Image

ശ്രീജിത്തിന്റെ കസ്റ്റഡി മരണം കൊലക്കേസാക്കി; അറസ്റ്റ് വൈകും, സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രതിക്കൂട്ടില്‍

Published on 13 April, 2018
ശ്രീജിത്തിന്റെ കസ്റ്റഡി മരണം കൊലക്കേസാക്കി; അറസ്റ്റ് വൈകും, സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രതിക്കൂട്ടില്‍
ശ്രീജിത്തിനെ മര്‍ദ്ദിച്ചവരെ കണ്ടെത്താന്‍ വിശദമായ അന്വേഷണം തുടരും. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും. വരാപ്പുഴയില്‍ ഗൃഹനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശ്രീജിത്തിനൊപ്പം അറസ്റ്റിലായ മറ്റുളളവരെയും കസ്റ്റഡിയിലെടുത്ത് മൊഴിയെടുക്കും. ഇതിനു ശേഷം മാത്രമേ പ്രതികള്‍ ആരൊക്കെയെന്ന കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനത്തിലേക്കെത്തൂ. അതുകൊണ്ടു തന്നെ അറസ്റ്റും വൈകും.

വടക്കന്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ജിഎസ് ദീപക് എന്നിവരടക്കം ഏഴു പോലീസുകാര്‍ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആലുവ റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന മൊഴിയാണ് മൂവരും നല്‍കിയത്.

അതേസമയം, വരാപ്പുഴ കസ്റ്റഡിമരണത്തില്‍ റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് എന്ന പേരില്‍ എസ്പി നേരിട്ട് നിയന്ത്രിക്കുന്ന സ്‌ക്വാഡിലെ പോലീസുകാരാണ് ശ്രീജിതിനെ ആദ്യം പിടികൂടിയത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ ഇവര്‍ ശ്രീജിതിനെ മര്‍ദിച്ചുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍, ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. അതേസമയം ഈ സ്‌ക്വാഡിനെതിരെ ഇന്റലിജന്‍സ് വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കസ്റ്റഡിയില്‍ മരിച്ച ശ്രീജിതിനെ ആളുമാറിയാണ് പോലീസ് പിടികൂടിയതെന്ന വസ്തുത പുറത്തുവന്നത് മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധവുമായി എസ്പി എവി ജോര്‍ജ് സജീവമായി രംഗത്തു നിന്നു. ഇതേ എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഎഫ് അഥവാ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് എന്ന സ്‌ക്വാഡില്‍ എല്ലാവരും എആര്‍ ക്യാംപില്‍ നിന്നുള്ള പോലീസുകാരാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടുള്ള പോലീസ് സ്‌റ്റേഷന്‍ പരിചയം തീരെയില്ലെന്ന് അര്‍ത്ഥം. അതുകൊണ്ട് തന്നെ ഇവരുടെ മുറകള്‍ അതിരുവിടുന്നുവെന്നും നിയന്ത്രിച്ചില്ലെങ്കില്‍ കളങ്കമാകുമന്നും ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇവര്‍ കൈകാര്യം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ വടക്കന്‍ പറവൂരില്‍ മുങ്ങിമരിക്കാന്‍ ഇടയായ സാഹചര്യത്തിലായിരുന്നു അത്. എന്നിട്ടും നിയന്ത്രണമേതും ഇല്ലാതെ നിലനിര്‍ത്തിപ്പോന്ന സ്‌ക്വാഡിന് തന്നെയാണ് ഇപ്പോഴത്തെ കസ്റ്റഡി മരണത്തില്‍ പ്രധാന പങ്കെന്നാണ് എപ്പോള്‍ വ്യക്തമാകുന്നത്. പോലീസ് സ്‌റ്റേഷന്‍ നിയന്ത്രിക്കുന്ന സിഐക്കോ എസ്‌ഐക്കോ ഇവരുടെ മേല്‍ ഒരധികാരവുമില്ല.
വരാപ്പുഴ ദേവസ്വംപാടത്ത് നിന്ന് വെള്ളിയാഴ്ച അര്‍ധരാത്രി എസ്പിയുടെ നിര്‍ദേശപ്രകാരം സ്‌ക്വാഡ് പിടികൂടിയ ശ്രീജിത് അടക്കമുള്ളവരെ എന്തെല്ലാം ചെയ്തു, എവിടെയെല്ലാം കൊണ്ടുപോയി എന്ന കാര്യത്തില്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ ധാരണയൊന്നുമില്ല. ഒരു ദിവസം മാത്രം ഈ കേസുകള്‍ക്ക് ചുമതല വഹിച്ച സിഐയാകട്ടെ രേഖകളില്‍ ഒപ്പിട്ടു എന്നതിന്റെ പേരിലാണ് നടപടിക്ക് വിധേയനായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക