Image

വയല്‍ക്കിളികളുടെ വീട്ടില്‍ പി ജയരാജന്റെ സന്ദര്‍ശനം

Published on 11 April, 2018
വയല്‍ക്കിളികളുടെ വീട്ടില്‍ പി ജയരാജന്റെ സന്ദര്‍ശനം
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളി സമരത്തെ പ്രതിരോധിക്കാന്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ പുതിയ നീക്കം. സമരവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി പുറത്താക്കിയ 11 പേരെ തിരിച്ചെടുക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റിയുടെ അടിയന്തിര യോഗത്തില്‍ ഇത്‌ സംബന്ധിച്ച തീരുമാനമെടുത്തതായാണ്‌ സൂചന.

ഇതിന്റെ ഭാഗമായി കീഴാറ്റൂര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സി പി എം ശ്രമം തുടങ്ങി. വയല്‍ക്കിളികള്‍ ലോംഗ്‌ മാര്‍ച്ച്‌ ഉള്‍പ്പെടെ സമരം ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നതിനിടെയാണ്‌ സമരക്കാരെ അനുനയിപ്പിക്കാന്‍ സി പി എം രംഗത്തിറങ്ങിയത്‌. ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെയാണ്‌ അനുനയ ശ്രമങ്ങള്‍ക്കിറങ്ങിയത്‌. ഇന്ന്‌ രാവിലെ ഏഴോടെയാണ്‌ അതീവരഹസ്യമായി സി പി എം ജില്ലാ സെക്രട്ടറി കീഴാറ്റൂരിലെത്തിയത്‌. സി പി എമ്മില്‍ നിന്ന്‌ പുറത്താക്കിയ സമരക്കാരുടെ വീടുകള്‍ ജയരാജന്‍ സന്ദര്‍ശിച്ചു. ലോംഗ്‌ മാര്‍ച്ച്‌ അടക്കമുള്ള സമരമുറകളില്‍ നിന്ന്‌ പിന്‍മാറണമെന്നാവശ്യപ്പെട്ടാണ്‌ സന്ദര്‍ശനം.

സമരത്തില്‍ നിന്ന്‌ പിന്‍മാറുകയാണെങ്കില്‍ അവര്‍ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കാമെന്ന ഉറപ്പും ജയരാജന്‍ സമരക്കാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ബി ജെ പിയും ആര്‍ എസ്‌ എസും വയല്‍ക്കിളി സമരത്തില്‍ നിന്ന്‌ മുതലെടുപ്പ്‌ നടത്തുകയാണ്‌. അത്തരം സന്ദര്‍ഭം ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ മറ്റ്‌ സമരക്കാരെയും ബോധ്യപ്പെടുത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വയല്‍കിളി സമരത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന്‌ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രസന്നന്‍, എം ബാലന്‍ എന്നിവര്‍ ജയരാജനോട്‌ പറഞ്ഞു. മറ്റ്‌ പ്രവര്‍ത്തകര്‍ രാവിലെ തന്നെ ജോലിക്ക്‌ പോയതിനാല്‍ അവരുടെ കുടുംബാംഗങ്ങളെ ജയരാജന്‍ സന്ദര്‍ശിച്ചു. വെള്ള പേപ്പറില്‍ ഒപ്പിട്ടുനല്‍കാന്‍ അഭ്യര്‍ത്ഥിച്ചതായും സൂചനയുണ്ട്‌. എന്നാല്‍ വയല്‍കിളികള്‍ ബി ജെ പിയുമായി കൈകോര്‍ത്തതോടെ പാര്‍ട്ടിയിലേക്ക്‌ തിരിച്ചുവരാന്‍ പ്രവര്‍ത്തകര്‍ താല്‍പര്യം പ്രകടിപ്പിച്ചതിനാലാണ്‌ ജയരാജന്‍ എത്തിയതെന്നാണ്‌ പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക