Image

ഓര്‍മ്മപുസ്തകത്തിലെ സ്‌നേഹത്തിന്റെ അദ്ധ്യായം (അഞ്ചു അരവിന്ദ്)

മീട്ടു റഹ്മത്ത് കലാം Published on 15 April, 2018
ഓര്‍മ്മപുസ്തകത്തിലെ സ്‌നേഹത്തിന്റെ അദ്ധ്യായം (അഞ്ചു അരവിന്ദ്)
സങ്കടമായാലും സന്തോഷമായാലും എന്റെ ഹൃദയം ആ വികാരത്തെ ഏറ്റുവാങ്ങുന്ന തീവ്രതയോടെ തന്നെ തൊട്ടറിയാന്‍ ശ്രമിച്ച മറ്റൊരു ഹൃദയമാണ് എനിക്ക് അച്ഛന്‍. കുട്ടിക്കാലം മുതല്‍ക്കെ ഞാന്‍ അച്ഛന്‍കുട്ടിയും അനിയത്തി അമ്മക്കുട്ടിയുമായിരുന്നു. ആ ബന്ധത്തിന്റെ ആഴം ഇത്രമേല്‍ കൂടിയത് കഴിഞ്ഞ പത്തുവര്ഷങ്ങള്ക്കിടയിലാണ്. ഒരായുസ്സ് മുഴുവന്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരായിരം മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഒരു വര്ഷം മുന്‍പ് അച്ഛന്‍ ഞങ്ങളെ വിട്ട് പോയത്.
സെന്‍ട്രല്‍ ഗവണ്‍മെന്റില്‍ ജോലിയുണ്ടായിരുന്ന അച്ഛന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തുന്നതോര്‍ത്ത് ശനിയാഴ്ച ദിവസം അവധിയാണെങ്കിലും വെളുപ്പിന് തന്നെ ഞങ്ങള്‍ ഉണരും. ഒരുമിച്ചുള്ള ഓരോ നിമിഷവും രസകരമായിരുന്നു. എപ്പോഴും ഊര്‍ജസ്വലയായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളായതുകൊണ്ട് ഉച്ചയുറക്കം എനിക്ക് തീരെ ഇഷ്ടമല്ല. എല്ലാവരെയും വിളിച്ചുണര്‍ത്തി വട്ടമിരുന്ന് ചീട്ട് കളിക്കുന്നതായിരുന്നു പ്രധാന ഹോബി. ജയിക്കുന്നതെപ്പോഴും അച്ഛനും അച്ഛമ്മയുമായിരുന്നു. പെയര്‍ ആയി കളിക്കുന്ന 28 എന്ന ഗെയിമില്‍അച്ഛനായിരുന്നു എന്റെ കൂട്ട്. ഓരോ മൂവിനും ക്ലൂ നല്‍കാന്‍ അച്ഛന്‍ ചില പാട്ടുകള്‍പാടും. പക്ഷെ, എനിക്ക് കാര്യം പിടികിട്ടില്ല. ഞാന്‍ കാരണം തോല്‍വിയുടെ വക്കില്‍ നില്‍ക്കുമ്പോഴും ഒരു ജാലവിദ്യക്കാരനെപ്പോലെ വിജയം കൈപ്പിടിയില്‍ ഒതുക്കിക്കൊണ്ടൊരു വിളിയാണ് : 'എന്റെ പൊട്ടത്തിക്കുട്ടീ, നിന്റൊരു കാര്യം' എന്ന് പറഞ്ഞ് ചെവിക്കു പിടിക്കും. ലോകത്ത് ഞാന്‍ ഏറ്റവും ആസ്വദിച്ചിരുന്നത് അച്ഛന്റെ ആ വിളിയാണ്.

ഇരുപത്തിമൂന്നാം വയസ്സില്‍, വയനാട്ടിലെ പഴശ്ശിരാജ മെമ്മോറിയലില്‍വച്ച് രണ്ടായിരത്തില്പരം വ്യക്തികളുള്ള സദസ്സില്‍വെച്ച് ചീഫ് ഗസ്റ്റായി ക്ഷണം സ്വീകരിച്ച് അച്ഛനൊപ്പം പങ്കെടുത്തത് മറക്കാനാവില്ല. കര്‍ണാടക മന്ത്രിമാരടക്കമുള്ള വേദിയില്‍ ഹൃദയം തുറന്നാണ് ഞാന്‍ സംസാരിച്ചത്. എന്റെ വാക്കുകള്‍ കേട്ട മന്ത്രി, ഇതുപോലൊരു മകള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കള്‍ വേദിയിലേക്ക് കടന്നുവരാന്‍ മൈക്കിലൂടെ പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മകളെയോര്‍ത്ത് അഭിമാനത്തോടെ സ്ഫുരിക്കുന്ന കണ്ണുകളുമായി അച്ഛന്‍ ഓടിവന്നെന്നെ വാരിപ്പുണര്‍ന്നു. ' മക്കളിലൂടെ അഭിമാനിക്കാന്‍ കഴിയുന്നതില്പരം വേറൊരു പുണ്യമില്ല. നീ എനിക്കത് തന്നു' എന്നാണ് അച്ഛനന്ന് പറഞ്ഞത്.

തമാശ പറയുകയും ജോളി അടിക്കുകയും ചെയ്യുന്ന ഒരു വശം മാത്രമായിരുന്നില്ല അച്ഛന്‍. ഷൂട്ടിങ്ങിനു കൂടെ വന്നിരുന്നപ്പോഴൊക്കെയും സുരക്ഷാകവചമായാണ് നിലകൊണ്ടത്. മുറിവിട്ടുപോകുമ്പോള്‍ ' അകത്തുനിന്ന് പൂട്ടിക്കൊ , പ്രത്യേക രീതിയില്‍ ഞാന്‍ മുട്ടും. അപ്പോള്‍ മാത്രമേ തുറക്കാവൂ.' എന്നുപറഞ്ഞ് കോഡ് ഒക്കെ സെറ്റ് ചെയ്തുവെക്കുന്ന ടിപ്പിക്കല്‍ മലയാളി അച്ഛന്‍ തന്നെയായിരുന്നു അദ്ദേഹം.

തമിഴില്‍ നിന്ന് വിക്രമന്‍ സര്‍ 'പൂവേ ഉനക്കാഗെ' എന്ന ചിത്രത്തിലെ നായികാവേഷത്തിനായി എന്നെ സമീപിച്ചപ്പോള്‍ 'അഞ്ചു അരവിന്ദ് എന്നുള്ള പെരുമാറ്റണമെന്ന് പറഞ്ഞു. അരവിന്ദും (അച്ഛന്‍) കാഞ്ചനയും ('അമ്മ) ചേര്‍ത്താണ് എന്റെ പേരിട്ടത്. എന്റെ ഐഡന്റിറ്റി മാറ്റിക്കൊണ്ടൊരു സിനിമ വേണ്ടെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. ഒടുവില്‍ അവരതിന് സമ്മതിച്ചു. നടന്‍ വിജയ് യുടെ ആദ്യ ബ്ലോക്ക്ബസ്റ്ററായ ആ സിനിമകണ്ട് രജനിസര്‍ എന്നെ ദീപാവലിക്ക് വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ അനിയത്തിയുടെ വേഷം ചെയ്യണമെന്ന് പറയാന്‍ കൂടിയാണ് വിളിപ്പിച്ചത്. ഹിറ്റ് ചിത്രത്തിന്റെ നായികയായി മാത്രം അഭിനയിക്കുന്നതാണ് അവിടുത്തെ രീതി. രജനികാന്ത് എന്ന താരത്തോടുള്ള ആരാധനയ്ക്കപ്പുറം കൈവന്ന ഭാഗ്യം മനസ്സിലാക്കാനുള്ള പാകതയൊന്നും അന്നില്ല. രജനിസാറിന്റെ അനുഗ്രഹത്തേക്കാള്‍ വലുതായൊന്നുമില്ലെന്ന് പറഞ്ഞ് വീട്ടില്‍ കൂട്ടിക്കൊണ്ടുപോയത് അച്ഛനാണ്.

അച്ഛന്‍ എന്നെ സ്നേഹിക്കുമ്പോലെ മറ്റൊരാളെ സ്‌നേഹിക്കില്ലെന്ന വിശ്വാസം മാറിയത് എന്റെ മകള്‍ എന്‍വി പിറന്നശേഷമാണ്. എല്ലാ കുറുമ്പുകള്‍ക്കും കൂട്ടുനില്‍ക്കുന്ന മുത്തശ്ശനോട് മോള്‍ക്കുമുണ്ട് അതെ അടുപ്പം. അച്ഛന്റെ അന്നനാളത്തിലെ വളര്‍ച്ച സ്ഥിരീകരിക്കപ്പെട്ടതോടെ വീട്ടിലെ സന്തോഷം നിലച്ചു. ആശുപത്രിയില്‍ പോയും വന്നും കഴിയുമ്പോള്‍ ജീവിതത്തിനു മറ്റൊരു മുഖമാണ്. പോരാത്തതിന് ഭക്ഷണകാര്യത്തില്‍ നൂറുകൂട്ടം നിഷ്‌കര്‍ശകളും. ദിവസേന കഴിക്കാവുന്ന ഉപ്പിനു പോലും ഇത്ര അളവുണ്ട്. രോഗം കൂടിയ സ്റ്റേജില്‍ വീട്ടില്‍ വരുമ്പോള്‍ അടുക്കളയില്‍ ഞാന്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ മണംപിടിച്ച് കൊത്തിപ്പറയുന്ന അച്ഛനെ കാണുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്. ' ഒരു ജീവിതമല്ലേ ഉള്ളു മോളെ, ആഗ്രഹിക്കുന്നത് കഴിക്കാന്‍ കൂടി കഴിയില്ലെങ്കില്‍ പിന്നെ എന്തിനു കൊള്ളാം' എന്ന് അച്ഛന്‍ രഹസ്യമായി ചോദിച്ചു. ആരും കാണാതെ ഒളിച്ചും പാത്തും ഇഷ്ടവിഭവങ്ങള്‍ അവസാന സമയങ്ങളില്‍ കൊടുക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ നന്നായെന്ന് തോന്നുന്നു. ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിയുമ്പോള്‍ കൊതിയുള്ളത് കഴിക്കാന്‍ കൂടി കഴിയാത്ത അവസ്ഥ മനസിനെ തന്നെ മടിപ്പിക്കും.

അച്ഛന്‍ കൂടെയുണ്ടെന്ന വിശ്വാസം പകരുന്ന ധൈര്യം മറ്റൊന്നിനും നല്‍കാനാവില്ല. അരവിന്ദ് എന്ന പേര് ഒപ്പം ചേര്‍ക്കുമ്പോള്‍ പോലും വല്ലാത്ത സുഖം അനുഭവിക്കുന്നതുകൊണ്ടാണ് വിവാഹശേഷവും അത് മാറ്റാതിരുന്നത്. എനിക്ക് അച്ഛന്‍ എന്തായിരുന്നെന്ന് നന്നായി അറിയാവുന്ന ഭര്‍ത്താവ് വിനയ് അതില്‍ സന്തോഷമേ പ്രകടിപ്പിച്ചിട്ടുള്ളു. ബാംഗ്ലൂര്‍ ജോലി സ്ഥലത്തു പോയ ശേഷം അച്ഛന്‍ വരാന്‍ കാത്തിരുന്ന ആ പഴയ കുട്ടിയുടെ മനസ്സോടെ ഇപ്പോഴും ഞാന്‍ കാതോര്‍ക്കാറുണ്ട്. എന്റെ പൊട്ടത്തിക്കുട്ടി എന്ന വിളി കേള്‍ക്കാറുമുണ്ട്.

കടപ്പാട്: മംഗളം
ഓര്‍മ്മപുസ്തകത്തിലെ സ്‌നേഹത്തിന്റെ അദ്ധ്യായം (അഞ്ചു അരവിന്ദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക