നേതാവ് സാജു ജോസഫാണ്. മങ്കയുടെ പ്രസിഡന്റ് ജയിംസ്, ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ് എന്നിവരും തുണച്ചു. ജെ.എഫ്.എ. പ്രസിഡന്റ് പ്രേമാ ആന്റണി, ജനറല്‍ സെക്രട്ടറി ആനി ലിബു, ടോജോ തോമസ്, ഫാ. എ .വി. വർഗീസ്,
 ഫോമയുടെയും ഫൊക്കാനയുടെയും വിവിധ നേതാക്കള്‍ എന്നിവരടക്കം നിരവധി പേര്‍ കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്തു. സാന്‍ ഫ്രാന്‍സിസ്‌കോ ഡപ്യുട്ടി കോണ്‍സല്‍ ജനറല്‍ രോഹിത് രതീഷ് കോണ്‍സുലേറ്റും ഇന്ത്യന്‍ അധിക്രുതരും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

ആനി ലിബു നാട്ടിലുള്ള സന്ദീപിന്റെ പിതാവിനെ വിളിച്ച് സംസാരിക്കുകയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു 
see the reports in local media


സന്ദീപും കുടുംബവും സുരക്ഷിതരായി മടങ്ങി എത്താന്‍ പ്രാര്‍ഥനാ നിരതരായി ഇന്ത്യന്‍ സമൂഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക