Image

ഓര്‍മ്മകളില്‍ പൂക്കുന്ന കണിക്കൊന്നകള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 14 April, 2018
ഓര്‍മ്മകളില്‍ പൂക്കുന്ന കണിക്കൊന്നകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയതിനു ശേഷം ആദ്യമായാണു് നീണ്ട അവുധിക്ക് നാട്ടില്‍ പോകുന്നത്. അവുധിക്കിടയില്‍ വിഷു വരുന്നു എന്നത് ഒരു ആനന്ദം നല്‍കിയിരുന്നു. എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ മനസ്സിലായി അവിടത്തെ സ്ഥിതിയൊക്കെ വല്ലാതെ മാറിപ്പോയെന്ന്. വിഷുപ്പക്ഷികള്‍ അവിടെ ചിലക്കുന്നില്ല. കണിക്കൊന്നകള്‍ പോലും വളരെ ദുര്‍ലബമായി കാണപ്പെടുന്നു. ചൈനയില്‍ നിന്നും വിപണിയിലെത്തുന്ന പ്ലാസ്റ്റിക്ക് കണിക്കൊന്നകള്‍, ചൈനക്കാരുടെ തന്നെ പടക്കങ്ങള്‍ ഇതൊക്കെയാണൂ ഇന്നത്തെ മലയാളിക്കിഷ്ടം. കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാന്‍ എനിക്കാവതില്ലെന്ന് അയ്യപ്പപണിക്കര്‍ പാടിയപോലെ ഇപ്പോഴും കണിക്കൊന്നകള്‍ വിഷുസമാഗമം ഓര്‍മ്മിപ്പിച്ച്‌കൊണ്ട് വളരെ വിരളമായി പൂത്തുലയുന്നു. അത് പ്രക്രുതിയുടെ ഔദാര്യം.

കാടെവിടെ മക്കളേ?
മേടെവിടെ മക്കളേ?
കാട്ടു പുല്ത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? 

അയ്യപ്പ പണിക്കരുടെ തന്നെ കവിത പ്രവാസി മലയാളികള്‍ മാത്രം ഓര്‍ക്കുകയും ദു:ിക്കയും ചെയ്യുന്നു. എത്രയോ ഗ്രഹാതുരത്വത്തോടെയാണു ജന്മനാട്ടില്‍ വിഷു ആഘോഷിക്കാന്‍ ഓരോരുത്തരും എത്തുന്നത്. കാതില്‍ തേന്‍ ചൊരിയുന്ന സ്‌നേഹമന്ത്രങ്ങളുമായി വിഷുപക്ഷികള്‍ കാത്തിരിക്കുന്നത് മലയാള തനിമ ഇപ്പോഴും വിടാത്ത പ്രവാസികളെയായിരിക്കുമെന്ന് പറമ്പിലൊക്കെ നടക്കുമ്പോള്‍ കണ്ടുമുട്ടിയ ചില പക്ഷികള്‍ ചിലച്ച്‌കൊണ്ട് പറന്ന് വന്നപ്പോള്‍ തോന്നിപ്പോയി.വിശാലമായ തൊടികളില്‍ കണ്ണിമാങ്ങ പെറുക്കിയും, മാവിനു കല്ലേറിഞ്ഞും, കളിപന്തു കളിച്ചും നടന്നിരുന്ന ഒരു കാലം ഇപ്പോള്‍ പ്രതീക്ഷിക്കുന്നത് മണ്ടത്തരമെങ്കിലും മോഹപക്ഷികള്‍ വെറുതെ ഓര്‍മ്മ ചില്ലകള്‍ തേടി പറന്ന് തളരുന്നു. ഓര്‍മ്മകള്‍ക്ക് എന്നും മധുരവും നൊമ്പരവും തന്നെ. പ്രക്രുതിയും കാലത്തിനൊപ്പം മാറുന്നു. 'തുക്കള്‍ക്കൊപ്പമല്ല മാറ്റം, നാഗരികതയുടെ ചുവട് വച്ചാണെന്ന് മാത്രം. പൂത്തുലഞ്ഞും, തണല്‍ നല്‍കിയും, ഫലം നല്‍കിയും വളര്‍ന്ന് നിന്ന മരങ്ങള്‍ക്ക് പകരം അവിടെയെല്ലാം മനോഹര ഹര്‍മ്മ്യങ്ങള്‍. പൂക്കുന്നില്ല മുല്ലകള്‍, ഇലഞ്ഞിയും. ഓര്‍മ്മകളില്‍ ഓമനിക്കുന്ന സ്വന്തം ഗ്രാമം മഹാകവി പി. പാടിയപോലെ കേവഞ്ചി കയറി പോയി ഓണനിലാവ് എന്നപോലെയായി. എന്തിനാണു് പ്രവാസികള്‍ ഇത്രമാത്രം സ്വന്തം ഗ്രാമത്തെ ഇങ്ങനെ സ്വപനം കാണുന്നതെന്ന് ഓര്‍ക്കാറുണ്ട് പലപ്പാഴും. അവരില്‍ ഒരാളായി ഇങ്ങനെ ഓര്‍മ്മകള്‍ ഓടികളിക്കുന്ന ചക്കരമാവിന്റെ, കുറച്ച് കൂടി ശരിയായി പറഞ്ഞാല്‍ ചക്കരമാവ് നിന്നിരുന്ന സ്ഥലത്ത് വെറുതെ ആലോചിച്ച് കഴിഞ്ഞകാലങ്ങള്‍ അയവിറക്കുക. അതൊരു സുമാണു്. വിഷുപുലരിക്ക് ചന്തം കൂടുന്നത് രാവണനെ പേടിച്ച് അല്‍പ്പം ചെരിഞ്ഞ് ഉദിച്ചുയര്‍ന്നിരുന്ന സൂര്യന്‍ അന്ന് നിവര്‍ന്ന് തന്നെ ഉദിക്കുന്നത് കൊണ്ടാണു്. കര്‍ണ്ണികാരപൂക്കള്‍ക്ക് സൂര്യന്‍ പവനുരുക്കി കൊടുത്ത് പ്രേമിക്കുന്നതും അപ്പോഴാണു്. വിഷുപക്ഷികള്‍ എന്തെല്ലാം രാഗങ്ങളില്‍ സമത്വ സുന്ദരമായ ദിവസങ്ങളുടെ മധുരിമയെപ്പറ്റി അപ്പോള്‍ പാടുന്നു. പ്രക്രുതി അങ്ങനെ പുളകം കൊണ്ട് നില്‍ക്കുന്നത് കാണാന്‍ ഇന്നിപ്പൊള്‍ മനുഷ്യര്‍ക്ക് സമയമില്ലാതായി. രാവും പകലും സമാസമം വന്നിട്ടും ഒന്നിനും സമയമില്ലാതെ മനുഷ്യരാശി കഷ്ടപ്പെടുന്നു.

രാത്രി കിടക്കുമ്പോള്‍ ജനല വഴി നിലാവ് വന്നു കുശലാന്വേഷണം നടത്തി. കൂട്ടുകാരി നല്ല ഉറക്കമാണു്. പണ്ടൊക്കെ കണിയൊരുക്കി പൂജാമുറിയില്‍ തന്നെ കിടന്നിരുന്നു വീട്ടമ്മമ്മാര്‍. അത് കൂട്ടുകുടുംബത്തിന്റെ മനോഹാരിത. ദൂര ദിക്കില്‍ നിന്നും അവുധിക്ക് വരുന്നവര്‍ പഴയകാല ചിട്ടകള്‍ മുഴുവന്‍ പാലിക്കുന്നില്ല. പൂജക്ക് നാം കുത്തുവിളക്ക് തന്നെ കൊളുത്തണം വൈദ്യുത ദീപമല്ലെന്നുള്ള നിര്‍ബന്ധം എല്ലാവര്‍ക്കുമുണ്ടെന്നുള്ളത് തന്നെ വലിയ കാര്യം. തസ്‌കര ശല്യം പ്രത്യേകിച്ച് വിദേശത്ത് നിന്നു വന്നവരുള്ള വീട്ടില്‍ ഉണ്ടാകും അത്‌കൊണ്ട് ജനല്‍ വാതിലുകള്‍ കൊട്ടിയടക്കണമെന്ന ബന്ധുമിത്രാദികളുടെ മുന്നറിയിപ്പ് അവഗണിച്ച് ജന്നല്‍ വഴി വരുന്ന ഇളങ്കാറ്റും അതോടൊപ്പം വഴുക്കിപോകുന്ന ഫലമൂലാദികളൂടെ സുഗന്ധവും ആസ്വദിച്ചപ്പോള്‍ ഒരു നവോന്മേഷം ഉണ്ടായി. എന്നെ പ്രേമിക്കു എന്നു പറയുന്ന യുവതിയെപോലെ നിലാവിനെ കുറിച്ച് എന്തെങ്കിലും എഴുതാന്‍ ഉദിച്ചും മങ്ങിയും നിലാവ് പ്രേരിപ്പിച്ച്‌കൊണ്ടിരുന്നു. ഉച്ചത്തില്‍ മിടിക്കല്ലെ നീ എന്റെ ഹ്രുദന്തമെ, സ്വച്' ശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍, എത്രയൊ ദൂരമെന്നോടൊപ്പം നടന്ന പദപത്മങ്ങള്‍ തരളമായി ഇളവേല്‍ക്കുമ്പോള്‍ ഉറങ്ങുന്ന കൂട്ടുകാരിയെ നോക്കി...ഒ.എന്‍.വി സാറിന്റെ രണ്ടുവരി കവിത മൂളികൊണ്ട് ഞാന്‍ എന്റെ ഓര്‍മ്മകളെ പുറകോട്ട് നടത്തിച്ചു. ഉറക്കത്തില്‍ നിന്നുമുണര്‍ന്ന് കണികാണാറായോ എന്ന് മുത്തശ്ശിയോട് ചോദിക്കുന്ന ഉണ്ണി പിന്നെ മയങ്ങിപോകുന്നു. സമയമാകുമ്പോള്‍ ഉണ്ണിയുടെ കണ്ണുകള്‍ പൊത്തിപ്പിടിച്ച് മുത്തശ്ശി കണി കാണിക്കാന്‍ കൊണ്ട് പോകുമ്പോള്‍ മനസ്സില്‍ നിറയുന്ന ആഹ്ലാദത്തിനു അതിരില്ല. കണ്ണു തുറക്കുമ്പോല്‍ കാണുന്ന കണ്ണന്റെ നീല രൂപം. ദീപങ്ങളുടെ ശോഭ. കണികണ്ട് ചിലപ്പോള്‍ ഒരു കൊച്ച് മയക്കം. ആ ഉറക്കത്തില്‍ കൈ നിറയെ കിട്ടാന്‍ പോകുന്ന കൈനീട്ടത്തിന്റെ, വിഷുക്കട്ടയെന്ന പലഹാരത്തിന്റെയൊക്കെ സ്വപനങ്ങള്‍. എന്തിനാണു് ഇങ്ങനെ കണ്ണടച്ച്‌പോയി വിഷു ദിവസം കാര്‍മുകില്‍ വര്‍ണ്ണനെ കാണുന്നതെന്ന സംശയം ഉണ്ടായിരുന്നു. വീട്ടില്‍ എല്ലാറ്റിനും സംശയവും അറിയാന്‍ ആഗ്രഹവുമുള്ള ഉണ്ണിക്ക് അദ്ദേഹത്തിന്റെ അച്'ന്‍ ആ കഥ പറഞ്ഞ് കൊടുത്തു. ഭദ്രമാസത്തിലെ അര്‍ദ്ധ ചന്ദ്രന്റെ പ്രകാശത്തില്‍ യമുനയില്‍ കുളിക്കാനെത്തിയ വ്രുഷഭാനു എന്ന രാജാവ് അവിടെ നിറഞ്ഞ് നിന്നിരുന്ന സുവര്‍ണ്ണ തേജോവലയത്തില്‍ മതിമയങ്ങിപോയി. ആ പ്രകാശധാര പ്രവഹിച്ചിരുന്നത് ഒരു താമരപൂവ്വില്‍ നിന്നായിരുന്നു. താമരവലയങ്ങളില്‍ ഒരു പെണ്‍കിടാവ് നിന്നിരുന്നു. രാജാവ് ആ കുഞ്ഞിനെ രാജധാനിയിലേക്ക് കൂട്ടികൊണ്ട് പോയി, രാജ്ഞിയ്ക്ക് നല്‍കി. റാണി സന്തോഷിച്ചെങ്കിലും കുട്ടി അന്ധയാണെന്നറിഞ്ഞ് വ്യസനിച്ചു. റാണിയുടെ കൂട്ടുകാരി യശോദ ഭര്‍ത്താവും മകന്‍ ക്രുഷ്ണനുമൊത്ത് കുട്ടിയെ കാണാന്‍ കൊട്ടരത്തില്‍ പോയി. അവിടെ വച്ച് ഉണ്ണിക്രുഷ്ണന്‍ പെണ്‍കുട്ടി കിടന്നിരുന്ന കിടക്കിയിലേക്ക് ഇഴഞ്ഞ് ചെന്ന് കുട്ടിയെ തട്ടിയുണര്‍ത്തി. കുട്ടി അപ്പോള്‍ താമര വിരിയുന്ന പോലെ അവളുടെ കണ്ണുകള്‍ തുറന്നു ക്രുഷ്ണനെ നോക്കി. ഭഗവാന്‍ ക്രുഷ്ണ്‍ന്റെ മും കാണുന്ന വരെ ഒന്നും കാണതിരിക്കാനാണത്രെ ഈശ്വരന്‍ രാധയെന്ന ആ കുട്ടിയെ അന്ധയാക്കിയത്. തന്മൂലം ഇന്നും രാവും പകലും സമമായി വരുന്ന ദിവസങ്ങളുടെ ആരംഭദിനമായ മേടപുലരിയില്‍ എല്ലാവരും കണ്ണടച്ച് പിടിച്ച് ഭഗവാന്റെ രൂപം കണ്ട് ഒരു വര്‍ഷത്തേക്കുള്ള അനുഗ്രഹം നേടുന്നു.

അനുഗ്രഹീതമായ ഒരു വര്‍ഷം തന്നതിനും തരാനിരിക്കുന്നതിനും ഈശ്വരനോട് നന്ദിയറി യിക്കുന്നു വിഷു എന്ന ആഘോഷത്തില്‍ കണിക്കൊന്നകള്‍ സുവര്‍ണ്ണഭിഷേകം നടത്തുന്നു. എല്ലാവരും തുല്യരാണെന്ന് സന്ദേശം തരുന്നതിനോടൊപ്പം തന്നെ കാടും തൊടികളും സം രക്ഷിക്കാനും അവ നല്‍കുന്ന ഫലം ആസ്വദിക്കാനും ഈ ആഘോഷം ഓര്‍മ്മിപ്പിക്കുന്നു. സ്വന്തം ഭൂമിയിലെ പ്രക്രുതിദത്തമായ സമ്പന്നതയെ നഷ്ടപ്പെടുത്തി അന്യരുടെ വിഷം നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്ക് കാത്തിരിക്കാതെ 'വിത്തും കൈക്കോട്ടു''മെടുക്കാന്‍ ഈ കാലത്ത് പക്ഷികള്‍ മനുഷ്യരോട് അപേക്ഷിക്കുന്നു. ബ്രഹമമുഹുര്‍ത്തത്തില്‍ കണികണ്ടുണരുക ഒരു നല്ല നാളേക്ക് വേണ്ടി ! എല്ലാവര്‍ക്കും കൈ നിറയെ കൈനീട്ടങ്ങള്‍ കിട്ടാന്‍, നല്ല കണി കാണാന്‍ നിങ്ങള്‍ അനുഗ്രഹീതരാകട്ടെ. വിഷു ആശംസകള്‍.
ശുഭം
Join WhatsApp News
Jyothikumar737@yahoo.com 2018-04-15 02:56:33
അതി മനോഹര മായ ഈ വിഷു സന്ദേശ ത്തിനു നന്ദി .
വിഷു കട്ടയും കൈനീട്ട വും മനസ്സു കുളിർപ്പിക്കുന്ന 
മധുര മുള്ള ഓർമ്മകളും ..രാധയുടെ കാഴ്ചയും ...
ഇതിനേക്കാൾ സുന്ദര മായ വേറെ ഏതു വിഷുക്കണി
RAJEEVAN ASOKAN 2018-04-15 20:13:16
മനോഹരമായി പ്രവാസിയുടെ ഈ വിഷു വിവരണം. ആസ്വദിച്ചു വായിച്ചു. ഇനിയും എഴുതുക. വിഷു ആശംസകൾക്കൊപ്പം , തുടർന്നുള്ള എഴുത്തിനും ആശംസകൾ. 
josecheripuram 2018-04-18 21:19:23
"NALLA ORU VISHU KAI NEETAM'.Beautifully narrated.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക