Image

ഇരട്ടച്ചങ്കനായി തച്ചങ്കരി: കെ.എസ്.ആര്‍.ടി.സി, ക്രൈം റെക്കോഡ്‌സ് ബ്യൂറോ മേധാവി

Published on 11 April, 2018
ഇരട്ടച്ചങ്കനായി തച്ചങ്കരി: കെ.എസ്.ആര്‍.ടി.സി, ക്രൈം റെക്കോഡ്‌സ് ബ്യൂറോ മേധാവി
അഗ്‌നിരക്ഷാ സേനാമേധാവി ഡി.ജി.പി: ടോമിന്‍ ജെ. തച്ചങ്കരിയെ ഗതാഗത കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) സി.എം.ഡിയായി നിയമിച്ചു. ഇതോടെ, തച്ചങ്കരിക്കു ഡബിള്‍ റോളായി. സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എസ്.സി.ആര്‍.ബി) മേധാവി സ്ഥാനത്തോടൊപ്പമാണു തച്ചങ്കരി പുതിയ പദവിയും. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിലെ ലാഭത്തിലാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തച്ചങ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

തിങ്കളാഴ്ച ചുമതലയേല്‍ക്കുന്ന തച്ചങ്കരിയെ കാണാനെത്തിയ ഗതാഗത കോര്‍പ്പറേഷനിലെ യൂണിയന്‍ നേതാക്കളോടു തച്ചങ്കരിയുടെ മറുപടി ഇങ്ങനെ: ഞാന്‍ വരട്ടെ, എല്ലാം ശരിയാകും. പക്ഷേ, യൂണിയന്‍ നേതാക്കളുടെ ജോലിയിലെ പ്രവര്‍ത്തനമികവ് കൃത്യമായി പരിശോധിച്ചിരിക്കുമെന്നും തച്ചങ്കരി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി. എം.ഡിയായിരുന്ന എ. ഹേമചന്ദ്രനാകും അഗ്‌നിരക്ഷാസേനാമേധാവി. ഡി.ജി.പി: എന്‍.ശങ്കര്‍ റെഡ്ഡിയെ പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ മാനേജിങ് ഡയറക്ടറാക്കി. ഇവിടെനിന്നു നിഥിന്‍ അഗര്‍വാളിനെ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു.

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇരട്ടപദവി ലഭിക്കുന്ന രണ്ടാമത്തെ ഐ.പി.എസുകാരനാണു ടോമിന്‍ തച്ചങ്കരി. നേരത്തെ ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നീ തസ്തികകള്‍ ഒരേസമയം വഹിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി. സി.എം.ഡിയായി മാത്രം നിയമിച്ചാല്‍ അത് തരംതാഴ്ത്തലിനു തുല്യമാകുമെന്നു തച്ചങ്കരി മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെതുടര്‍ന്നാണു പോലീസിലെ പദവികൂടി നല്‍കി അദ്ദേഹത്തെ ഗതാഗത കോര്‍പ്പറേഷനിലേക്കു നിയമിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക