Image

കണ്ടിരിക്കാം ഈ കിനാവുകള്‍

Published on 11 April, 2018
  കണ്ടിരിക്കാം ഈ കിനാവുകള്‍
നല്ല ക്യാരക്‌ടര്‍ വേഷങ്ങള്‍ ചെയ്‌തിരുന്ന ബിജു മേനോന്‍ സമീപ കാലത്തായി ഒരു പക്കാ കൊമേഡിയന്റെ കൂടി റോള്‍ മലയാള സിനിമയില്‍ ചെയ്‌തു വരികയാണ്‌. പലതും വിജയവുമാണ്‌.

പരാജയം രുചിച്ച ചിത്രങ്ങളാണെങ്കിലും അതിലെ ബിജു മേനോന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഈ അടുത്ത കാലത്തായി ബിജു മേനോന്‍ ഒരേ അച്ചിലിട്ടു വാര്‍ത്ത പോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്‌.

പ്രമോദ്‌ മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഒരായിരം കിനാക്കളാല്‍ എന്ന ചിത്രം മലയാള്‌തതില്‍ പല തവണ പറഞ്ഞു പഴകിയിട്ടുള്ള പ്രമേയമാണ്‌.

പണമുണ്ടാക്കാനുളള പാച്ചിലും അതിനിടയില്‍ വന്നു പെടുന്ന മണ്ടത്തരങ്ങളും പ്രതിസന്ധികളും കുടുംബത്തിലെ പ്രശ്‌നങ്ങളും എല്ലാത്തിന്റെയും നടുവില്‍ നട്ടം തിരിയുന്ന നായകനും. പതിവു ഫോര്‍മുലയില്‍ നിന്നും ഒട്ടും മാറാതെയാണ്‌ ഈ ചിത്രവും എടുത്തിട്ടുള്ളത്‌.

ലണ്ടനില്‍ നിന്നു തിരിച്ചെത്തിയ ശ്രീറാം(ബിജു മേനോന്‍) തന്റെ പക്കലുള്ള പണമെല്ലാം ധൂര്‍ത്തടിച്ചു കളയുകയാണ്‌. ഒരു മണ്ടത്തരത്തിലൂടെയാണ്‌ അയാള്‍ക്ക്‌ തന്റെ പണം നഷ്‌ടപ്പെടുന്നത്‌. പിന്നീട്‌ അയാള്‍ ഈ പണമെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തുന്നു.

ഇയാളുടെ അത്യാവശ്യം തിരിച്ചറിഞ്ഞ്‌ മറ്റൊരാള്‍ കൂടി സഹായിക്കാനെന്ന വ്യാജേന കൂടെ കൂടുന്നു. വളഞ്ഞ വഴിയിലൂടെ കാശുണ്ടാക്കുകയാണ്‌ ശ്രീറാമിന്റെ ശ്രമം. വീട്ടുകാരറിയാതെ അയാള്‍ ചെയ്‌തു കൂട്ടുന്നതെല്ലാം ഒടുവില്‍ വലിയ കുരുക്കുകളായി തീരുകയാണ്‌.

അങ്ങനെ ശ്രീറാം നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതില്‍ നിന്ന്‌ അയാള്‍ രക്ഷപെടാന്‍ നടത്തുന്ന ശ്രമങ്ങളുമൊക്കയാണ്‌ ചിത്രത്തെ മുന്നോട്ടു നയിക്കുന്ന സംഭവവികാസങ്ങള്‍.

കുശാഗ്രബുദ്ധിക്കാരനും കൗശലക്കാരനും തമാശക്കാരനുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ബിജു മേനോന്റെ പ്രത്യേക വൈഭവം പല ചിത്രങ്ങളിലും കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക്‌ അദ്ദഹേത്തിന്റെ നിഷ്‌ക്കളങ്കത യുള്ള കഥാപാത്രം പുതിയൊരു അനുഭവമായിരിക്കും.

തിരക്കഥയിലെ പോരായ്‌മ കൊണ്ട്‌ മികച്ച ഹാസ്യ രംഗങ്ങളൊരുക്കാനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ പലപ്പോഴും പാളിപ്പോവുകയാണ്‌. ബിജു മേനോനൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ്‌ കലാഭവന്‍ ഷാജോണിന്റെയും.

പണമുണ്ടാക്കാന്‍ എന്തു കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ചിലപ്പോഴെങ്കിലും നന്‍മയുടെ ഒരു ചെറിയ വെട്ടം അയാളുടെ കഥാപാത്രത്തില്‍ പ്രേക്ഷകന്‌ കാണാന്‍ കഴിയുന്നു. അങ്ങേയറ്റം വില്ലനായ കഥാപാത്രത്തെ ഷാജോണ്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

എന്നാല്‍ പണമുണ്ടാക്കാന്‍ ധാര്‍മ്മികതയുടെ പാത വിട്ട്‌ നായകന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ന്യായീകരിക്കുന്നതും അതൊരു കുറ്റമല്ലാത്ത രീതിയില്‍ അവതരിപ്പിക്കുന്നതും നല്ലതാണോ എന്ന്‌ ആലോചിക്കേണ്ടതാണ്‌.

സായ്‌കുമാര്‍, റോഷന്‍ മാത്യു, കൃഷ്‌ണ കുമാര്‍, സാക്ഷി അഗര്‍വാള്‍, നിര്‍മല്‍ പാലാഴി, ഷാരു വര്‍ഗീസ്‌ തുടങ്ങിയവര്‍ തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി.

രണ്‍ജി പണിക്കര്‍, ജോസ്‌ മോന്‍ സൈമമ്‌, ബ്രിജേഷ്‌ മുഹമ്മദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്‌. വലിയ കോമഡികളൊന്നും പ്രതീക്ഷിക്കാതെ നേരം കളയാനും അല്‍പമൊന്നു വിശ്രമിക്കാനും മാത്രം ലക്ഷ്യമിട്ടു പോകുന്നവരെ ഒരായിരം കിനാക്കളാല്‍ നിരാശപ്പെടുത്തില്ല.








































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക