Image

റേഡിയോ ജോക്കി വധം: വഴിത്തിരിവായത്, കൊലപാതകികള്‍ ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങള്‍

Published on 11 April, 2018
റേഡിയോ ജോക്കി വധം: വഴിത്തിരിവായത്, കൊലപാതകികള്‍ ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങള്‍
മുന്‍ റേഡിയോ ജോക്കി രാജേഷിനെ വധിച്ച കേസില്‍ വഴിത്തിരിവായത്, പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍. കരുനാഗപ്പള്ളി കന്നേറ്റി പാലത്തിനടുത്ത് കായലില്‍ നിന്നും കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. മാര്‍ച്ച് 27 നാണ് മടവൂര്‍ പടിഞ്ഞാറ്റേല ഐക്കരഴികം ആശാനിവാസില്‍ രാജേഷിനെ (35) മടവൂര്‍ പോസ്റ്റാഫീസ് ജംഗ്ഷനിലെ കടമുറിക്കുള്ളില്‍ കൊലപ്പെടുത്തിയത്. അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയത്ത് തെക്കേതില്‍ വീട്ടില്‍ തന്‍സീര്‍ (24), ശക്തികുളങ്ങര കുന്നിന്മേല്‍ ചേരിയില്‍ ആലോട്ട് തെക്കതില്‍ വീട്ടില്‍ സനു (33), ഓച്ചിറ മേമന വലിയകുളങ്ങര എം.എ. കോട്ടേജില്‍ യാസിന്‍ മുഹമ്മദ് (23), കുണ്ടറ ചെറുമൂട് എല്‍.എസ്. നിലയത്തില്‍ സ്ഫടികം സ്വാതി സന്തോഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന രാജേഷിന്റെ സഹപ്രവര്‍ത്തകന്‍ വെള്ളല്ലൂര്‍ സ്വദേശി കുട്ടനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.

കുട്ടന്റെ മൊഴിയില്‍ നിന്നാണ് കൊലയാളി സംഘം എത്തിയത് ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാറിലാണെന്ന നിര്‍ണായക വിവരം ലഭിച്ചത്. സംഭവസ്ഥലം മുതല്‍ കാര്‍ പോയ വഴി കണ്ടെത്തുകയും കാര്‍ ഉടമയെ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് രണ്ടാഴ്ചകൊണ്ട് പ്രധാനപ്രതിയടക്കം അഞ്ചുപേരെ പിടികൂടാന്‍ കഴിഞ്ഞത്. രണ്ടാം പ്രതിയായ അപ്പുണ്ണി എന്ന രാജനും കൊലയ്ക്കു ക്വട്ടേഷന്‍ നല്‍കിയ വിദേശമലയാളി സത്താറുമാണ് പിടിയിലാകാനുള്ളത്. അടുത്ത ദിവസങ്ങളില്‍ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് റൂറല്‍ എസ്.പി. പറഞ്ഞു. ഖത്തറിലുള്ള സത്താറിന്റെ ബിസിനസും കുടുംബവും തകര്‍ത്തത്തിലുള്ള പകയാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമായതും കൊലയിലേക്ക് നയിച്ചതുമെന്നു പോലീസ് പറഞ്ഞു. തെളിവെടുപ്പിന്റെ ഭാഗമായി സത്തറിന്റെ ഭാര്യയേയും നാട്ടില്‍ എത്തിക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചു.
റൂറല്‍ എസ്.പി: അശോക് കുമാറിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിെവെ.എസ്.പി: പി. അനില്‍കുമാര്‍, സി.ഐമാരായ വി.എസ്. പ്രദീപ്കുമാര്‍, എം. അനില്‍കുമാര്‍, പി.വി. രമേഷ്‌കുമാര്‍, റൂറല്‍ ഷാഡോ ടീം അംഗങ്ങള്‍ എന്നിവര്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.

കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളും വെട്ടുകത്തിയും കരുനാഗപ്പള്ളി കന്നേറ്റിക്കായലില്‍നിന്നു കണ്ടെടുക്കാന്‍ പ്രതി മുഹമ്മദ് സാലിഹാണു പോലീസിനെ സഹായിച്ചത്. വധത്തിനായി ഉപയോഗിച്ച ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും കന്നേറ്റിക്കായലില്‍ ഉപേക്ഷിച്ചെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. കൊലയ്ക്കുശേഷം കായംകുളത്തേക്കു പോയ പ്രതികള്‍ ആയുധങ്ങള്‍ ചവറ പാലത്തിനു താഴെ കായലില്‍ കളയാന്‍ ശ്രമിച്ചിരുന്നെന്നും വീതി കുറഞ്ഞ കായലില്‍ കളയേണ്ടെന്നു സാലിഹ് പറഞ്ഞതിനെത്തുടര്‍ന്ന് കന്നേറ്റിക്കായലില്‍ ആയുധങ്ങളും വസ്ത്രങ്ങളും ഉപേക്ഷിക്കുകയായിരുന്നുവത്രേ. ഖത്തറില്‍ യാത്രാവിലക്കുള്ള സത്താറിനെ നാട്ടില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക