Image

ജയിലോ ചികിത്സയോ തേടുന്നവര്‍ (ഡോ.എസ്.എസ്.ലാല്‍)

Published on 14 April, 2018
ജയിലോ ചികിത്സയോ തേടുന്നവര്‍ (ഡോ.എസ്.എസ്.ലാല്‍)
ഒരു മരണവും സന്തോഷമുള്ളതല്ല. 'ശത്രു'വിന്‍റെ പോലും. ഒരു പെണ്‍കുഞ്ഞ് കൊലചെയ്യപ്പെട്ട സംഭവം അറിഞ്ഞാല്‍ ഒരാള്‍ക്ക് അതില്‍ വേദന തോന്നിയില്ലെങ്കില്‍ അയാളെ സൂക്ഷിക്കണം. അതാരായാലും. കൊലയെ ന്യായീകരിച്ചാല്‍ അയാളെ കൂടുതല്‍ സൂക്ഷിക്കണം.

അയല്‍ രാജ്യത്തിന്‍റെ പട്ടാളക്കാരന്‍ സ്വന്തം രാജ്യത്തിന്റെ ശത്രു എന്നാണ് വയ്പ്. ആ ധാരണയ്ക്ക് ഒരു അര്‍ത്ഥവുമില്ലെങ്കിലും. എതിരാളി യുദ്ധത്തില്‍ കൊല്ലപ്പെടുമ്പോള്‍ പോലും കൊന്നയാള്‍ മൃതശരീരത്തിനോട് കാണിക്കുന്ന മാന്യതയുണ്ട്.

മതവെറിയില്‍ കൊല്ലപ്പെട്ട നമ്മുടെ നാട്ടിലെ ഒരു പിഞ്ചുകുഞ്ഞിന്‍റെ ഓര്‍മ്മകള്‍ കൂടി മാനഭംഗം ചെയ്യപ്പെടരുത്.

ഒരു ക്രിമിനലോ മാനസിക രോഗിയോ മറ്റൊരു കുഞ്ഞിനെ കൊന്ന സംഭവവുമായി ഈ കുഞ്ഞിന്‍റെ കൊലപാതകം ചേര്‍ത്തുകെട്ടുന്നവരുടെ സൂക്കേട് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. മനസികരോഗമാണത്. മരുന്നുകൊടുത്ത് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ ആളെ തളയ്ക്കണം, ബാക്കി സമൂഹത്തിന്റെ നന്മയ്ക്കായി.

ഇതുപോലൊരു സംഭവത്തില്‍പ്പോലും വിലകുറഞ്ഞ ന്യായങ്ങളുമായി വരുന്നവരെപ്പറ്റി ഇനി വലിയ പ്രതീക്ഷകളുമില്ല. അവരുടെ പേരിന് പിറകില്‍ വലിയ ഡിഗ്രികള്‍ കൂടി ഉണ്ടെങ്കില്‍ ആ ഡിഗ്രികള്‍ക്കാണ് നാണക്കേട്. യൂണിവേഴ്‌സിറ്റികള്‍ക്കും.

ഫേസ്ബുക്കിലും പുറത്തുമൊക്കെ ഈ ക്രൂരതയെ ന്യായീകരിക്കുന്നവര്‍ ഓര്‍ക്കട്ടെ, അവരുടെ പുത്രന്‍മാരും ഇതൊക്കെ വായിക്കുന്നുണ്ടെന്ന്. നാളെ സ്വന്തം മക്കള്‍ക്കുവേണ്ടി കോടതി കയറിയിറങ്ങേണ്ട അവസ്ഥ അവര്‍ക്ക് വരാതിരിക്കട്ടെ. ഇത്തരം ക്രൂരമായ മണ്ടത്തരങ്ങള്‍ എഴുതിവിടുന്ന ഈ മനുഷ്യരേക്കാള്‍ ബുദ്ധി ഇവരുടെ പുതിയ തലമുറകള്‍ക്ക് ഉണ്ടായിരിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജീവഭയമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയട്ടെ, ജാതിമത വ്യത്യാസമില്ലാതെ. അവര്‍ക്ക് ആര്‍ത്തു ചിരിക്കാനും ഉല്ലസിക്കാനും കഴിയട്ടെ, നാട് വ്യത്യാസമില്ലാതെ. അവരെ ആക്രമിക്കാന്‍ തുനിയുന്നവര്‍ ബാക്കി ജീവിതം ജയിലുകളില്‍ തീര്‍ക്കട്ടെ. ആ അക്രമികളെ ന്യായീകരിക്കുന്നവര്‍ക്കു ജീവിതകാലം മാനസികരോഗ ചികിത്സ ലഭ്യമാകട്ടെ
ജയിലോ ചികിത്സയോ തേടുന്നവര്‍ (ഡോ.എസ്.എസ്.ലാല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക