Image

വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന്‌ പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

Published on 11 April, 2018
വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന്‌ പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍
കൊച്ചി: വരാപ്പുഴയില്‍ യുവാവ്‌ പോലീസ്‌ കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ മൂന്ന്‌ പോലീസുകാരെ സസ്‌പെന്റ്‌ ചെയ്‌തു. ഐജി എസ്‌ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്‌. ശ്രീജിത്തിന്റെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ നടപടിയെന്ന്‌ ആലുവ റൂറല്‍ എസ്‌.പി. അറിയിച്ചു.

കളമശ്ശേരി എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥരായ ജിതിന്‍ രാജ്‌, സന്തോഷ്‌ കുമാര്‍, സുമേഷ്‌ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്‌ നടപടി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്‌ ഇവരായിരുന്നു.

ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ ബിജെപി ഇന്നലെ രാത്രി ദേശീയപാത ഉപരോധിച്ചിരുന്നു. ഒടുവില്‍ ജില്ലാകളക്ടര്‍ സ്ഥലത്തെത്തി പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌ത വിവരം അറിയിച്ചതോടെയാണ്‌ പ്രതിഷേധം അവസാനിച്ചത്‌.

ഇതിനിടെ ആളുമാറിയാണ്‌ ശ്രീജിത്തിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തതെന്ന ആരോപണവുമായി മരിച്ച വാസുദേവന്റെ മകന്‍ വീനീഷ്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ വാദം കളവാണെന്നും ശ്രീജിത്തിനേയും സഹോദരന്‍ സജിത്തിനേയും പൊലീസ്‌ സ്റ്റേഷനില്‍ വെച്ച്‌ തിരിച്ചറഞ്ഞതായി വിനീഷ്‌ മൊഴി തന്നിരുന്നെന്നും എറണാകുളം റൂറല്‍ പൊലീസ്‌ അറിയിച്ചു.

അടിവയറ്റിലേറ്റ മര്‍ദനമാണ്‌ മരണകാരണമെന്ന്‌ വ്യക്തമായതോടെയാണ്‌ വിശദമായ അന്വേഷണത്തിന്‌ ഡി.ജി.പി ഉത്തരവിട്ടത്‌. ഐ ജി എസ്‌ ശ്രീജിത്തിനൊപ്പം ക്രൈംബ്രാഞ്ച്‌ എസ്‌ പി മാരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

വരാപ്പുഴയില്‍ വീട്‌ ആക്രമിച്ചതിനെ തുടര്‍ന്ന്‌ ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തിലാണ്‌ ശ്രീജിത്ത്‌ അടക്കം പത്ത്‌ പേരെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌. തുടര്‍ന്നായിരുന്നു ശ്രീജിത്തിന്റെ മരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക