Image

ആസിഫ ബാനോ, മകളെ മാപ്പ് തരൂ ! (പകല്‍ക്കിനാവ്- 100: ജോര്‍ജ് തുമ്പയില്‍)

Published on 13 April, 2018
ആസിഫ ബാനോ, മകളെ മാപ്പ് തരൂ ! (പകല്‍ക്കിനാവ്- 100: ജോര്‍ജ് തുമ്പയില്‍)
ഒരു കോളം തുടര്‍ച്ചയായി എഴുതാന്‍ തുടങ്ങിയിട്ട് ഇതു നൂറു ലക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വായനക്കാരന്‍ നല്‍കിയ ക്രിയാത്മകമായ പിന്തുണയാണ് ഇത്രയും ദീര്‍ഘമായ എഴുത്തിനു പ്രേരകമായത്. അത്തരമൊരു എഴുത്തിന്റെ നൂറാം ലക്കത്തില്‍ എഴുതപ്പെടേണ്ടതാണോ എന്നറിയില്ല, പക്ഷേ, നെഞ്ചില്‍ ഒരു നോവ് പോലെ പൊന്തി നില്‍ക്കുകയാണ് അവള്‍. ആസിഫ ബാനോ- അവള്‍ക്ക് പ്രായം എട്ട്. നാലു ദിവസം അവളെ മൃഗീയമായി തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതിനു ശേഷം കല്ലിനിടിച്ച് കൊലപ്പെടുത്തുക. അമ്മയോ, പെങ്ങളോ, എന്തിന് പെണ്ണ് എന്ന രൂപത്തോട് എതെങ്കിലും തരത്തില്‍ മമതയുള്ള ഏതെങ്കിലുമൊരു പുരുഷന്‍ ഇതു നിര്‍വ്വഹിക്കുമോ? ചെയ്തിരിക്കുന്നു, അതും എന്റെ മാതൃരാജ്യമായ ഇന്ത്യയില്‍. എനിക്ക് ആലോചിക്കാനേ വയ്യ. കുഞ്ഞുടുപ്പും, കളിപ്പാട്ടങ്ങളുമായി ഓടി നടക്കേണ്ട ബാല്യത്തില്‍ അവളെ കംസന്റെ രാക്ഷസന്മാരെ പോലെ ഒരു സംഘം ചേര്‍ന്നു നിഗ്രഹിക്കുക. എത്ര നികൃഷ്ടമായി. എത്ര ക്രൂരമായി. എങ്ങനെ ഇവര്‍ക്ക് അതിനു മനസ്സു വന്നു. മൃഗത്തിനു പോലും ചെയ്യാന്‍ അറപ്പുളവാക്കുന്നത്, ഒരു പിഞ്ചു കുഞ്ഞിനോട് ഇവര്‍ക്ക് എങ്ങനെ ചെയ്യാന്‍ തോന്നി. മകളെ, ആസിഫ ബാനോ- മാപ്പ്. മരിച്ച് മറ്റൊരു ലോകത്തു നിന്ന് ഇതൊക്കെയും നീ കാണുന്നുണ്ടാവും. എങ്കിലും, മാപ്പു തരു മകളെ, എല്ലാ മനുഷ്യര്‍ക്കും വേണ്ടി എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാനും മാപ്പു ചോദിക്കുന്നു. ഈ നൂറാം ലക്കം നിനക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു, ആസിഫ.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരി ആസിഫയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തി. ആസിഫയെ ക്രൂരമായ ബലാംത്സംഗത്തിന് ഇരയാക്കുകയും തല കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്ത നിലയിലുമായിരുന്നു. കശ്മീരില്‍ നിന്നുള്ള വാര്‍ത്ത പുറം ലോകത്ത് എത്താന്‍ വൈകി. ഒരു മനുഷ്യനോടും ചെയ്യാന്‍ പാടില്ലാത്തതാണ് ഒരു പിഞ്ചു കുഞ്ഞിനോട് മനുഷ്യന് എന്ന് അഭിമാനിക്കുന്ന ഈ മൃഗതുല്യര്‍ ചെയ്തത്. ആ കുഞ്ഞിനെ മയക്കുമരുന്ന് നല്‍കി ഉറക്കിയശേഷം പരിശുദ്ധമായ ക്ഷേത്രത്തിനകത്ത് വച്ച് എട്ട് പേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. എങ്ങനെ തോന്നി, ആ എട്ടു പേര്‍ക്കും ആ കുഞ്ഞിനെ ആ വിധത്തില്‍ പീഢിപ്പിക്കാന്‍. അവരൊന്നും വന്നത്, ഒരു സ്ത്രീയുടെ വയറ്റില്‍ നിന്നുമല്ലേ? ഇപ്പോള്‍, പോലീസ് നല്‍കിയ കുറ്റപത്രത്തില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളുടെ വിവരങ്ങളാണുള്ളത്. സംഭവത്തില്‍ സഞ്ജിറാം മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് പ്രതികള്‍. ഇവരെ എന്തു ചെയ്യണമെന്ന് മനസാക്ഷി മരവിച്ചിട്ടില്ലാത്ത നീതിപീഠം തീരുമാനിക്കട്ടെ..

ആ പിഞ്ചു കുഞ്ഞ് തന്റെ അവസാന നിമിഷങ്ങളില്‍ അനുഭവിക്കേണ്ടിവന്ന വേദനയ്ക്ക് മുന്നില്‍ ഒരു കണ്ണീരുകൊണ്ടും പകരം വീട്ടാനാകില്ലെന്നത് കുറ്റപത്രത്തില്‍ നിന്നും വ്യക്തം. കൊല്ലപ്പെടുന്നതിന് മുന്‍പ് ആസിഫ മൂന്ന് തവണയാണ് കൂട്ടബലാംത്സംഗത്തിനിരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറ് പേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാംത്സംഗത്തിനിരയാക്കുന്നത്. ആസിഫയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്. അതു വായിച്ചാല്‍ തല മരച്ച് ഇരുന്നു പോവുകയേ ഉള്ളു.

ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്ന് മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക ലക്ഷ്യത്തോടെയായിരുന്നു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോവലും ബലാത്സംഗം ചെയ്യലുമെന്നാണ് വിവരം. റവന്യൂവകുപ്പില്‍നിന്ന് വിരമിച്ച സഞ്ജിറാമാണ് ബലാംത്സംഗ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാംത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണ്. ഇയാളെ കൂടാതെ മകന്‍ വിശാല്‍ ഗംഗോത്രയും, പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ഈ കൊടും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. എസ്പിഒ ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്നാണ് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് വാങ്ങിക്കുന്നത്. തട്ടികൊണ്ടുപോയ പെണ്‍കുട്ടിയെ സഞ്ജി റാമിന്റെ നിര്‍ദേശ പ്രകാരം മരുമകന്‍ മയക്ക് മരുന്ന് നല്‍കി ക്ഷേത്രത്തിനുള്ളിലെത്തിച്ച് അടച്ചിടുകയായിരുന്നുവത്രേ. ഖജൂരിയയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇടയ്ക്കിടെ മുറിയില്‍ കയറി പെണ്‍കുട്ടിയ്ക്ക് മയക്ക് മരുന്ന് നല്‍കിയിരുന്നു. സഞ്ജി റാമിന്റെ മരുമകന്‍ തന്നെയാണ് പെണ്‍കുട്ടിയെ ആദ്യം ബലാംത്സംഗം ചെയ്തത്. മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുറ്റകൃത്യത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. സഞ്ജിറാം എന്ന പിതാവ് ! അയാളുടെ മകനും മരുമകനും ഒക്കെ ഈ കുഞ്ഞിനെ പീഢിപ്പിച്ചിരിക്കുന്നു. കുട്ടികളെ നല്ല രീതിയില്‍ നടത്താന്‍ ഉപദേശിക്കേണ്ട ഒരു പിതാവ് ചെയ്ത നടപടികള്‍. ഇയാളൊക്കെയും എന്തിന് ആര്‍ക്കു വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നു?

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേവസ്ഥാനത്ത് തന്നെ പ്രതികള്‍ മാറി മാറി കുഞ്ഞിനെ ബലാംത്സംഗം ചെയ്തുകൊണ്ടിരുന്നു. സംഭവം അറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക് ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കി ഒതുക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് സഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരമാണ് മകനും മരുമകനും ചേര്‍ന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയില്‍ എത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലുന്നതിന് തൊട്ടുമുന്‍പും പൊലീസുകാരനായ ഖജൂരിയ ഒരിക്കല്‍ കൂടി കുട്ടിയെ ബലാംത്സംഗം ചെയ്‌തെന്നും മരണം ഉറപ്പിക്കാനാണ് പാറക്കല്ലുകൊണ്ട് ഇടിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഇതു വായിക്കുമ്പോള്‍ ആസിഫയുടെ സ്ഥാനത്ത് നിങ്ങളുടെ മകളുടെ മുഖമാണോ ഓര്‍മ്മ വരുന്നത്? അതോ, കുഞ്ഞു പെങ്ങളുടെയോ? ഒരു നിമിഷം ഓര്‍ത്തു നോക്കൂ, നമ്മളൊക്കെ എന്തിനാണ് മനുഷ്യരാണെന്ന രീതിയില്‍ ഇങ്ങനെ ക്രൂരത കാട്ടി ഈ ഭൂമുഖത്ത് ജീവിക്കുന്നത്? ആരെ ബോധ്യപ്പെടുത്താനാണ്. ഒരു പിഞ്ചു കുഞ്ഞിന്റെ രോദനത്തില്‍ ഒരു കോടി ഈശ്വരവിലാപങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. എന്നിട്ടും ഒന്നു ഉറക്കെ കാറാന്‍ പോലും കഴിയാതെ ഈ കുഞ്ഞ് കിടന്നത് ഈശ്വരസന്നിധിയിലായിരുന്നല്ലോ? ആ ഈശ്വരനും ഈ കുഞ്ഞിനെ രക്ഷിക്കാനായില്ലല്ലോ... ആസിഫ, മകളെ മാപ്പ് ! ഈ മനുഷ്യസമൂഹം ഇനി നിന്നെയോര്‍ത്ത് അനന്തമായി തേങ്ങും....
(കുറ്റപത്ര പരിഭാഷ പകര്‍ത്തിയിട്ടുണ്ട്)
Join WhatsApp News
Babu Parackel 2018-04-14 00:38:58
Congratulations on completing 100 episodes and thank you for dedicating the centennial one as a tribute to the young victim.
P R Girish Nair 2018-04-14 09:00:15
Hearty congratulation to Mr. George Thumpayil  for completing 100 successful episodes, more to go!!!
I hope PAKALKINAKU may touch the stairs of success. Keep it up.
Jyothylakshmy Nambiar 2018-04-14 06:38:43
Congratulations for your successfull 100 episodes. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക