Image

വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍: ഭാഗ്യത്തിന്റെ അദൃശ്യ സ്‌പര്‍ശം

മീട്ടു റഹ്മത്ത്‌ കലാം Published on 14 April, 2018
 വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍: ഭാഗ്യത്തിന്റെ അദൃശ്യ സ്‌പര്‍ശം
ശ്രദ്ധയോടെ വയ്‌ക്കുന്ന ഓരോ ചുവടിലും ഭാഗ്യത്തിന്റെ അദൃശ്യ സ്‌പര്‍ശമുണ്ടെന്നതിന്‌ ഉദാഹരണമാണ്‌ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍. ` എന്റെ വീട്‌ അപ്പൂന്റേം` എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി, ചെറിയവേഷങ്ങളിലൂടെ സിനിമയെ അടുത്തറിഞ്ഞ്‌ രണ്ടു സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയൊരുക്കി, അതിലൊന്നില്‍ നായകനായി തിളങ്ങി പ്രേക്ഷകരുടെ സ്‌നേഹം പിടിച്ചുപറ്റിയ വിഷ്‌ണുവിന്റെ പുത്തന്‍ സിനിമാവിശേഷങ്ങള്‍...

കട്ടപ്പനയിലെ ഹൃതിക്‌ റോഷനിലെ നായകവേഷം സ്വീകരിക്കപ്പെട്ടതിന്റെ ആത്മവിശ്വാസമാണോ വികടകുമാരനിലെത്തിച്ചത്‌?

പ്രതീക്ഷിക്കാത്ത വഴിയിലൂടെ മാത്രമേ എന്റെ ജീവിതം പോയിട്ടുള്ളൂ. അമര്‍ അക്‌ബര്‍ അന്തോണിയുടെ തിരക്കഥ എഴുതുമ്പോള്‍ ചെറിയ ബഡ്‌ജറ്റില്‍ ഞാനും ബിബിനും( ബിബിന്‍ ജോര്‍ജ്‌ )

കുറച്ചുപുതുമുഖങ്ങളും ചേര്‍ന്ന്‌ അഭിനയിക്കാം എന്നാണ്‌ കരുതിയത്‌. നാദിര്‍ഷ ഇക്ക കഥ വായിച്ച്‌, സംവിധാനം ചെയ്യാമെന്നേറ്റത്തോടെ അതൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായി വളര്‍ന്നു.

പിന്നീട്‌ ,കട്ടപ്പനയുടെ സ്‌ക്രിപ്‌റ്റിലെ കൃഷ്‌ണനാകാന്‍ ഇതിലും ഗ്ലാമര്‍ ഉള്ള നായകനെ കിട്ടാതെ വന്നപ്പോള്‍, എന്നെപ്പിടിച്ച്‌ നായകനാക്കി. അങ്ങനെ ഹാപ്പി ആയി കാര്യങ്ങള്‍ നീങ്ങുന്നതിനിടയില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടില്‍

കയ്യൊടിഞ്ഞ്‌ ഞാന്‍ ആശുപത്രിയിലായി. റെസ്റ്റ്‌ എടുക്കേണ്ടി വന്ന്‌ ആ ചിത്രവും ഒരു അമേരിക്കന്‍ ഷോയും കൈവിട്ടുപോയ വിഷമത്തിലിരിക്കുമ്പോളാണ്‌ വികടകുമാരനിലേക്കുള്ള ക്ഷണം. ഒന്ന്‌ നഷ്ടപ്പെടുമ്പോള്‍ ദൈവം വേറൊന്നു തരും.

വികടകുമാരന്റെ സംവിധായകന്‍ ബോബന്‍ സാമുവല്‍ കട്ടപ്പനയില്‍ അഭിനയിച്ചിരുന്നല്ലോ?

അതെ. ആ സിനിമയില്‍ എനിക്ക്‌ ആദ്യമായി അവസരം തരുന്ന സംവിധായകനായിട്ടായിരുന്നു ബോബന്‍ ചേട്ടന്റെ വേഷം. ഷൂട്ടിനിടയില്‍ പറഞ്ഞിരുന്നു ഈ വേഷം ക്ലിക്ക്‌ ആകും, ഒരു കഥയുമായി നിന്റെ ഡെയ്‌റ്റ്‌ ചോദിച്ച്‌ ഞാനങ്ങ്‌ വരുമെന്ന്‌ . തമാശയ്‌ക്ക്‌ പറഞ്ഞതാണെങ്കില്‍ പോലും സംഗതി സത്യമായി. തിരക്കഥാകൃത്ത്‌

വൈ.വി.രാജേഷേട്ടനോപ്പം വന്ന്‌ ബോബന്‍ ചേട്ടന്‍ വികടകുമാരന്റെ കഥ വന്നു പറഞ്ഞപ്പോള്‍ തന്നെ താല്‌പര്യം തോന്നി. അവര്‍ സ്‌ക്രിപ്‌റ്റിന്റെ മിനിക്കുപണികളിലേക്ക്‌ കടക്കുന്നതിനിടയില്‍ എന്റെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടു.



വിഗതകുമാരന്‍ എന്ന ടൈറ്റിലില്‍ തന്നെ ഒരു ഹ്യൂമര്‍ എലമെന്റ്‌ ഉണ്ടല്ലോ?

തീര്‍ച്ചയായും. ഇതിലെന്റെ കഥാപാത്രം വക്കീലായിട്ടാണ്‌. പേര്‌ വിനു സെബാസ്‌റ്യന്‍, കൊനിഷ്ടിന്റെ ആശാനാണ്‌.

ഒരു കേസില്ലാ വക്കീലിന്റെയും പ്രമാദമായ കേസുകള്‍ ഒന്നുംതന്നെ എത്താത്ത കോടതിയുടെയും കഥ. വായില്‍ വികടസരസ്വതി വിളയാടുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളിലൂടെ രസകരമായ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍ സിനിമയില്‍ ഉണ്ട്‌. എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്ന ചിത്രമായിരിക്കും വികടകുമാരന്‍.


വിഷ്‌ണുവിന്റെ നായികമാര്‍ സുന്ദരികളാണല്ലോ?


എന്റെ ഗ്ലാമറിനോട്‌ പിടിച്ചുനില്‍ക്കാന്‍ അങ്ങനെ ആയെങ്കിലല്ലേ പറ്റൂ(ചിരിക്കുന്നു).എന്റെ സൗന്ദര്യംകൊണ്ടുമാത്രം എത്ര ആരാധകാരാണെന്നോ. കട്ടപ്പന കണ്ടൊരു പയ്യന്‍ എന്നെവിളിച്ച്‌ അവന്റെ കഥയാണതെന്നു പറഞ്ഞു. അവനും എന്നെപ്പോലെയാണെന്നു പറഞ്ഞപ്പോള്‍ കൗതുകംകൊണ്ട്‌ കാരണം തിരക്കി. ` എന്നെ കാണാനും ചേട്ടനെപ്പോലെ തന്നെ

ഒരുമെനയുമില്ല ചേട്ടാ ` എന്നവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചു. തെങ്കാശിയിലായിരുന്നു വികടകുമാരന്റെ കുറച്ചു ഷൂട്ട്‌. വില്ലന്‍ വേഷം ചെയ്യുന്ന ജിനു ചേട്ടനെ ( ജിനു

മാത്യു) സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ സ്‌റ്റൈലില്‍ കണ്ട്‌ അജിത്തിനെപോലെ ഇരിക്കുന്നെന്നുപറഞ്ഞ്‌ സ്‌കൂള്‍ കുട്ടികള്‍ വളഞ്ഞു. ഹീറോ ഞാനാണെന്നറിഞ്ഞ്‌ അവര്‍ പറഞ്ഞത്‌ ` ഹീറോ നമ്മെ മാതിരി ഇറുക്ക്‌' എന്നാണ്‌.

മാനസാ രാധാകൃഷ്‌ണനാണ്‌ ഇതിലെ നായിക. സംവിധായകന്‍ റാഫി സര്‍ ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്‌. ഷൂട്ടിന്റെ ഇടവേളകളില്‍ റാഫി സാര്‍ പണ്ട്‌ ലൊക്കേഷനില്‍ നടന്ന അനുഭവങ്ങള്‍ പങ്കുവയ്‌ക്കും. അതുകേള്‍ക്കുന്നതായിരുന്നു എന്റെയും മാനസയുടെയും പ്രധാന പരിപാടി.


ധര്‍മജനുമൊത്തുള്ള കോംബോ?

കട്ടപ്പനയില്‍ ഞങ്ങളുടെ കൂട്ടുകെട്ട്‌

എല്ലാവര്‍ക്കും

ഇഷ്ടമായതാണല്ലോ.ഇതില്‍ ധര്‍മേട്ടന്‍ ഗുമസ്‌തനായിട്ടാണ്‌. എന്നെപ്പോലൊരു വക്കീലിന്‌ പറ്റിയ കൂട്ട്‌. അതും പ്രേക്ഷകര്‍ ഏറ്റെടുക്കും.


വികടകുമാരനുമായി ബന്ധപ്പെട്ടു മനസ്സില്‍ തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍?


നാല്‌പത്തിരണ്ട്‌ ദിവസത്തെ ഷൂട്ട്‌ ഉണ്ടായിരുന്നതുകൊണ്ട്‌ എല്ലാവരും തമ്മില്‍ വളരെ അറ്റാച്‌ഡ്‌ ആയി. എനിക്ക്‌ ഷൂട്ട്‌ ഇല്ലെങ്കില്‍ പോലും മറ്റുള്ളവരുടെ പ്രകടനം കാണാന്‍ സെറ്റില്‍ പോകും. ഇന്ദ്രന്‍സ്‌ ചേട്ടന്‍ ഡ്യൂപ്പില്ലാതെ വണ്ടി ഇടിച്ചുപറത്തുന്ന സീനൊക്കെ അങ്ങനെ കണ്ടതാണ്‌. അദ്ദേഹത്തിന്റെ അര്‍പ്പണബോധം തന്നെയാണ്‌ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ വരെ കൊണ്ടുചെന്നെത്തിച്ചതും.


സെറ്റിലെ തമാശകള്‍ ചേര്‍ത്താല്‍ ഒരുസിനിമ എടുക്കാം. അത്രയ്‌ക്ക്‌ അടിച്ചുപൊളിച്ചു. സഹനിര്‍മ്മാതാവ്‌ ബിജോയ്‌ ചന്ദ്രന്റെ ആകസ്‌മിക വേര്‍പാട്‌ ഞങ്ങള്‍ക്കെല്ലാം വല്ലാത്ത ഷോക്കായി.

പോസ്റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്ക്‌ കഴിഞ്ഞ്‌ ക്യാമറാമാന്‍ അജയദേവിന്റെ പെങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ഒരുമിച്ചുനിന്ന്‌ ഫോട്ടോ എടുത്ത്‌ പിരിഞ്ഞതായിരുന്നു ഞങ്ങള്‍.


നടനായാണോ തിരക്കഥാകൃത്തായാണോ വിഷ്‌ണുവിനെ ഇനി പ്രതീക്ഷിക്കേണ്ടത്‌?

എന്നെ സംബന്ധിച്ച്‌ സിനിമയുടെ ഭാഗം ആകുക എന്നതാണ്‌ പ്രധാനം. ബിബിന്റെയൊപ്പം തിരക്കഥ എഴുതാന്‍ പ്രത്യേക സുഖമാണ്‌. ഞങ്ങള്‍ തികച്ചും വ്യത്യസ്‌തമായി ചിന്തിക്കുന്നവരായതുകൊണ്ട്‌ രണ്ടുതരം ഓഡിയന്‍സിന്റെയും മനസ്സറിയാം.

നൂറുതവണ ചര്‍ച്ച ചെയ്‌താണ്‌ ഒരു സീന്‍ ഫിക്‌സ്‌ ചെയ്യുന്നത്‌. ഞങ്ങള്‍ ഒരുമിച്ച്‌ മറ്റൊരു തിരക്കഥയുടെ വര്‍ക്കിലാണിപ്പോള്‍.ബിബിന്‍ നായകനാകുന്ന ഒരു ബോംബ്‌ കഥ എന്ന സിനിമയില്‍ ഞാനൊരു ചെറിയ വേഷം ചെയ്യുന്നുണ്ട്‌.

കടപ്പാട്‌: മംഗളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക