Image

ചരിത്രനേട്ടം സമ്മാനിച്ച അമൂല്യ നിമിഷം (അഞ്ജു ബോബി ജോര്‍ജ് )

Published on 14 April, 2018
ചരിത്രനേട്ടം സമ്മാനിച്ച അമൂല്യ നിമിഷം (അഞ്ജു ബോബി ജോര്‍ജ് )
കായികതാരമെന്ന നിലയില്‍ എന്റെ നേട്ടങ്ങളില്‍ ഏറെയും എ.പി.ജെ. അബ്ദുല്‍ കലാം സര്‍ രാഷ്ട്രപതി ആയിരിക്കെ ആണെന്നത് യാദൃച്ഛികമാകാം. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ചരിത്രനേട്ടവും അര്‍ജുന ,ഖേല്‍ രത്നാ , പത്മശ്രീ പുരസ്‌കാരങ്ങളും കരിയറിലെ ഏറ്റവും മികച്ചതും രാജ്യത്തെ റെക്കോര്‍ഡുമായ ഒളിംപിക്‌സില്‍ നേടിയ 6.83 മീറ്റര്‍ എന്ന ദൂരവും അങ്ങനെ ലോങ്ങ് ജംപ് സപര്യയിലെ നാഴികക്കല്ലുകള്‍ ഏറെയും ആ കാലയളവിലാണ്. കലാംജിയുമായി അനിര്‍വചനീയമായ ആത്മബന്ധം ഉടലെടുക്കാന്‍ ഇതൊക്കെ കാരണങ്ങളായിട്ടുണ്ട്.

2003 ലാണ് പാരീസില്‍ വെച്ച് നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് പിന്നിട്ട, ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യ പോലൊരു മഹാരാജ്യത്തെ പ്രതിനിധീകരിച്ച് ഒരു കായികതാരം ആദ്യമായി മെഡല്‍ നേടുന്നത്. അത് എന്നിലൂടെ ആയെന്നതില്‍പ്പരം എന്ത് സന്തോഷമാണ് വേണ്ടത്? കാലമെത്ര കഴിഞ്ഞാലും ആ നേട്ടം ചരിത്രത്തിന്റെ ഭാഗമാണ്. 6.70 മീറ്റര്‍ എന്ന എന്റെ അതുവരെയുള്ള വ്യക്തിഗത ദൂരങ്ങളില്‍ മികച്ചത് കുറിക്കാന്‍ സാധിച്ചതിനപ്പുറം ആ നേട്ടം എത്രമാത്രം അഭിമാനകരമാണെന്ന് ചിന്തിച്ചുതുടങ്ങിയത് രാഷ്ട്രപതിയുടെ അഭിനന്ദന സന്ദേശം ലഭിച്ചതോടെയാണ്. പാരീസിലെ ഇന്ത്യന്‍ എംബസിയിലേക്കാണ് മെസ്സേജ് വന്നത്. ഞങ്ങള്‍ താമസിക്കുന്ന സ്‌പോര്‍ട്‌സ് വില്ലേജില്‍ പാരീസിലെ ഉദ്യോഗസ്ഥരും ഇന്ത്യന്‍ എംബസ്സിയുടെ പ്രതിനിധികളുമെത്തി ഇരുരാജ്യങ്ങളുടെയും പതാകകള്‍ ഉയര്‍ത്തി, ദേശീയ ഗാനങ്ങള്‍ ആലപിച്ച ശേഷമാണ് രാഷ്ട്രപതിയുടെ സന്ദേശം അറിയിക്കുന്നത്. ' ചരിത്രനിമിഷമാണിത് , വരും തലമുറയ്ക്ക് ഇതൊരു പ്രചോദനമാകട്ടെ ' എന്ന ആ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. തലേ രാത്രി മറ്റൊരു രാജ്യം ആദ്യ മെഡല്‍ നേട്ടം കൊയ്ത താരത്തെ അനുമോദിക്കുന്നതു കണ്ട് , എനിക്കുമിത് സാധിച്ചിരുന്നെങ്കില്‍ എന്ന് കൊതിച്ചിരുന്നു. ചിലനേരത്തെ സ്വപ്നങ്ങള്‍ ദൈവം വേഗം നടത്തിത്തരും . ഒരുപക്ഷെ ഞാന്‍ മാത്രം കണ്ട സ്വപ്നം ആയിരുന്നിരിക്കില്ല അത്. ഇന്ത്യയില്‍ ജീവിക്കുന്നവരും മരിച്ചുപോയവരുമായ കോടാനുകോടി ആളുകളുടെ പ്രാര്‍ത്ഥന അതിനു പിന്നിലുണ്ട്. പോഡിയത്തില്‍ നിന്ന് വിജയം ഏറ്റുവാങ്ങുമ്പോള്‍ രാഷ്ട്രത്തിന്റെ അഭിമാനം കാത്ത ചാരിതാര്‍ഥ്യമാണ് തോന്നിയത്. എന്നാല്‍ രാഷ്ട്രത്തിന്റെ ആദരവും സ്‌നേഹവും നമ്മളെ വികാരാതീതയാക്കുകയാണ് ചെയ്യുക.

ഇന്ത്യയിലെത്തി ആദ്യ അപ്പോയ്ന്റ്‌മെന്റ് രാഷ്ട്രപതി ഭവനിലായിരുന്നു. എയര്‍പോര്‍ട്ട് ബ്ലോക്ക് ചെയ്തുള്ള സ്വീകരണം കണ്ട് വിദേശരാജ്യത്ത് നിന്ന് ഏതെങ്കിലും രാജാവോ വിശിഷ്ട വ്യക്തികളോ വരുന്നുണ്ടോ എന്ന് പലരും സംശയിച്ചു. അന്നൊരു വ്യാഴാഴ്ച ആയിരുന്നു. റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പോലെ ഓരോ ഷോട്ടും ഓര്‍മയിലുണ്ട്. ഭര്‍ത്താവും കോച്ചുമായ ബോബിക്കൊപ്പമാണ് പ്രസിഡന്റിന്റെ വസതിയില്‍ പോയത്. ഞങ്ങള്‍ക്ക് ദക്ഷിണേന്ത്യന്‍ പ്രാതലാണ് ഒരുക്കിയിരുന്നത്- ദോശ ,ഇഡലി, സാമ്പാര്‍ ചമ്മന്തി ഒക്കെ. ഇന്ത്യയുടെ പരമോന്നത പദവി അലങ്കരിക്കുന്ന ഒരുപാട് തിരക്കുകളുള്ള വ്യക്തി വെറുതെ ഫോര്‍മല്‍ ആയി ഒന്ന് ക്ഷണിച്ചു, ഒരുമിച്ച് ഭക്ഷണം കഴിച്ച് പിരിയും എന്നാണു കരുതിയത്. എന്നാല്‍ തന്റെ വിലപ്പെട്ട സമയം അദ്ദേഹം ഞങ്ങളോടൊപ്പം കുശലങ്ങള്‍ പറഞ്ഞും സ്‌നേഹം പങ്കിട്ടും ചെലവഴിച്ചു. ലോങ്ങ് ജംപിന്റെ ടേക്ക് ഓഫ് റോക്കറ്റ് വിക്ഷേപിക്കും പോലെയാണോ എന്ന് ചോദിക്കുമ്പോള്‍ ആ മുഖത്ത് കുട്ടികളുടേതിന് സമാനമായ ജിജ്ഞാസ ഞാന്‍ കണ്ടു. എന്തിനെക്കുറിച്ചും കൂടുതലായി അറിയാനുള്ള ആ ദാഹം തന്നെയാണ് അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കുന്ന പ്രധാന ഘടകം. രാഷ്ട്രത്തിന്റെ ആദരസൂചകമായൊരു സമ്മാനം കൈമാറിയപ്പോള്‍ കലാം സാറുമൊന്നിച്ച് ഒരു ഫോട്ടോ എടുക്കണമെന്ന എന്റെ ആഗ്രഹം ഞാന്‍ പ്രകടിപ്പിച്ചു. രാഷ്ട്രപതി ഭവന്റെ ഉള്ളില്‍ ക്യാമറ കയറ്റാന്‍ ആവില്ല. അവിടുള്ള ഫോട്ടോഗ്രാഫറെ വിളിച്ചുവരുത്തി അപ്പോള്‍ തന്നെ അദ്ദേഹം എന്റെ ആഗ്രഹം നടത്തിത്തന്നു. ഞാനെന്റെ മെഡല്‍ കലാം സാറിനെ കാണിക്കുന്നതും അദ്ദേഹമതില്‍ നോക്കുന്നതും ബോബി അഭിമാനത്തോടെ നില്‍ക്കുന്നതുമായ ആ ഫോട്ടോ എന്റെ ജീവിതത്തിലെ അമൂല്യ നിമിഷത്തിന്റെ സ്മാരകമാണ്. തറവാട്ടുവീട്ടിലും അടുത്ത ബന്ധുക്കളുടെ വീട്ടിലും ബംഗളുരുവിലെ വസതിയിലുമെല്ലാം ആ ഫോട്ടോയുടെ കോപ്പി ഫ്രെയിം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് കലാം സാറില്‍ നിന്ന് ഖേല്‍ രത്‌നവും പുരസ്‌കാരവും പത്മശ്രീയും ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചെങ്കിലും ഹൃദയത്തോട് ഏറ്റവും ചേര്‍ന്നുകിടക്കുന്നത് രാഷ്ട്രപതി ഭവനില്‍വെച്ച് എടുത്ത ആ ഫോട്ടോയാണ്.
മീട്ടു റഹ്മത്ത് കലാം
കടപ്പാട്: മംഗളം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക