Image

ചന്ദ കൊച്ചാറിന്റെ രാജിക്ക്‌ സമ്മര്‍ദം; സ്ഥാനമൊഴിയുമെന്ന്‌ ശിഖ ശര്‍മ

Published on 11 April, 2018
ചന്ദ കൊച്ചാറിന്റെ രാജിക്ക്‌ സമ്മര്‍ദം; സ്ഥാനമൊഴിയുമെന്ന്‌ ശിഖ ശര്‍മ

ന്യൂഡല്‍ഹി : വായ്‌പത്തട്ടിപ്പ്‌ കേസില്‍ അന്വേഷണം നേരിടുന്ന ഐസിഐസിഐ ബാങ്ക്‌ മാനേജിങ്‌ ഡയറക്ടര്‍ ചന്ദ കൊച്ചാറിനുമേല്‍ രാജിക്ക്‌ സമ്മര്‍ദമേറി. അതേസമയം, കിട്ടാക്കടം പെരുകിയ ആക്‌സിസ്‌ ബാങ്കിന്റെ മാനേജിങ്‌ ഡയറക്ടര്‍ ശിഖ ശര്‍മ വര്‍ഷാവസാനത്തോടെ സ്ഥാനമൊഴിയുമെന്ന്‌ വെളിപ്പെടുത്തി.

റിസര്‍വ്‌ബാങ്കിന്റെ അതൃപ്‌തി പുറത്തുവന്നതോടെയാണ്‌ ആക്‌സിസ്‌ ബാങ്കിന്റെ മാനേജിങ്‌ ഡയറക്ടര്‍ ശിഖ ശര്‍മ ഡിസംബറില്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച്‌ ഡയറക്ടര്‍ ബോര്‍ഡിന്‌ കത്ത്‌ നല്‍കിയത്‌. ശിഖ ശര്‍മയ്‌ക്ക്‌ നാലാം തവണയും സ്ഥാനം നീട്ടിനല്‍കിയതിനെ റിസര്‍വ്‌ബാങ്ക്‌ ചോദ്യം ചെയ്‌തിരുന്നു. 2018 ജൂണ്‍ ഒന്നുമുതല്‍ മൂന്നുവര്‍ഷത്തേക്കു കൂടി ശിഖ ശര്‍മയ്‌ക്ക്‌ പുനര്‍നിയമനം നല്‍കാന്‍ കഴിഞ്ഞ ഡിസംബറിലാണ്‌ ബാങ്ക്‌ ഡയറക്ടര്‍ബോര്‍ഡ്‌ തീരുമാനിച്ചത്‌.

ഈ തീരുമാനത്തിന്‌ റിസര്‍വ്‌ബാങ്കിന്റെ അംഗീകാരം തേടിയിരുന്നു. ആക്‌സിസ്‌ ബാങ്കിന്റെ കിട്ടാക്കടം പെരുകുന്നത്‌ റിസര്‍വ്‌ബാങ്ക്‌ നിരീക്ഷിച്ചുവരികയാണ്‌. കിട്ടാക്കടം തരംതിരിക്കല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്‌ ബാങ്കിന്‌ റിസര്‍വ്‌ബാങ്ക്‌ മൂന്നുകോടി രൂപ പിഴ ചുമത്തി. ഇതേതുടര്‍ന്നാണ്‌ ശിഖ ശര്‍മയെ തുടരാന്‍ അനുവദിക്കുന്നതിനോട്‌ റിസര്‍വ്‌ബാങ്ക്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌.

3250 കോടി രൂപയുടെ വായ്‌പ ക്രമക്കേട്‌ പുറത്തുവന്നതോടെ ഐസിഐസിഐ ബാങ്കിന്റെ കോര്‍പറേറ്റ്‌ ഭരണത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടെന്ന്‌ രാജ്യാന്തര ഏജന്‍സികള്‍ വിലയിരുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക