Image

പൈശാചിക ചിന്തവന്നാല്‍..കല ഷിബു

Published on 13 April, 2018
പൈശാചിക ചിന്തവന്നാല്‍..കല ഷിബു
റിക്ഷാമാമന്‍ ഇറക്കി വിട്ട സ്‌കൂള്‍ ബോര്‍ഡിങ്ങുനു മുന്നിലെ ഗേറ്റിലൂടെ വലിയ ബാഗും തൂക്കി ഓടുന്ന ഒരു ഒന്‍പതു വയസ്സുകാരി..
കെട്ടടത്തിന്റെ അകത്തൂടെ കടന്നു സ്‌കൂളിലേയ്ക്ക് ഉള്ള വഴിയില്‍ എത്താറായി..
എതിരെ വന്ന ഒരു മനുഷ്യനെ അവള്‍ കാണുന്നില്ല..
വൃത്തികെട്ട കൈകള്‍ നെഞ്ചില്‍ അമര്‍ന്നു വേദനിപ്പിക്കുമ്പോള്‍ , പെണ്ണ് എന്ന നിലയ്ക്ക് ആദ്യത്തെ ഭീതി ഉടലെടുത്തു..
ഓടി സ്‌കൂളിനുള്ളില്‍ കേറി..
ക്ലാസ്സില്‍ പേടിച്ചു വിറച്ചിരുന്ന ആ ദിവസം...
അന്നത്തെ ആ അവസ്ഥ പലപ്പോഴും , പിന്നെ കാണേണ്ടി വന്നിട്ടുണ്ട്..കേള്‍ക്കേണ്ടി വന്നിട്ടുണ്ട്..
എത്രയോ പെണ്‍കുഞ്ഞുങ്ങളുടെ വാക്കുകളിലൂടെ..
അനുഭവങ്ങളിലൂടെ..
ഭോഗിക്കണം എന്നൊരു പൈശാചിക ചിന്തവന്നാല്‍..
അച്ഛന്‍ , മുത്തച്ഛന്‍ , മാമന്‍, അയല്‍വാസി ,അധ്യാപകന്‍ , അപരിചിതന്‍ ....
എല്ലാവര്‍ക്കും ഒരേ മനസ്സാണ്...

ആണായി പിറന്ന ഓരോരുത്തനും
ലൈംഗികാവയവം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞ നിമിഷം മുതല്‍
അതിന്റെ ശേഷി പൂര്‍ണമായും നിലക്കുന്ന വരെ എന്നെ ഒരു'' പുരുഷനായി'' ജീവിക്കാന്‍ പ്രാപ്തി ഉണ്ടാക്കണമേ എന്നാണ് ആഗ്രഹിക്കേണ്ടത്..
അവനവനോട് പ്രാര്‍ത്ഥിക്കണം..
പുരുഷത്വം എന്താണെന്നു അറിയുന്ന ഒരാള്‍ക്കും ഇതില്‍ കൂടുതല്‍ മനസ്സിലാക്കി കൊടുക്കേണ്ടതില്ല..!

മനസ്സിനേറ്റ രണ്ടാമത്തെ ആഘാതം..
കോളേജില്‍ എത്തിയപ്പോഴും ബസ്സില് യാത്രകള്‍ കുറവാണ്...
കൂട്ടുകാരികളോടൊപ്പം കോളേജ് ബസ്സില് പോകും..
അതല്ലാതെ പ്രൈവറ്റ് ബസ്സില് യാത്ര വീട്ടില്‍ അനുവദിച്ചിട്ടില്ല..
അതൊരു കൊതിയായി അവശേഷിക്കേ, ഒരവസരം കിട്ടി..
സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ..
കൂട്ടുകാരിയോടൊപ്പം ബസ്സില് കേറി..
ആദ്യത്തെ പ്രൈവറ്റ് ബസ് യാത്ര ആണ്...
നല്ല തിരക്കുള്ള ബസ്..
ഇടിച്ചു കേറിക്കോ..
കൂട്ടുകാരി എങ്ങോട്ടോ കേറി നിന്നു..
ഓടുന്ന ബസ്സില് ഒട്ടും ബാലന്‍സ് ഇല്ലാതെ,ഇപ്പോള്‍ വീഴും എന്ന് പേടിച്ചു നില്‍ക്കുക ആണ്..
ശരീരത്തില്‍ ആരുടെയോ ഒരു കൈ അമര്‍ന്നു..
ഒന്നല്ല..
തലകറങ്ങുന്നുണ്ട്..
തിരിഞ്ഞു നോക്കാനോ ഒന്നും ആകുന്ന അവസ്ഥ അല്ല..
മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുന്നതല്ലാതെ പറ്റുന്നില്ല..
ആരും ശ്രദ്ധിച്ചില്ല എന്ന് കരുതാന്‍ വയ്യ..
ദയനീയതയോടെ ഒരു പെണ്‍കുട്ടി നോക്കിയാല്‍ എന്താ പ്രശ്നം എന്ന് ചോദിക്കാനുള്ള മനസ്സ് ആര്‍ക്കും ഉണ്ടായില്ല..
കോളേജിന്റെ മുന്നിലെ സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ പകുതി ബോധം നഷ്ടമായിരുന്നു..
എങ്ങനെയോ ഇറങ്ങി..
വഷളന്‍ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്നു ആണ്‍കുട്ടികള്‍ ..
അവരെന്നെക്കാളും പ്രായം കുറഞ്ഞവര്‍ തന്നെ ആണ്..
സ്‌കൂള്‍ കുട്ടികള്‍ ..
എത്രയോ രാത്രികളില്‍ ദുഃസ്വപ്നം കണ്ടു പേടിച്ചിട്ടുണ്ട്..
ആരോടെങ്കിലും
പ്രശ്നങ്ങളെ തുറന്നു പറയാന്‍ അകാരണമായ പേടി..
തുടര്‍ന്ന് നേരിടേണ്ടി വരുന്ന മാനസിക പീഡനം കൂടി വയ്യ..
വൃത്തികെട്ട നാറ്റമുള്ള ആ കുപ്പായം പിന്നെ ഇടാന്‍ അറപ്പായി..
എത്ര കഴുകിയാലും ആ ഓര്‍മ്മകളിലെ നാറ്റം പോകില്ല..
അമ്മ കാണാതെ അതിനെ ചുരുട്ടി ഒരു മൂലയ്ക്ക് വെച്ചു..
നശിച്ച ഓര്‍മ്മകള്‍ പോകില്ലല്ലോ..

ഇന്ന് യാത്രകളൊക്കെ ബസ്സില് തന്നെ ആണ്..
കൂടെ യാത്ര ചെയ്യുന്ന ഏത് സ്ത്രീയ്ക്കാകട്ടെ ,
അന്നത്തെപോലെ ഒരു ദുരനുഭവം ഉണ്ടായാല്‍ ,
എത്ര ശക്തമായും പ്രതികരിക്കും..
എന്തിനു ഇത്ര പ്രശ്നം ഉണ്ടാക്കി..?
വല്ലോരുടെയും കാര്യത്തില്‍ എന്നൊരു ശാസന എത്ര വട്ടം കേട്ടാലും ഇനിയും പ്രതികരിക്കും..പ്രതികരിച്ചു കൊണ്ടേ ഇരിക്കും..

എന്റെ മകള്‍ക്കു വയസ്സ് 15 ..
കഴിഞ്ഞ ദിവസം അവളുടെ കൂട്ടുകാരികള്‍ക്കും അവളോടും ഒപ്പം പുറത്തിറങ്ങുമ്പോള്‍ ,
സന്തോഷം ...
പറഞ്ഞറിയിക്കാന്‍ വയ്യ..
എന്റെ മോള്‍..
അവളുടെ കൂട്ടുകാരികള്‍ ...
അവരോടൊപ്പം ഞാന്‍.,.!
പുറത്തിറങ്ങുന്ന നേരം ,
ഒരു മുന്നറിയിപ്പ് പോലെ ...
ഒരു മോള്‍ അല്ല..
നാല് പെണ്‍കുഞ്ഞുങ്ങള്‍..
ഇവരുടെ ഒക്കെ സുരക്ഷിതത്വം എന്റെ കയ്യില്‍..
ഉള്ളില്‍ ഒരു ശക്തിയാണ് വന്നത്..
എന്റെ മോള്‍ക്ക് കൊടുക്കാന്‍ ഈ ജീവന്‍ മാത്രമേ ഉള്ളു..
അവളെ പോലെ തന്നെ ആണ് എനിക്ക് മറ്റു പെണ്‍കുഞ്ഞുങ്ങളും...
മരിച്ചു പോയ കുഞ്ഞിന് എന്ത് നീതി കിട്ടുമെന്ന് അറിയില്ല.
അവള്‍ അനുഭവിച്ച യാതനകള്‍; എന്റെ ശരീരത്തില്‍ എന്ന പോലെ വേദനിപ്പിക്കുന്നുണ്ട്..
മയക്കു മരുന്നും മനോരോഗവും ഒന്നും അല്ല..
മനുഷ്യന്റെ മനസ്സിലെ കാടത്തം മാത്രമാണ്...
എന്തിനു കോടതിയും വക്കീലും..?
ജനങ്ങള്‍ക്ക് നടപ്പിലാക്കാന്‍ കഴിയണം ..
അങ്ങനെ ഒരു അവസരം ഏതെങ്കിലും ഒരു അമ്മയ്ക്ക് കിട്ടട്ടെ..!
Join WhatsApp News
josecheripuram 2018-04-13 20:43:01
Every parent's duty is to teach the boys to respect girls.Our society is full of hypocrats,if no one sees you can do anything.I have heard people boasting having relationship with lots of women,It appears having a women in your life is something not "Manly".Girls should be taught  boldly to say "NO" to in appropriate touching.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക